Begin typing your search above and press return to search.
നഷ്ടം ₹ 130 കോടി, സ്വപ്ന സാഫല്യത്തിന് യൂസഫലി കൊടുത്ത വില; മാളുകൾ കേരളമാകെ ഉയരുമ്പോഴും ലാഭം അകലെ
പ്രമുഖ പ്രവാസി വ്യവസായി എം.എ യൂസഫലിയുടെ നേതൃത്തിലുള്ള ലുലു ഗ്രൂപ്പിന്റെ പുതിയ മാള്‍ കോട്ടയം മണിപ്പുഴയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കേരളത്തിലെ ലുലുവിന്റെ അഞ്ചാമത്തെ മാളാണിത്. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു ഫാഷന്‍, ലുലു കണക്റ്റ് എന്നിവയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള മിനിമാളാണിത്. കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലെ മിനി മാളുകള്‍ക്ക് സമാനമാണിത്. കൊച്ചി, തിരുവനന്തപുരം എന്നിവയാണ് കേരളത്തില്‍ ലുലുവിന്റെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍.
2004ലാണ് എം.എ യൂസഫലിയും സഹോദരന്‍ എം.എ അഷറഫ് അലിയും ചേര്‍ന്ന് ലുലു ഇന്റര്‍നാഷണല്‍ ഷോപ്പിംഗ് മാള്‍സ് പ്രൈവറ്റ് ലിമിറ്റഡിന് രൂപം കൊടുക്കുന്നത്. ഷോപ്പിംഗ് മാളുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, അമ്യൂസ്‌മെന്റ് സെന്ററുകള്‍, ഹോട്ടലുകള്‍ മറ്റ് സമാനമായ പദ്ധതികള്‍ എന്നിവയാണ് കമ്പനിക്ക് കീഴില്‍ വരുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ തുടങ്ങി വച്ച ഷോപ്പിംഗ് മാള്‍ സംസ്‌കാരത്തിന്റെ പിന്തുടര്‍ച്ചയായിരുന്നു പിന്നെ കേരളത്തില്‍ കണ്ടത്.
ലാഭം ഇനിയും അകലെ
രാജ്യത്ത് പ്രവര്‍ത്തനം ആരംഭിച്ചിട്ട് 11 വര്‍ഷം കഴിഞ്ഞെങ്കിലും ലുലു ഇന്റര്‍നാഷണല്‍ ഷോപ്പിംഗ് മാള്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഇപ്പോഴും ലാഭത്തിലേക്കെത്തിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ക്രെഡിറ്റ് റേറ്റിംഗ് സ്ഥാപനമായ ഐ.സി.ആര്‍.എയുടെ റിപ്പോര്‍ട്ട് പ്രകാരം 2024 സാമ്പത്തിക വര്‍ഷത്തില്‍ (പ്രൊവിഷണല്‍) 130.2 കോടി രൂപയാണ് കമ്പനിയുടെ നഷ്ടം. 2023 സാമ്പത്തിക വര്‍ഷത്തെ 205.8 കോടി രൂപയുമായി നോക്കുമ്പോള്‍ നഷ്ടം കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. 2024 സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം 4,384.8 കോടി രൂപയായിട്ടുണ്ട്. മുന്‍ സാമ്പത്തിക വര്‍ഷമിത് 3,243.4 കോടി രൂപയായിരുന്നു.
നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ (2024-2025) വരുമാനം 30-35 ശതമാനം വര്‍ധിക്കുമെന്നാണ് ഐ.സി.ആര്‍.എ കണക്കാക്കുന്നത്. ഈ വര്‍ഷം 500-550 കോടി രൂപയും 2025-26ല്‍ 600-650 കോടി രൂപയും ചെലവഴിച്ച് പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകളും മാളുകളും നിര്‍മിക്കാന്‍ കമ്പനി ഉദ്ദേശിക്കുന്നുണ്ട്. വായ്പകളെയായിരിക്കും ഇതിന് പ്രധാനമായും ആശ്രയിക്കുക.
