

സംസ്ഥാനത്ത് തുടരുന്ന പാചകവാതക പ്രതിസന്ധി കാറ്ററിംഗ് മേഖലയെ വന്‍ പ്രതിസന്ധിയിലാക്കുന്നു. ഗ്യാസ് ലഭ്യതയിലെ കുറവും വിലക്കയറ്റവും മൂലം വരും ദിവസങ്ങളില്‍ നടക്കാനിരിക്കുന്ന വിവാഹങ്ങള്‍ ഉള്‍പ്പെടെയുള്ള ചടങ്ങുകളുടെ സുഗമമായ നടത്തിപ്പിനെക്കുറിച്ച് ആശങ്ക പടരുകയാണ്.
ചെറുകിട കാറ്ററിംഗ് യൂണിറ്റുകളെ ഏല്‍പ്പിച്ച ചടങ്ങുകള്‍ അവസാന നിമിഷം റദ്ദാക്കപ്പെടുമോ എന്ന ഭയത്തിലാണ് പല കുടുംബങ്ങളും. ആവശ്യത്തിന് സിലിണ്ടറുകള്‍ സ്റ്റോക്കില്ലാത്ത ചെറുകിടക്കാര്‍ക്ക് ഗ്യാസ് ഏജന്‍സികളില്‍ നിന്ന് മുന്‍ഗണന ലഭിക്കാത്തതാണ് ഇതിന് കാരണം. ചടങ്ങിന്റെ തലേദിവസം ഗ്യാസ് ഇല്ലെന്ന് പറഞ്ഞ് കാറ്ററര്‍മാര്‍ പിന്‍വാങ്ങിയാല്‍ അത് വിവാഹപ്പാര്‍ട്ടികളെ വലിയ പ്രതിസന്ധിയിലാക്കും. ഈ ഒരു സാഹചര്യം ഒഴിവാക്കാന്‍ പലരും ഇപ്പോള്‍ കൂടുതല്‍ സിലിണ്ടറുകള്‍ കൈവശമുള്ള വന്‍കിട കാറ്ററിംഗ് ഗ്രൂപ്പുകളെ തേടിപ്പോകുകയാണ്. ഇത്തരത്തില്‍ നിരവധി ഓര്‍ഡറുകള്‍ അവസാന നിമിഷത്തില്‍ എത്തുന്നുണ്ടെന്ന് നിള കാറ്ററിംഗ് മാനേജിംഗ് ഡയറക്ടര്‍ ഷബാബ് ധനം ഓണ്‍ ലൈനിനോട് പറഞ്ഞു.
നിലവില്‍ നിളയെ പോലുള്ള വലിയ കാറ്ററിംഗ് സ്ഥാപനങ്ങള്‍ പ്രതിസന്ധി നേരിടുന്നില്ല. പരമാവധി ബുക്കിംഗുകളെടുക്കുന്നുമുണ്ട്. എന്നാല്‍ ചെലവ് കുത്തനെ കൂടിയത് ലാഭത്തെ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാറ്ററിംഗ് നിരക്കുകള്‍ നേരത്തെ നിശ്ചയിച്ചതിനാല്‍ ഗ്യാസ് വിലയിലുണ്ടായ വര്‍ധന കാറ്ററര്‍മാര്‍ക്ക് വന്‍ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്. രണ്ട് മാസം മുമ്പ് ബുക്ക് ചെയ്ത ഓര്‍ഡറുകളില്‍ ഇപ്പോള്‍ വര്‍ദ്ധിപ്പിച്ച തുക ഈടാക്കാന്‍ കഴിയില്ല. ഗ്യാസ് വില ഇരട്ടിയായതോടെ പല ഓര്‍ഡറുകളും ഇപ്പോള്‍ നഷ്ടത്തിലാണ് ചെയ്യുന്നത്.
ദോശ, ചൈനീസ് വിഭവങ്ങള്‍ തുടങ്ങിയവ തയ്യാറാക്കുന്ന 'ലൈവ്' കൗണ്ടറുകള്‍ക്ക് വലിയ അളവില്‍ ഗ്യാസ് ആവശ്യമായി വരുന്നത് ചെലവ് വീണ്ടും വര്‍ധിപ്പിക്കുന്നു.
1000 ആളുടെ കാറ്ററിങ്ങിന് 20 മുതല്‍ 22 സിലിണ്ടര്‍ വേണ്ടി വരും മിനിമം. അത് ഫുള്‍ ആയിട്ട് ഉപയോഗിക്കുകയല്ല, അങ്ങനെ നോക്കിയാല്‍ ഒരു ദിവസം 28 ഗ്യാസ് സിലിണ്ടറുകള്‍ വരെ ഉപയോഗിക്കേണ്ടി വരാറുണ്ട്. സിലിണ്ടറിന് പെട്ടെന്ന് 1000 രൂപയോളം വര്‍ധിച്ചത് പല കാറ്ററിംഗ് കമ്പനികളെയും വലയ്ക്കുന്നുണ്ട്.
അതേസമയം, ഉയര്‍ന്ന ഗ്യാസ് വില കണക്കിലെടുത്ത് പുതിയ ബുക്കിംഗ് എടുക്കുമ്പോള്‍ നേരിയ തോതില്‍ വില ഉയര്‍ത്തി നല്‍കാന്‍ കസ്റ്റമേഴ്‌സ് തയാറാകുന്നതുകൊണ്ട് പിടിച്ചു നില്‍ക്കാനാകുന്നുണ്ടെന്നും ചില കാറ്ററിംഗ് ഉടമകള്‍ പറയുന്നു.
പ്രതിദിനം ഗ്യാസ് സിലിണ്ടറുകള്‍ ആവശ്യമുള്ള ഹോട്ടലുകളെയും ഈ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. ഗ്യാസ് ഉപഭോഗം കൂടുതലുള്ള വിഭവങ്ങള്‍ പല ഹോട്ടലുകളും മെനുവില്‍ നിന്ന് താല്‍ക്കാലികമായി ഒഴിവാക്കിയിരിക്കുകയാണ്. ഗ്യാസ് ലഭ്യത കുറഞ്ഞതോടെ പലയിടങ്ങളിലും വിറകടുപ്പുകളിലേക്ക് മാറാന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും വലിയ ചടങ്ങുകള്‍ക്ക് ഇത് പ്രായോഗികമല്ല.
ഈ അനിശ്ചിതാവസ്ഥ എത്രകാലം തുടരുമെന്ന കാര്യത്തില്‍ വ്യക്തതയില്ലാത്തത് കാറ്ററിംഗ് ഉടമകളെയും ഉപഭോക്താക്കളെയും ഒരുപോലെ ആശങ്കയിലാക്കുന്നു. വരും മാസങ്ങളില്‍ വിവാഹ സീസണ്‍ സജീവമാകുന്നതോടെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്ന് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.
Rising LPG prices and cylinder shortages are creating operational and financial stress for Kerala’s catering industry ahead of the wedding season.
Read DhanamOnline in English
Subscribe to Dhanam Magazine