

കേരളത്തിന്റെ സാധ്യതകളും അവസരങ്ങളും നിക്ഷേപകർക്കു മുന്നിൽ അവതരിപ്പിക്കാനുള്ള മികച്ച അവസരമാണ് ഇൻവെസ്റ്റ് കേരള ഉച്ചകോടിയെന്ന് ലുലു ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ എം.എ യൂസഫലി. കേരളത്തെ നല്ല രീതിയിൽ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനായി കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒരുമിച്ചു നിൽക്കണമെന്നും അദ്ദേഹം ഇൻവെസ്റ്റ് കേരള ഉദ്ഘാടന സമ്മേളനത്തിൽ പറഞ്ഞു. നിക്ഷേപ സംഗമത്തിന്റെ ഭാഗമായ ലുലു ഗ്രൂപ്പിന്റെ പദ്ധതികൾ നാളെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
രാജ്യത്തെ ഏറ്റവും നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. ഇൻഡസ്ട്രിയൽ നയങ്ങളിൽ ഉണ്ടായിരുന്ന പല നിയന്ത്രണങ്ങളും നീക്കി. ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ്ങിൽ ഒന്നാമത്തെത്തി. സാമൂഹ്യ സൂചികകളിലും മുന്നിലാണ്. അനുകൂലമായ സ്ഥലം, മികച്ച അടിസ്ഥാന സൗകര്യം, കണക്ടിവിറ്റി, പുരോഗമനപരമായ നയങ്ങൾ, എന്നിവയ്‌ക്കൊപ്പം വൈദഗ്ധ്യമുള്ള യുവ തലമുറയും കേരളത്തിലേക്ക് നിക്ഷേപകരെ അന്വേഷിക്കുന്നു. ഇന്നവേറ്റീവ് ഇൻവെസ്റ്റ്മെന്റിന്റെ ഹബ് ആയി കേരളം മാറിയിട്ടുണ്ട്. സുസ്ഥിരമായ ഭാവിയും ദീർഘ കാല വളർച്ചയും ലക്ഷ്യമിടുന്നവർക്ക് മികച്ച സ്ഥലമാണ് കേരളം.
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നേതൃത്വത്തിൽ 5 ലക്ഷം കോടി ഡോളർ സമ്പദ് വ്യവസ്ഥയായി മാറാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. ഈ യാത്രയിൽ നിർണായകമായ റോളാണ് കേരളത്തിനുള്ളത്. ലുലു ഗ്രൂപ്പ് കേരളത്തിലെ മുഖ്യ നിക്ഷേപകരിൽ ഒന്നാണെന്നതിൽ അഭിമാനമുണ്ട്. ഷോപ്പിംഗ് മോളുകൾ, ഹൈപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, കൺവെൻഷൻ സെന്ററുകൾ, ലോജിസ്റ്റിക് പാർക്കുകൾ, കോൾഡ് സ്റ്റോറേജുകൾ, കയറ്റുമതി ലക്ഷ്യമിട്ടുള്ള ഫുഡ് പ്രോസസ്സിംഗ് യൂണിറ്റ് എന്നിവയെല്ലാം സംസ്ഥാനത്തു ലുലു ഗ്രൂപ്പ് സ്ഥാപിച്ചിട്ടുണ്ട്.
ഇതുകൂടാതെ15,000 ജീവനക്കാരെ ഉൾകൊള്ളുന്ന രണ്ട് ഐ. ടി ടവറുകൾ പ്രവർത്തിക്കുന്നു. 25,000 ഐ. ടി ജീവനക്കാരെ ഉൾക്കൊള്ളാനാകുന്ന ഇരട്ട ടവറുകൾ ഉദ്ഘാടനത്തിന് സജ്ജമായി. കളമശ്ശേരിയിൽ ഫുഡ് സ്റ്റോറേജ് പ്ലാന്റ്റും കോൾഡ് സ്റ്റോറേജും തുടങ്ങാനും പദ്ധതിയുണ്ട്. അധികം താമസിയാതെ തറക്കല്ലിടും. കേരളം നിക്ഷേപ സൗഹൃദമായ സംസ്ഥാനമായത് കൊണ്ട് മാത്രമാണ് ലുലു ഗ്രൂപ്പിന് ഇതൊക്കെ സാധ്യമായത്. എടുത്തു പറയത്തക്ക പരിവർത്തനങ്ങളിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്.
ഒരു നിക്ഷേപകൻ എന്ന നിലയിൽ കേരളത്തിന്റെ സാധ്യതകൾ വളരെ വലുതാണെന്നു നിസംശയം പറയാനാകും. പാരമ്പരാഗത വ്യവസായങ്ങൾ, മെഡിക്കൽ ഇൻഡസ്ട്രി, അഗ്രോ പ്രോസസ്സിംഗ്, ലോജിസ്റ്റിക്, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്, റോബോട്ടിക്സ്, ടൂറിസം എന്നിവയിലൊക്കെ കേരളത്തിൽ വലിയ സാധ്യതകളുണ്ട്. കേരളത്തിന്റെ വികസനത്തിന് പ്രതിപക്ഷം നൽകുന്ന പിന്തുണയ്ക്ക് വി.ഡി സതീശന് അദ്ദേഹം പ്രത്യേകം നന്ദിയും പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine