ക്ഷേമപെന്‍ഷന്‍ കിട്ടിയവരില്‍ പരേതരും സര്‍ക്കാര്‍ ജീവനക്കാരും: ഖജനാവിന് നഷ്ടം കോടികള്‍
സര്‍ക്കാരിന്റെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കിട്ടിയവരില്‍ സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും! പരേതര്‍ക്കും കിട്ടി പെന്‍ഷന്‍. മാത്രമല്ല, അപേക്ഷിക്കാത്തവര്‍ക്കും പെന്‍ഷന്‍ കൊടുത്തു. ഇതുവഴി സര്‍ക്കാരിന് ഖജനാവില്‍ നിന്ന് നഷ്ടമായതാകട്ടെ 39.27കോടി രൂപയും. കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി.എ.ജി) പുറത്തുവിട്ട റിപ്പോര്‍ട്ടാണ് ഈ ഗുരുതര ക്രമക്കേടുകള്‍ വ്യക്തമാക്കുന്നത്.
2017-18 മുതല്‍ 2020-21 വരെയുള്ള കാലയളവില്‍ 9,201 സര്‍വീസ് പെന്‍ഷന്‍കാരും സര്‍ക്കാര്‍ ജീവനക്കാരും ക്ഷേമ പെന്‍ഷന്‍ വാങ്ങിയ ഇനത്തില്‍ സര്‍ക്കാരിന്റെ നഷ്ടം 39.27 കോടി രൂപയാണ്. 2000 മുതല്‍ ഇത്തരത്തില്‍ പെന്‍ഷന്‍ വാങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരുമുണ്ടെന്ന് സി.എ.ജി കണ്ടെത്തിയിട്ടുണ്ട്. ഇതു കൂടി കണക്കിലെടുത്താല്‍ സര്‍ക്കാരിന്റെ നഷ്ടം ഇനിയും ഉയരും. ഈ തുക തിരിച്ചു പിടിച്ചിട്ടില്ലെന്നു മാത്രമല്ല ഇതുവരെ ഏതെങ്കിലും തരത്തിലുള്ള നടപടികളെടുത്തിട്ടുമില്ല.
ഡി.ബി.റ്റി സെല്‍ പ്രവര്‍ത്തനം
സംസ്ഥാന ഡി.ബി.റ്റി (പെന്‍ഷന്‍ ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍) സെല്ലിന്റെ പ്രവര്‍ത്തനം സര്‍ക്കാര്‍ വിഭാവനം ചെയ്തതുപോലെയല്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. പ്രാഥമിക അപേക്ഷകള്‍ സിസ്റ്റത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. വേരിഫിക്കേഷനിലും റിപ്പോര്‍ട്ടിലും വ്യക്തതകുറവുണ്ടെന്നും സി.എ.ജി ചൂണ്ടിക്കാട്ടുന്നു.
ക്ഷേമപെന്‍ഷന്‍ കമ്പനി വഴി വിതരണം ചെയ്ത പെന്‍ഷനുകള്‍ക്ക് കൃത്യമായ കണക്കോ രേഖകളോ ഇല്ലെന്ന ഗുരുതര കണ്ടെത്തലും സി.എ.ജി നടത്തിയിട്ടുണ്ട്. 2018 മുതല്‍ 2021 വരെ ആകെ ലഭിച്ചതും വിതരണം ചെയ്ത തുകയും തമ്മില്‍ 4,478 കോടിയുടെ വ്യത്യാസമുണ്ട്.
2018-19, 2019-20 വര്‍ഷങ്ങളില്‍ പെന്‍ഷന്‍ ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ സെല്ലിന്റെയും പെന്‍ഷന്‍ കമ്പനിയുടേയും ഇടപാടു കണക്കുകള്‍ പൊരുത്തപ്പെടുന്നില്ല. 11,088.09 കോടി രൂപ പെന്‍ഷന്‍ കമ്പനി പഞ്ചായത്ത് ഡയറക്ടറേറ്റിന് നല്‍കിയതായാണ് ഡി.ബി.ടി സെല്‍ സി.എ.ജിക്ക് നല്‍കിയ കണക്ക്. എന്നാല്‍ 9,699.48 കോടി നല്‍കിയതായിട്ടാണ് കമ്പനി നല്‍കിയ കണക്കിലുള്ളത്.