രാജ്യത്തെ 11 വര്‍ഷങ്ങള്‍
2013 മാര്‍ച്ചിലാണ് 1600 കോടി രൂപചെലവില്‍ 25 ലക്ഷം ചതുരശ്ര അടിയില്‍ കേരളത്തിലെ ആദ്യ ലുലുമാള്‍ കൊച്ചിയില്‍ തുടങ്ങിയത്. ലുലുവിന്റെ രാജ്യത്തെ ആദ്യത്തെ മാളുമാണിത്. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്റ്റ്, ലുലു സെലിബ്രേറ്റ്, ലുലുവിന്റെ അമ്യൂസ്‌മെന്റ് പാര്‍ക്കായ ഫണ്‍ട്യൂറ തുടങ്ങിയ ലുലുവിന്റെ സ്റ്റോറുകള്‍ തന്നെയാണ് മാളിന്റെ മുഖ്യ പങ്കും വഹിക്കുന്നത്. ദേശീയ അന്തര്‍ദേശീയ ബ്രാന്‍ഡുകളുടെ സ്റ്റോറുകളും ഇവിടെ പ്രവര്‍ത്തിക്കുന്നു. ഇതു കൂടാതെ മാരിയറ്റ് ഹോട്ടല്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി ചേര്‍ന്ന് പഞ്ചനക്ഷത്ര ഹോട്ടലായ കൊച്ചി മാരിയറ്റ് ഹോട്ടലും ഇവിടെ പ്രവര്‍ത്തിക്കുന്നു.
തിരുവനന്തപുരം മുതല്‍ ഹൈദരാബാദ് വരെ
കൊച്ചി മാള്‍ വലിയ വിജയമായതിനെ തുടര്‍ന്നാണ് തിരുവനന്തപുരത്ത് ബിഗ് ഫോര്‍മാറ്റ് മാളുമായി എത്തുന്നത്. 2021 ഡിസംബറില്‍ 2,000 കോടി രൂപ ചെലവില്‍ 20 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ആക്കുളത്ത് എന്‍.എച്ച് ബൈപാസിന് സീപം ലുലുമാള്‍ നിര്‍മിച്ചത്. രണ്ടു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റും 12 മള്‍ട്ടിപ്ലക്‌സ് സ്‌ക്രീനുകളും 80,000 ചതുരശ്ര അടിയില്‍ കുട്ടികള്‍ക്കുള്ള എന്റര്‍ടെയ്ന്‍മെന്റ് സെന്ററും 2,500 പേര്‍ക്കിരിക്കാവുന്ന ഫുഡ് കോര്‍ട്ടുമാണ് ഇവിടുത്തെ ആകര്‍ഷണം. എട്ടു നിലകളിലായി നിര്‍മിച്ചിരിക്കുന്ന മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് കേന്ദ്രത്തില്‍ 3,500 ലേറെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം.
2021 ഒക്ടോബറില്‍ ബംഗളൂരിലാണ് കേരളത്തിന് പുറത്ത് ആദ്യത്തെ മാള്‍ തുറക്കുന്നത്. പിന്നീട് 2023 സെപ്റ്റംബറില്‍ ഹൈദരബാദിലെ മഞ്ചീര മാളിനെ ലീസിനെടുത്ത് പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ഇന്ത്യയില്‍ ആകെ 12 സൂപ്പര്‍/ഹൈപ്പര്‍ മാര്‍ക്കറ്റുകളുണ്ട്. കേരളത്തില്‍ കോട്ടയത്തേത് ഉള്‍പ്പെടെ ഏഴെണ്ണവും പ്രവര്‍ത്തിക്കുന്നു. ലക്‌നൗ മാള്‍ മറ്റൊരു ഗ്രൂപ്പ് കമ്പനിക്ക് കീഴിലാണ് വരുന്നത്
വരുന്നൂ, ലുലു ഡെയ്ലി
കൊല്ലം ജില്ലയിലെ കൊട്ടിയത്തും തൃശൂരിലും ലുലു ഡെയ്ലി സൂപ്പര്‍ മാര്‍ക്കറ്റ് ഈ മാസം തന്നെ തുറക്കും. തിരൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് നിര്‍മ്മാണവും പുരോഗമിക്കുകയാണ്.
Next Story
Videos