ചങ്ങനാശ്ശേരിയിൽ 50,000 ചതുരശ്ര അടിയിൽ ലുലു ഹൈപ്പർമാർക്കറ്റ് വരുന്നു; 550 പേർക്ക് പുതിയ തൊഴിലവസരങ്ങൾ, കോട്ടയത്ത് രണ്ടാമത്തേത്

കെ.ജി.എ ഗ്രൂപ്പുമായി ധാരണാപത്രം ഒപ്പുവച്ചു; മധ്യതിരുവിതാംകൂറിലെ ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദം
Lulu Changanassery LOI siggning ceremony
കോട്ടയം ചങ്ങനാശ്ശേരി കെജിഎ മാളിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് യാഥാർത്ഥ്യമാക്കുന്നതിനുള്ള താല്‍പര്യ പത്രത്തില്‍ ലുലു തിരുവനന്തപുരം തമിഴ്നാട് ഡയറക്ടർ ജോയ് ഷഡാനന്ദൻ, കെ.ജിഎ ​ഗ്രൂപ്പ് ഡയറക്ടർ ആൻഡ് സിഇഒ കെ.സി ഈപ്പൻ എന്നിവർ ചേർന്ന് ഒപ്പുവയ്ക്കുന്നു. ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി, കെജിഎ ​ഗ്രൂപ്പ് ചെയർമാൻ കെ.ജി എബ്രഹാം എന്നിവർ സമീപം.
Published on

റീറ്റെയ്ല്‍ രംഗത്തെ പ്രമുഖരായ ലുലു ഗ്രൂപ്പ് മധ്യകേരളത്തിലേക്ക് പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായി കോട്ടയം ജില്ലയിലെ രണ്ടാമത്തെ ലുലു ഹൈപ്പർമാർക്കറ്റ് ചങ്ങനാശ്ശേരിയിൽ ആരംഭിക്കും. നിർമ്മാണം പുരോഗമിക്കുന്ന കെ.ജി.എ മാളിൽ 50,000 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് പുതിയ ഹൈപ്പർമാർക്കറ്റ് ഒരുങ്ങുന്നത്.

ഇത് സംബന്ധിച്ച താല്‍പര്യ പത്രത്തില്‍ (Letter of Intent) ലുലു തിരുവനന്തപുരം, തമിഴ്നാട് ഡയറക്ടർ ജോയ് ഷഡാനന്ദനും കെ.ജി.എ ഗ്രൂപ്പ് ഡയറക്ടറും സി.ഇ.ഒയുമായ കെ.സി ഈപ്പനും ഒപ്പുവച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി, കെ.ജി.എ ഗ്രൂപ്പ് ചെയർമാൻ കെ.ജി എബ്രഹാം എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്.

മധ്യതിരുവിതാംകൂറിന് കൈത്താങ്ങാകും

ചങ്ങനാശ്ശേരിയിൽ പുതിയ ഹൈപ്പർമാർക്കറ്റ് യാഥാർത്ഥ്യമാകുന്നതോടെ കോട്ടയത്തിന് പുറമെ സമീപ ജില്ലകളായ പത്തനംതിട്ട, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലെ ഉപഭോക്താക്കൾക്കും മികച്ച ഷോപ്പിംഗ് അനുഭവം ലഭ്യമാകും. പദ്ധതിയിലൂടെ 550-ലധികം ആളുകൾക്ക് നേരിട്ടും അല്ലാതെയും പുതിയ തൊഴിലവസരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കോട്ടയം നാട്ടകത്തുള്ള ലുലു ഹൈപ്പർമാർക്കറ്റിന് ലഭിച്ച മികച്ച പ്രതികരണമാണ് ചങ്ങനാശ്ശേരിയിൽ പുതിയ സംരംഭം തുടങ്ങാൻ പ്രചോദനമായതെന്ന് ലുലു തിരുവനന്തപുരം, തമിഴ്നാട് ഡയറക്ടർ ജോയ് ഷഡാനന്ദൻ വ്യക്തമാക്കി. പ്രാദേശിക വികസനത്തിനും തൊഴിൽ ലഭ്യതയ്ക്കും പദ്ധതി നിർണ്ണായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലുലു ഗ്രൂപ്പുമായി സഹകരിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും മധ്യകേരളത്തിന്റെ സാമ്പത്തിക, വാണിജ്യ മേഖലയ്ക്ക് ഇത് വലിയ കരുത്താകുമെന്നും കെ.ജി.എ ഗ്രൂപ്പ് ഡയറക്ടർ ആൻഡ് സി.ഇ.ഒ കെ.സി ഈപ്പൻ പറഞ്ഞു.

കെ.ജി.എ മാളിൽ അന്താരാഷ്ട്ര ബ്രാൻഡുകളും

കുവൈത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന കെ.ജി.എ ഗ്രൂപ്പിന്റെ ചങ്ങനാശ്ശേരിയിലെ കെ.ജി.എ മാളിൽ ലുലു ഹൈപ്പർമാർക്കറ്റിന് പുറമെ പ്രമുഖ അന്താരാഷ്ട്ര റീറ്റെയ്ല്‍ ബ്രാൻഡുകളുടെ ഷോറൂമുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ, ലക്ഷ്വറി ഹോട്ടൽ, ബാങ്ക്വറ്റ് ഹാൾ, വിനോദകേന്ദ്രങ്ങൾ എന്നിവയും വിപുലമായ പാർക്കിംഗ് സൗകര്യവും ഉണ്ടാകും.

കൊച്ചി ക്രൗൺ പ്ലാസ, തിരുവല്ലയിലെ കെ.ജി.എ എലൈറ്റ് കോണ്ടിനെന്റൽ ഹോട്ടൽസ് തുടങ്ങിയ വൻകിട പ്രൊജക്റ്റുകൾക്ക് ശേഷം സംസ്ഥാനത്ത് കെ.ജി.എ മാൾ അടക്കം പത്ത് പുതിയ പദ്ധതികൾ നടപ്പാക്കാനൊരുങ്ങുകയാണ് കെ.ജി.എ ഗ്രൂപ്പ്.

ചടങ്ങിൽ ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ അഷറഫ് അലി, ലുലു ഇന്ത്യ ഡയറക്ടർ ആൻഡ് സി.ഇ.ഒ എം.എ നിഷാദ്, ലുലു ഇന്ത്യ ഡയറക്ടർ ആൻഡ് സി.ഒ.ഒ ഫഹാസ് അഷറഫ്, എൻ.ബി.ടി.സി ആൻഡ് കെ.ജി.എ ഗ്രൂപ്പ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ബെൻസൻ വർഗീസ് എബ്രഹാം, കെ.ജി.എ ഗ്രൂപ്പ് ഫിനാൻസ് ആൻഡ് ബിസിനസ് സപ്പോർട്ട് ഡയറക്ടർ വിനോദ് കുമാർ പുളിക്കൽ, ക്രൗൺ പ്ലാസ കൊച്ചി ജനറൽ മാനേജർ ദിനേഷ് റായ് തുടങ്ങിയ പ്രമുഖരും പങ്കെടുത്തു.

LuLu Group signs MoU with KGA Group for a 50,000 sq ft hypermarket in Changanassery KGA Mall, bringing 550+ employment opportunities.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com