

പ്രമുഖ വ്യവസായി എം.എ യൂസഫലി നയിക്കുന്ന അബുദാബി ആസ്ഥാനമായ ലുലു റീറ്റെയ്ല്‍ (LuLu Retail) നടപ്പു വര്‍ഷത്തെ മൂന്നാം പാദത്തില്‍ 3.6 കോടി ഡോളറിന്റെ (ഏകദേശം 319 കോടി രൂപ) ലാഭം രേഖപ്പെടുത്തി. മുന്‍ വര്‍ഷം സമാനപാദത്തേക്കാള്‍ 2.4 ശതമാനമാണ് വര്‍ധന. ഇക്കാലയളവില്‍ വരുമാനം രണ്ട് ശതമാനം ഉയര്‍ന്ന് 189 കോടി ഡോളറിലെത്തി (ഏകദേശം 16,778 കോടി രൂപ).
മൂന്ന് സാമ്പത്തിക പാദങ്ങളിലുമായി 7.5 ശതമാനം ലാഭവര്‍ധനയോടെ 1,447 കോടി രൂപയുടെ (163 മില്യണ്‍ ഡോളര്‍) ലാഭം നേടി. ഇക്കഴിഞ്ഞ 9 മാസത്തിനിടെ 53,220 കോടി രൂപയുടെ ( 6 ബില്യണ്‍ ഡോളര്‍) വരുമാനമാണ് നേടിയത്. എബിറ്റ്ഡ (EBITDA) മാര്‍ജിന്‍ 5,301 കോടി രൂപയായി (598 മില്യണ്‍ ഡോളര്‍) ഉയര്‍ന്നു. നിക്ഷേപകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ലുലു റീട്ടെയ്‌ലിന്റെ ഈ നേട്ടമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി പറഞ്ഞു.
ലോഗ്‌ടേം വളര്‍ച്ചാ സ്ട്രാറ്റജിയുടെ പ്രതിഫലനമാണ് ലുലുവിന്റെ മികച്ച പ്രകടനം. അതിവേഗം വളരുന്ന പ്ലാറ്റ്‌ഫോമുകളായി ലുലുവിന്റെ ഇ കൊമേഴ്‌സ് ഓണ്‍ലൈന്‍ വിപണി മാറികഴിഞ്ഞു. മികച്ച റീട്ടെയ്ല്‍ വികസന നയമാണ് ലുലുവിന്റേത്. ഉപഭോക്താക്കളുടെ ആവശ്യക്ത വിലയിരുത്തി നഗരാതിര്‍ത്തികളിലേക്കും സേവനം വര്‍ധിപ്പിക്കുകയാണ് ലുലു. ജിസിസിയില്‍ അടക്കം വിപുലമായ വികസന പദ്ധതികളാണ് ലുലു നടപ്പാക്കുന്നതെന്നും എം.എ യൂസഫലി പറഞ്ഞു.
റീറ്റെയ്ല്‍ സേവനം കൂടുതല്‍ വിപുലമാക്കുന്നതിന്റെ ഭാഗമായി മൂന്ന് വര്‍ഷത്തിനകം 50 പുതിയ സ്റ്റോറുകള്‍ കൂടി ജിസിസിയില്‍ ലുലു തുറക്കും. മൂന്നാം പാദത്തില്‍ മാത്രം ആറ് പുതിയ സ്റ്റോറുകളാണ് ലുലു തുറന്നത്. ഇതിന് പുറമേ ലോട്ട് അടക്കം വാല്യൂ കണ്‍സെപ്റ്റ് സ്റ്റോറുകളും ജിസിസിയില്‍ കൂടുതല്‍ വിപുലമാക്കാനുള്ള നീക്കത്തിലാണ് ലുലു.
മൂന്നാം പാദത്തില്‍ 33.6 ശതമാനം അധികവളര്‍ച്ച ലുലു ഇ കൊമേഴ്‌സിനുണ്ട്. പ്രൈവറ്റ് ലേബല്‍ പ്രൊഡക്ട്‌സിനും 6.2 ശതമാനത്തിന്റെ മികച്ച വളര്‍ച്ചാനിരക്കാണ് ഉള്ളത്. മൂന്നാം പാദത്തില്‍ മാത്രം നാലായിരം കോടി രൂപയുടെ (449 മില്യണ്‍ ഡോളര്‍) മൊത്ത വരുമാന വര്‍ധന ലഭിച്ചു. ഫ്രഷ് ഫുഡ്, ഇലക്ട്രിക്കല്‍ ഉത്പന്നങ്ങള്‍ക്കാണ് ഏറ്റവും മികച്ച വില്‍പ്പന വളര്‍ച്ച രേഖപ്പെടുത്തിയത്. ഫാസറ്റ് ട്രാക്ക് ഡെലിവറി ഉള്‍പ്പടെ അപ്‌ഡേറ്റഡ് സെഗ്മെന്റുകളാണ് ഓണ്‍ലൈന്‍ രംഗത്ത് ലുലു നടപ്പാക്കുന്നത്.
മൂന്നാം പാദത്തില്‍ മാത്രം കസ്റ്റമര്‍ കൗണ്ടില്‍ 5 ശതമാനത്തിന്റെ അധികവളര്‍ച്ചയാണ് ലുലു സ്റ്റോറുകളില്‍ ഉണ്ടായത്. മികച്ച ഉപഭോക്തൃ സേവന നയങ്ങളും വളര്‍ച്ചയ്ക്ക് കരുത്തേകി.
ജിസിസിയില്‍ 260ലേറെ സ്റ്റോറുകളാണ് ലുലുവിന് ഉള്ളത്. 130ലേറെ രാജ്യങ്ങളില്‍ നിന്നുള്ള 7 ലക്ഷത്തിലധം ഉപഭോക്താകള്‍ക്ക് സേവനം നല്‍കുന്നു. ലോകത്തെ വിവിധയിടങ്ങളിലായുള്ള 19 സംഭരണ കേന്ദ്രങ്ങള്‍ വഴി 85ലധികം രാജ്യങ്ങളില്‍ നിന്നുള്ള വിപുലമായ ഉത്പന്നങ്ങളാണ് ലുലു ലഭ്യമാക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine