കുറഞ്ഞ മുതല്‍മുടക്ക് മാലിന്യ സംസ്‌കരണം സംരംഭകമാക്കാം

കുറഞ്ഞ മുതല്‍മുടക്ക് മാലിന്യ സംസ്‌കരണം സംരംഭകമാക്കാം
Published on

മാലിന്യ സംസ്‌കരണത്തിന് വടക്കു നിന്നൊരു മികവുറ്റ മാതൃക. സാമൂഹ്യ സേവനം എന്നതിലുപരി മികച്ചൊരു സംരംഭക അവസരം കൂടിയാണിതെന്ന് തെളിയിക്കുകയാണ് കാസര്‍കോട് ചെറുവത്തൂരിലെ മഹ്്‌യൂബ ഇക്കോ സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്. കാഞ്ഞങ്ങാട് നഗരസഭയുമായി ചേര്‍ന്ന് നടത്തുന്ന മാതൃകാ പ്രവര്‍ത്തനമാണ് ഈ സംരംഭത്തെ ശ്രദ്ധേയമാക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ അഞ്ഞൂറോളം ടണ്‍ മാലിന്യമാണ് ഈ സ്ഥാപനം സംസ്‌കരണത്തിനായി ഏറ്റെടുത്തത്.

നഗരസഭാ പരിധിയിലെ മാലിന്യങ്ങള്‍ സോഴ്‌സില്‍ നിന്നു തന്നെ ശേഖരിച്ച് പ്ലാന്റിലെത്തിച്ച് സംസ്‌കരിക്കുകയാണ് ചെയ്യുന്നത്. നഗരസഭയുടെ പൂര്‍ണ പിന്തുണയോടെയാണിത്. മാലിന്യ ശേഖരണത്തിനായി അമ്പതോളം സ്ത്രീകളടങ്ങുന്ന ഹരിത കര്‍മ സേന രൂപീകരിച്ചാണ് പ്രവര്‍ത്തനം. നഗരസഭാ പരിധിയില്‍ 20,000 ചതുരശ്രയടിയില്‍ ഒരു കെട്ടിടവും മാലിന്യം ശേഖരിക്കുന്നതിനായി നഗരസഭ ഒരുക്കിയിട്ടുണ്ട്. ഓരോ വീട്ടില്‍ നിന്നും മാലിന്യം ശേഖരിക്കുന്നതിനായി ഈടാക്കുന്ന യൂസേഴ്‌സ് ഫീ ഉപയോഗിച്ചാണ് ഹരിതകര്‍മ സേനയ്ക്ക് വേതനം നല്‍കുന്നത്.

പ്ലാസ്റ്റിക്, തുണി, ബാഗ്, കുപ്പിച്ചില്ല് തുടങ്ങി ആക്രിക്കച്ചവടക്കാര്‍ പോലും സ്വീകരിക്കാത്ത പാഴ്‌വസ്തുക്കള്‍ ശേഖരിക്കുന്നുവെന്നതാണ് മഹ്‌യൂബയെ വ്യത്യസ്തമാക്കുന്നത്. ഇതില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ റീ സൈക്ക്ള്‍ ചെയ്ത് ഗ്രാന്യൂള്‍ രൂപത്തിലാക്കി പ്ലാസ്റ്റിക് ഉല്‍പ്പാദന യൂണിറ്റുകള്‍ക്ക് നല്‍കുന്നു. തുണി പോലുള്ളവ കൊണ്ട് ചവിട്ടി, തുണി സഞ്ചി, ജീന്‍സ് ഗ്രോ ബാഗ് തുടങ്ങിയ ഉല്‍പ്പന്നങ്ങളുണ്ടാക്കി വിപണിയിലെത്തിക്കുകയും ചെയ്യുന്നുണ്ട്. കുപ്പിച്ചില്ലുകള്‍ ഗുജറാത്തിലെ ഗ്ലാസ് ഉല്‍പ്പാദക കമ്പനികളിലേക്ക് കയറ്റി അയക്കുന്നു. ഇതിലൊന്നും പെടാത്ത ബാക്കി 40 ശതമാനം മാലിന്യം സ്റ്റീല്‍, സിമന്റ് ഫാക്റ്ററികളിലേക്ക് കത്തിക്കാനായി നല്‍കുന്നു.

ചിട്ടയായ പ്രവര്‍ത്തനങ്ങളുണ്ടായാല്‍ ലാഭകരമായി കൊണ്ടു പോകാവുന്ന സംരംഭമാണിതെന്ന് സ്ഥാപന ഉടമ യു കെ കുഞ്ഞബ്ദുല്ല പറയുന്നു. ഹരിത കേരള മിഷന്റെ ഹരിത സഹായ സ്ഥാപനമെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന മഹ്്‌യൂബ ഇക്കോ സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ നിരവധി പഞ്ചായത്തുകളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. അഞ്ചു ലക്ഷം രൂപ മുതല്‍ മുടക്കിയാല്‍ മാസം തോറും മുപ്പതിനായിരം രൂപ വരെ നേടാനുള്ള അവസരം ഈ സംരംഭം ഒരുക്കുന്നുണ്ടെന്ന് കുഞ്ഞബ്ദുല്ല പറയുന്നു. പ്രതിദിനം ഒന്നോ രണ്ടോ ടണ്‍ മാലിന്യം ശേഖരിച്ച് സംസ്‌കരിച്ചാലാണിത്. ഈ രംഗത്തേക്ക് കടന്നുവരാനാഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ സഹായം നല്‍കാനും തയാറാണ് കുഞ്ഞബ്ദുല്ല. ഫോണ്‍: 9847581786

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com