കേരളത്തിന്റെ ചെമ്മീന്‍ കപ്പലുകള്‍ ഇനി യൂറോപ്പിലേക്കും റഷ്യയിലേക്കും!, കയറ്റുമതി മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ്

രാജ്യത്തുടനീളമുള്ള 102-ഓളം ഫിഷറീസ് സ്ഥാപനങ്ങള്‍ക്ക് ഇ.യു. അംഗീകാരം ലഭിച്ചിട്ടുണ്ട്
കേരളത്തിന്റെ ചെമ്മീന്‍ കപ്പലുകള്‍ ഇനി യൂറോപ്പിലേക്കും റഷ്യയിലേക്കും!, കയറ്റുമതി മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ്
Published on

അമേരിക്കയുടെ ഉയര്‍ന്ന താരിഫ് ഭീഷണിയില്‍പ്പെട്ട് കടുത്ത പ്രതിസന്ധിയിലായിരുന്ന ഇന്ത്യന്‍ സമുദ്രോത്പന്ന കയറ്റുമതി മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ്. ഗുണനിലവാരത്തിന്റെ പേരില്‍ വര്‍ഷങ്ങളായി പ്രവേശന വിലക്കുണ്ടായിരുന്ന യൂറോപ്യന്‍ യൂണിയനിലേക്കും, കൂടാതെ റഷ്യ, ഓസ്ട്രേലിയ തുടങ്ങിയ വന്‍ വിപണികളിലേക്കും ചെമ്മീന്‍ (Shrimp) ഉള്‍പ്പെടെയുള്ള സമുദ്രോത്പന്നങ്ങള്‍ കയറ്റുമതി ചെയ്യാനുള്ള തടസങ്ങള്‍ നീങ്ങിയതോടെ കയറ്റുമതി വ്യാപിപ്പിക്കാന്‍ ഒരുങ്ങി രാജ്യം. കേരളത്തിലെ കയറ്റുമതി സ്ഥാപനങ്ങള്‍ക്ക് വലിയ ആശ്വാസമാണ് ഈ നീക്കം.

ആന്ധ്രപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഉത്പാദനത്തില്‍ മുന്നിലാണെങ്കിലും, ഉന്നത ഗുണനിലവാരത്തിലും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളിലും (Value-Added Products) ശ്രദ്ധ കേന്ദ്രീകരിക്കുന്ന കേരളത്തിലെ സ്ഥാപനങ്ങള്‍ക്കാണ് പുതിയ വിപണികള്‍ തുറന്നുകിട്ടുന്നതിലൂടെ ഏറ്റവും അധികം നേട്ടമുണ്ടാക്കാന്‍ സാധിക്കുകയെന്നാണ് കരുതുന്നത്.

കേരളത്തിന് ഇരട്ടി മധുരം

രാജ്യത്തെ ചെമ്മീന്‍ കയറ്റുമതിയുടെ മുഖ്യ പങ്കും യു.എസ്. വിപണിയിലേക്കായിരുന്നു. എന്നാല്‍, അമേരിക്കയുടെ താരിഫ് നടപടികള്‍ കയറ്റുമതിക്കാരുടെ ലാഭം കുത്തനെ കുറച്ചു. ഈ പ്രതിസന്ധി ഘട്ടത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നയതന്ത്രതലത്തില്‍ നടത്തിയ ഇടപെടലുകളിലൂടെ പുതിയ വാതിലുകള്‍ തുറന്ന് കിട്ടിയത്.

നീണ്ട ഒമ്പത് വര്‍ഷത്തെ ഗുണനിലവാര തര്‍ക്കങ്ങള്‍ക്കൊടുവിലാണ്‌ യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യയില്‍ നിന്നുള്ള സമുദ്രോത്പന്ന കയറ്റുമതിക്ക് പച്ചക്കൊടി കാട്ടിയത്‌. രാജ്യത്തുടനീളമുള്ള 102-ഓളം ഫിഷറീസ് സ്ഥാപനങ്ങള്‍ക്ക് ഇതോടെ ഇ.യു. അംഗീകാരം ലഭിച്ചു. കൊച്ചിയുള്‍പ്പെടെയുള്ള തീരദേശ മേഖലകള്‍ കേന്ദ്രീകരിച്ചുള്ള കേരളത്തിലെ പ്രോസസസിംഗ് യൂണിറ്റുകള്‍ക്ക്, യൂറോപ്യന്‍ യൂണിയന്റെ കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിച്ചതിന്റെ ഫലമായി ഇനി സുഗമമായി കയറ്റുമതി ചെയ്യാന്‍ സാധിക്കും.

റഷ്യയിലേക്കുള്ള കയറ്റുമതി വിപുലീകരിക്കുന്നതിനുള്ള നടപടികളും വേഗത്തിലാക്കിയിട്ടുണ്ട്. റഷ്യന്‍ അംഗീകാരത്തിനായി കാത്തിരിക്കുന്ന 25-ഓളം സ്ഥാപനങ്ങളില്‍ കേരളത്തിലെ പ്രമുഖ കയറ്റുമതിക്കാരും ഉള്‍പ്പെടുന്നു.

എട്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഓസ്ട്രേലിയ തൊലി കളയാത്ത ചെമ്മീന്‍ (Unpeeled Shrimp) ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കിയത് ഈ മേഖലയ്ക്ക് ലഭിച്ച അംഗീകാരമാണ്.

ആശ്വാസത്തില്‍ പ്രോസസിംഗ് യൂണിറ്റുകള്‍

ഈ വിപണികള്‍ തുറന്നുകിട്ടിയതോടെ കേരളത്തിന്റെ മത്സ്യബന്ധന, പ്രോസസിംഗ് മേഖലകളിലെ തൊഴിലാളികള്‍ക്ക് ആശ്വാസമായി. തീരദേശത്തും കായല്‍ മേഖലയിലും ചെമ്മീന്‍ കൃഷി ചെയ്യുന്ന കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വില ലഭിക്കാന്‍ ഇത് വഴിയൊരുക്കും.

കൊച്ചി, കൊല്ലം, ആലപ്പുഴ തുടങ്ങിയ പ്രദേശങ്ങളിലെ സമുദ്രോത്പന്ന പ്രോസസിംഗ് യൂണിറ്റുകള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമാകും. യു.എസ്. ഓര്‍ഡറുകള്‍ കുറഞ്ഞതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ സ്ഥാപനങ്ങള്‍ക്ക് തൊഴിലാളികളുടെ തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കാനും ഇതു സഹായിക്കും.

യു.എസ്. താരിഫ് പ്രതിസന്ധിയായി നില്‍ക്കുമ്പോള്‍ യൂറോപ്പ്യന്‍, റഷ്യന്‍ വിപണികളിലേക്കുള്ള വഴി തുറക്കുന്നത് ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് വിപണി വൈവിധ്യവല്‍ക്കരണത്തിന് (Market Diversification) അവസരമൊരുക്കുകയാണ്. ഏതെങ്കിലും ഒരു രാജ്യത്തെ മാത്രം ആശ്രയിക്കുന്ന അവസ്ഥ ഒഴിവാക്കി രാജ്യത്തെ കയറ്റുമതി മേഖലയെ രക്ഷിക്കാന്‍ ഇത് സഹായകമാകുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com