ഫോബ്‌സ് റിയല്‍ ടൈം പട്ടികയില്‍ ഏറ്റവും സമ്പന്നനായ മലയാളിയായി വീണ്ടും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം. എ യൂസഫലി ; ആസ്തി $7 ബില്യണ്‍, ദിവസങ്ങള്‍ക്കകമുള്ള ഈ തിരിച്ചു വരവ് എങ്ങനെ?

പട്ടികയില്‍ 547ാം സ്ഥാനത്താണ് അദ്ദേഹം
M. A. Yusuff Ali
M. A. Yusuff Ali
Published on

ലോകസമ്പന്നരുടെ ഫോബ്‌സ് റിയല്‍ടൈം പട്ടികയില്‍ ഏറ്റവും സമ്പന്നനായ മലയാളിയായി വീണ്ടും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം. എ യൂസഫലി. ഫോബ്‌സിന്റെ കണക്കുപ്രകാരം7 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് (ഏകദേശം 58,100 കോടി രൂപ) എം. എ യൂസഫലിക്കുള്ളത്. പട്ടികയില്‍ 547ാം സ്ഥാനത്താണ് അദ്ദേഹം.

കഴിഞ്ഞയാഴ്ച (സെപ്റ്റംബര്‍ 10) യൂസഫലിയെ മറികടന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് മലയാളി സമ്പന്നരില്‍ ഒന്നാമത് എത്തിയിരുന്നു. അന്ന്‌ ജോയ് ആലൂക്കാസിന്റെ ആസ്തി 6.4 ബില്യണ്‍ ഡോളറും എം.എ യൂസഫലിയുടെ ആസ്തി 5.3 ബില്യണ്‍ ഡോളറുമായിരുന്നു. നിലവില്‍ ജോയ് ആലൂക്കാസിന്റെ റിയല്‍ ടൈം ആസ്തി 5.3 ബില്യണ്‍ ഡോളറാണ്.

ഇപ്പോഴത്തെ മാറ്റത്തിനു പിന്നില്‍

ഒക്ടോബര്‍ മാസത്തെ ഇന്ത്യന്‍ ശതകോടീശ്വര പട്ടിക തയ്യാറാക്കുന്നതിന്റെ ഭാഗമായി ഫോബ്‌സ് കമ്പനികളില്‍ നിന്ന് നേരിട്ട് വിവരങ്ങള്‍ എടുത്തതിന്റെ അടിസ്ഥാനത്തില്‍ പുതിയ അപ്‌ഡേറ്റ് വന്നതാണ് ആസ്തികളില്‍ പ്രതിഫലിച്ചത്. രണ്ട് സമയത്താണ് ഫോബ്‌സിന്റെ ശതകോടീശ്വര പട്ടിക പുറത്തിറക്കുന്നത്. ഫെബ്രുവരി-മാര്‍ച്ചില്‍ വേള്‍ഡ് ബില്യണയര്‍ പട്ടികയും ഒക്ടോബര്‍ മാസത്തില്‍ ഇന്ത്യന്‍ ശതകോടീശ്വര പട്ടികയും പ്രസിദ്ധീകരിക്കും. ഇതി കൂടാതെ റിയല്‍ടൈം ശതകോടീശ്വര പട്ടികയും ഉണ്ട്. 15 മിനിറ്റ് കൂടുമ്പോള്‍ പോലും അപ്‌ഡേറ്റായി കൊണ്ടിരിക്കുന്ന ടെക്‌നിക്കല്‍ പ്രക്രിയയാണ് റിയല്‍ടൈം ലിസ്റ്റ്‌. എ.ഐ ടെക്‌നോളജി ഉപയോഗിച്ച് ഓണ്‍ലൈനില്‍ ലഭ്യമായ എല്ലാ വിവരങ്ങളും കണക്കിലെടുത്താണ് ഈ പട്ടിക അപ്‌ഡേറ്റ് ചെയ്യുന്നത്. ചില സമയങ്ങളില്‍ കമ്പനികളുമായും ഇതിനായി ബന്ധപ്പെടാറുണ്ട്.

