
ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ സ്വപ്നപദ്ധതികളിലൊന്നായ ലുലു ഐടി ട്വിന്‍ ടവറുകള്‍ കാക്കനാട് സ്മാര്‍ട്ട് സിറ്റിയില്‍ ജൂണ്‍ 28ന് (ശനിയാഴ്ച) പ്രവര്‍ത്തനം ആരംഭിക്കുന്നു. ഐടി-ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച അടിസ്ഥാനസൗകര്യങ്ങളാണ് ലുലു ഐടി ട്വിന്‍ ടവറുകളില്‍ ഒരുക്കിയിട്ടുള്ളത്. 1,500 കോടിയിലേറെ രൂപയുടെ മുതല്‍മുടക്കിലാണ് ഐടി സമുച്ചയം യാഥാര്‍ത്ഥ്യമായിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ലുലു ഐടി ട്വിന്‍ ടവറുകളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമേറിയതും കേരളത്തിലെ ഏറ്റവും വലുതുമായ ഐടി ഓഫീസ് സമുച്ചയമാണ് ലുലു ഐടി ട്വിന്‍ ടവറുകള്‍. 12.74 ഏക്കറില്‍ 30 നിലകള്‍ വീതമുള്ള ലുലു ട്വിന്‍ ടവറുകളുടെ ഉയരം 152 മീറ്ററാണ്. 35 ലക്ഷം ചതുരശ്ര അടിയിലാണ് ട്വിന്‍ ടവറുകള്‍ നിര്‍മിച്ചിരിക്കുന്നത്. ഇതില്‍ 25 ലക്ഷം ചതുരശ്ര അടി ഐടി കമ്പനികള്‍ക്കായുള്ള ഓഫീസ് സ്‌പേസാണ്. 30,000ത്തിലേറെ ടെക് പ്രൊഫഷണലുകള്‍ക്ക് ജോലി ചെയ്യാനാകും. വിദ്യാസമ്പന്നരായ കുട്ടികള്‍ക്ക് നാട്ടില്‍ തന്നെ മികച്ച തൊഴിലവസരം ഉറപ്പാക്കുകയാണ് ലുലു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓട്ടോമേറ്റഡ് - റോബോട്ടിക് പാര്‍ക്കിങ് സൗകര്യം, ഓണ്‍സൈറ്റ് ഹെലിപ്പാഡ് തുടങ്ങി അത്യാധുനിക സൗകര്യങ്ങളാണ് ലുലു ഐടി ട്വിന്‍ ടവറുകളില്‍ ഒരുക്കിയിട്ടുള്ളത്. 3200 കാറുകള്‍ക്കുള്ള റോബോര്‍ട്ടിക് പാര്‍ക്കിങ്ങ്, 1300 കണ്‍വെന്‍ഷണല്‍ പാര്‍ക്കിങ്ങ് അടക്കം മൂന്ന് നിലകളിലായി 4500 കാറുകള്‍ക്ക് ഒരേസമയം പാര്‍ക്ക് ചെയ്യാനാകും.
ഗ്രീന്‍ ബില്‍ഡിങ്ങ് മികവിനുള്ള ലീഡ് പ്ലാറ്റിനം പ്രീ-സര്‍ട്ടിഫൈഡ് ബില്‍ഡിങ്ങ് അംഗീകാരത്തോടെയാണ് ട്വിന്‍ ടവറുകള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. നൂറ് ശതമാനം പവ്വര്‍ ബാക്ക് അപ്പ്, 67 ഹൈ സ്പീഡ് ലിഫ്റ്റുകള്‍, 12 എസ്‌കലേറ്ററുകള്‍, 2500 പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാന്‍ സൗകര്യമുള്ള ഫുഡ് കോര്‍ട്ട്, 600 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള അത്യാധുനിക കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. കൂടാതെ, ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് പോയിന്റുകള്‍, ഡേറ്റ സെന്റര്‍ സൗകര്യം, ബാങ്കിങ്ങ് സൗകര്യങ്ങള്‍ കണ്‍വീനിയന്‍സ് സ്റ്റോറുകള്‍, ജിംനേഷ്യം, ഔട്ട്‌ഡോര്‍ ഗാര്‍ഡന്‍, ക്രെഷ്, ഓപ്പണ്‍ സീറ്റിങ്ങ് സ്‌പേസ്, മഴവെള്ള സംഭരണി, മാലിന്യ സംസ്‌കരണ പ്ലാന്റ് തുടങ്ങിയവയുമുണ്ട്.
ടിയര്‍ 2 നഗരങ്ങളില്‍ കൊച്ചിയുടെ ഭാവി മുന്നില്‍ കണ്ടാണ് ലുലുവിന്റെ ബൃഹത്തായ ഐടി പദ്ധതി. നല്ല ടാലന്റ് പൂളുള്ള നഗരമാണ് കൊച്ചി, അടുത്ത മൂന്ന് വര്‍ഷത്തിനകം അരലക്ഷം ഐടി പ്രൊഫഷണലുകള്‍ക്ക് ലുലു ഐടി പാര്‍ക്ക്‌സിലൂടെ ജോലി നല്‍കുകയാണ് ലക്ഷ്യമെന്ന് ഡയറക്ടര്‍ ആന്‍ഡ് സിഇഒ അഭിലാഷ് വലിയവളപ്പില്‍ പറഞ്ഞു. നിലവില്‍ ഇന്‍ഫോപാര്‍ക്കിലെ ലുലുവിന്റെ രണ്ട് സൈബര്‍ ടവറുകളിലായി 13,800 പ്രൊഫഷണലുകളാണ് ജോലി ചെയ്യുന്നുണ്ട്. ഇതിന് പുറമേയാണ് ലുലു ഐടി ട്വിന്‍ ടവറുകളില്‍ ഒരുങ്ങുന്ന തൊഴിലവസരം.
മറ്റ് മെട്രോ നഗരങ്ങളെ അപേക്ഷിച്ച് കമ്പനികള്‍ക്ക് കൂടുതല്‍ ലാഭകരമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന നഗരം കൊച്ചിയാണ് എന്നതും ശ്രദ്ധേയമാണ്. മറ്റു മെട്രോ നഗരങ്ങളെ അപേക്ഷിച്ച് മൂന്നിലൊന്ന് വാടക ചെലവ് മാത്രമാണ് കൊച്ചിയിലുള്ളത്. കുറഞ്ഞ ജീവിതചെലവ്, മെട്രോ, വാട്ടര്‍മെട്രോ കണക്ടിവിറ്റി, മികച്ച ഭക്ഷണശാലകള്‍, പഞ്ചനക്ഷത്ര ഹോട്ടലുകള്‍ എന്നിവ കൊച്ചിയെ ശ്രദ്ധേയമാക്കുന്നു.
ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് ഉറപ്പാക്കിയിട്ടുള്ളതെന്നും കേരളത്തിന്റെ ഐടി വികസനത്തിന് കൂടുതല്‍ വേഗത പകരുകയാണ് ലുലു ട്വിന്‍ ടവറുകളെന്നും ലുലു ഐടി പാര്‍ക്ക്‌സ് ഡയറക്ടര്‍ ആന്‍ഡ് സി.ഒ.ഒ അബ്ദുള്‍ റഹ്‌മാന്‍ വ്യക്തമാക്കി.
ട്വിന്‍ ടവറുകള്‍ കൂടി പ്രവര്‍ത്തനം സജ്ജമായതോടെ കൊച്ചിയിലെ ഏറ്റവും വലിയ ഐടി അടിസ്ഥാനസൗകര്യ ദാതാക്കളാകും ലുലു ഗ്രൂപ്പ്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഐക്കോണിക് ഐടി ഇന്‍ഫ്രാസ്‌ക്ടച്ചര്‍ പ്രോജക്ടാണ് യാഥാർഥ്യമാവുന്നത്.
ലുലുഗ്രൂപ്പ് ഇന്ത്യ ഡയറക്ടര്‍ ആന്‍ഡ് സിഇഒ നിഷാദ് എം.എ, ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടര്‍ ഫഹാസ് അഷറഫ്, ലുലു ഇന്ത്യ സി.ഒ.ഒ രജിത്ത് രാധാകൃഷ്ണന്‍, ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എന്‍.ബി സ്വരാജ് , ലുലു ഐടി പാര്‍ക്ക്‌സ് സി.എഫ്.ഒ മൂര്‍ത്തി ബുഗാട്ട, തുടങ്ങിയവരും ചടങ്ങില്‍ ഭാഗമായി.
Read DhanamOnline in English
Subscribe to Dhanam Magazine