ന്യൂസിലന്‍ഡിലുള്‍പ്പെടെ ഷോറൂമുകള്‍ തുറക്കാന്‍ മലബാര്‍ ഗോള്‍ഡ്; ലക്ഷ്യം ഒരു വര്‍ഷത്തിനുള്ളില്‍ 100 പുതിയ ഷോറൂമുകള്‍

ലോകത്തെ ഏറ്റവും വലിയ ജുവലറി ഗ്രൂപ്പുകളിലൊന്നായ, കോഴിക്കോട് ആസ്ഥാനമായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് രാജ്യത്തനകത്തും പുറത്തുമായി ഒരു വര്‍ഷത്തിനുള്ളില്‍ നൂറ് പുതിയ ഷോറൂമുകള്‍ തുറക്കുന്നു. നിലവില്‍ 13 രാജ്യങ്ങളിലായി 345 ഷോറൂമുകളുണ്ട്.

ഇന്ത്യക്ക് പുറത്ത് ന്യൂസിലന്‍ഡ്, ഈജിപ്ത്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ പുതിയ ഷോറൂമുകള്‍ തുറക്കും. കൂടാതെ യൂറോപ്പിലെ വിവിധ സ്ഥലങ്ങളിലേക്ക് വിപുലീകരണവും നടത്തുമെന്ന് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ചെയര്‍മാന്‍ എം.പി അഹമ്മദ് പറഞ്ഞു.
യു.എസ്, കാനഡ, യു.കെ, ഓസ്‌ട്രേലിയ എന്നിങ്ങനെ നിലവില്‍ സാന്നിധ്യമറിയിച്ചിട്ടുള്ള രാജ്യങ്ങളില്‍ കൂടുതല്‍ ഷോറൂമുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്.
ഇന്ത്യയില്‍ നിലവില്‍ സാന്നിധ്യമുള്ള സംസ്ഥാനങ്ങളില്‍ കൂടുതല്‍ ഷോറൂമുകള്‍ തുറക്കുന്നതിനൊപ്പം ജാര്‍ഖണ്ഡ്, ഗോവ, അസം, ത്രിപുര, ജമ്മു കശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും എം.പി അഹമ്മദ് പറഞ്ഞും.
₹50,000 കോടി കടന്ന് വിറ്റുവരവ്
കഴിഞ്ഞ സാമ്പത്തിക വര്‍ഷം മലബാര്‍ ഗോള്‍ഡിന്റെ ആഗോള വിറ്റുവരവ് 51,218 കോടി രൂപയാണ്. ലക്ഷ്വറി ഉത്പന്നങ്ങളുടെ ആഗോള റാങ്കിംഗ് പട്ടികയില്‍ 19-ാം സ്ഥാനത്തുള്ള ബ്രാന്‍ഡാണ് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്.
പുതിയ വിപുലീകരണത്തിന്റെ ഭാഗമായി 7,000 ജീവനക്കാരെ അധികമായി നിയമിക്കും. ഇതോടെ ആകെ ജീവനക്കാരുടെ എണ്ണം 28,000 ആയി ഉയരും. നിലവില്‍ 26 രാജ്യങ്ങളില്‍ നിന്നായി 21,000 ജീവനക്കാരാണ് ഗ്രൂപ്പിലുള്ളത്.
കേരളം, തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, മഹാരാഷ്ട്ര, ബംഗാള്‍ എന്നിവിടങ്ങളിലും യു.എ.ഇ, സൗദി, ഖത്തര്‍, ഒമാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലും മലബാര്‍ ഗോള്‍ഡിന്റെ ആഭരണ നിര്‍മാണ യൂണിറ്റുകളുണ്ട്. തെലങ്കാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ പുതിയ ആഭരണ നിര്‍മാണ ഫാക്ടറികള്‍ നിര്‍മിക്കാനും പദ്ധതിയുണ്ട്.
എട്ട് രാജ്യങ്ങളിലായി 114 സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് യൂണിറ്റുകള്‍, അഞ്ച് രാജ്യങ്ങളിലായി 15 ആഭരണ നിര്‍മാണ യൂണിറ്റുകള്‍, അഞ്ച് രാജ്യങ്ങളിലായി 15 ആഭരണ നിര്‍മാണ യൂണിറ്റുകള്‍, ഡിസൈന്‍ സ്റ്റുഡിയോകള്‍, ഇരുപത്തഞ്ചോളം എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡ് കളക്ഷനുകള്‍, 100 രാജ്യങ്ങളിലായി ഒന്നര കോടിയോളം ഉപയോക്താക്കള്‍ എന്നിവയും മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയണമണ്ട്‌സിനുണ്ട്.

Related Articles

Next Story

Videos

Share it