2024ല്‍ ലിസ്റ്റ് ചെയ്ത ലുലുവിന്റെ റീറ്റെയ്‌ലിന്റെ വരുമാനങ്ങളും ആസ്തികളുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ വരെ ഫോബ്‌സ് കണക്കാക്കിയിരുന്നത്. ഇപ്പോള്‍ ലുലുവിന്റെ ബാക്കി രാജ്യങ്ങളിലെ ആസ്തിയും കൂടി ഇതില്‍ ഉള്‍പ്പെടുത്തിയതോടെയാണ് യൂസഫലിയുടെ ആസ്തി 7 ബില്യണ്‍ ഡോളറിലെത്തിയത്. സമാനമായ അപ്‌ഡേഷനുകള്‍ മറ്റ് പല കമ്പനികളിലും വരുന്നത് ഉടമകളുടെ ആസ്തിയില്‍ പ്രതിഫലിക്കും.

പട്ടികയിലെ മലയാളി സാന്നിധ്യം

ജെംസ് എജ്യുക്കേഷന്‍ ചെയര്‍മാന്‍ സണ്ണി വര്‍ക്കി (4 ബില്യണ്‍ ഡോളര്‍), ആര്‍.പി ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള (3.9 ബില്യണ്‍ ഡോളര്‍), കല്യാണ്‍ ജൂവലേഴ്സ് മാനേജിംഗ്‌ ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍ (3.8 ബില്യണ്‍ ഡോളര്‍), ശോഭ ഗ്രൂപ്പ് സ്ഥാപകന്‍ പി.എന്‍.സി. മേനോന്‍ (3.6 ബില്യണ്‍ ഡോളര്‍), ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ (3.6 ബില്യണ്‍ ഡോളര്‍), കെയ്ന്‍സ് ഗ്രൂപ്പ് സ്ഥാപകന്‍ രമേശ് കുഞ്ഞിക്കണ്ണന്‍ (3.1 ബില്യണ്‍ ഡോളര്‍), മുത്തൂറ്റ് ഫിനാന്‍സിന്റെ പ്രൊമോട്ടര്‍മാരായ ജോര്‍ജ് ജേക്കബ് മുത്തൂറ്റ്, സാറാ ജോര്‍ജ് മുത്തൂറ്റ്, ജോര്‍ജ് തോമസ് മുത്തൂറ്റ്, ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് (2.5 ബില്യണ്‍ ഡോളര്‍), ബുര്‍ജീല്‍ ഹോള്‍ഡിങ്സ് ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലില്‍ (1.9 ബില്യണ്‍ ഡോളര്‍), ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ്.ഡി. ഷിബുലാല്‍ 1.9 ബില്യണ്‍ ഡോളര്‍), വി-ഗാര്‍ഡ് ഗ്രൂപ്പ് സ്ഥാപകന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി (1.4 ബില്യണ്‍ ഡോളര്‍) എന്നിവരാണ് ഫോബ്സിന്റെ ആഗോള റിയല്‍ടൈം സമ്പന്ന പട്ടികയില്‍ ഇടംപിടിച്ച മറ്റു മലയാളികള്‍.

ഇലോണ്‍ മസ്‌കും മുകേഷ് അംബാനിയും

ആഗോള തലത്തില്‍ ടെസ്ല, സ്പേസ് എക്സ് എന്നിവയുടെ മേധാവി ഇലോണ്‍ മസ്‌കാണ് ഒന്നാം സ്ഥാനത്ത്. 477.6 ബില്യണ്‍ ഡോളറാണ് അദേഹത്തിന്റെ ആസ്തി. ഒറാക്കിള്‍ സഹസ്ഥാപകനായ ലാറി എലിസണ്‍ (367.9 ബില്യണ്‍ ഡോളര്‍), മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് (266.7 ബില്യണ്‍ ഡോളര്‍) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഇന്ത്യക്കാരില്‍ 105.7 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഒന്നാം സ്ഥാനത്ത്. 64 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ഗൗതം അദാനിയാണ് രണ്ടാം സ്ഥാനത്ത്.

M.A. Yusuff Ali regains top spot among Malayali billionaires on Forbes real-time list with ₹58,100 crore net worth.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com