

മലയാള സിനിമയ്ക്ക് തിരിച്ചറിവുകളുടെ വര്‍ഷമാണ് 2025. തീയറ്ററിലെത്തുന്ന ചിത്രങ്ങളുടെ എണ്ണത്തില്‍ മുതല്‍ മുടക്കു മുതല്‍ തിരിച്ചുപിടിച്ച സിനിമകളുടെ കണക്കെടുപ്പില്‍ വരെ വേറിട്ടു നില്‍ക്കുന്നു ഈ വര്‍ഷം. ഹിറ്റായ ചിത്രങ്ങള്‍ റെക്കോഡ് കളക്ഷന്‍ നേടുകയും പ്രേക്ഷകര്‍ തിരസ്‌കരിച്ചവ യാതൊരു ബിസിനസും നേടാത്ത അവസ്ഥയിലേക്ക് മലയാള സിനിമയെത്തി.
സൂപ്പര്‍സ്റ്റാറുകളുടെ ചിത്രങ്ങള്‍ക്കു പോലും ഒ.ടി.ടി വാങ്ങലുകാരെ കിട്ടാത്ത രീതിയിലേക്ക് വിനോദ വ്യവസായം മാറിയിരിക്കുന്നു. വന്‍ ഹിറ്റായ ചിത്രങ്ങളൊഴികെ ബാക്കിയെല്ലാം ഒ.ടി.ടി കമ്പനികള്‍ പറയുന്ന വിലയ്ക്ക് വില്‌ക്കേണ്ട അവസ്ഥയാണുള്ളത്. മലയാള സിനിമകള്‍ എടുക്കുന്നത് ലാഭകരമല്ലാത്ത ബിസിനസായി മാറിയെന്ന് പ്ലാറ്റ്‌ഫോമുകള്‍ പറയുന്നു.
മുന്‍നിര താരങ്ങളില്ലാത്ത ഒരു ചിത്രം ഷൂട്ടിംഗ് കഴിഞ്ഞ് തീയേറ്ററിലെത്തിക്കുമ്പോള്‍ ഏറ്റവും കുറഞ്ഞത് 3-5 കോടി രൂപയെങ്കിലും ചെലവ് വരും. തീയേറ്ററില്‍ റിലീസ് ചെയ്യുമ്പോള്‍ വേണ്ട പ്രമോഷന്‍ ചെലവുകള്‍ വേറെയും. ചിത്രം തീയേറ്ററുകളില്‍ സ്വീകരിക്കപ്പെട്ടില്ലെങ്കില്‍ നിര്‍മാതാവിന് നഷ്ടം കോടികളാണ്. അടുത്ത കാലത്ത് പുതുമുഖങ്ങളെ വച്ചെടുത്ത ചിത്രങ്ങളില്‍ എക്കോ (EKO) മാത്രമാണ് സാമ്പത്തികലാഭം നേടിയത്.
താരങ്ങളുടെ മുതല്‍ ടെക്‌നീഷ്യന്‍സിന്റെ വരെ പ്രതിഫലം കുത്തനെ ഉയര്‍ന്നു. വരുമാന സാധ്യതകളാകട്ടെ തീയേറ്റര്‍ മാത്രമായി ഒതുക്കപ്പെട്ടു. സിനിമയില്‍ നിക്ഷേപം നടത്തുന്നത് ലോട്ടറിയെടുക്കുന്നതിന് തുല്യമാണെന്ന തിരിച്ചറിവ് പല പുതുമുഖ നിര്‍മാതാക്കളെയും കളം കാലിയാക്കാന്‍ നിര്‍ബന്ധിതരാക്കി.
ഈ വര്‍ഷവും 2026 ആദ്യവുമായി ഷൂട്ടിംഗ് തുടങ്ങേണ്ടിയിരുന്ന ഒരു ഡസനോളം ചിത്രങ്ങളാണ് ഉപേക്ഷിക്കപ്പെട്ടത്. പ്രഖ്യാപനം ഉള്‍പ്പെടെ നടത്തിയ ശേഷം ഉപേക്ഷിച്ച മുന്‍നിര നായകന്മാരുടെ ചിത്രങ്ങള്‍ പോലും ഇക്കൂട്ടത്തിലുണ്ട്. അഭിനേതാക്കളുടെ ഉടമസ്ഥതയിലുള്ള പ്രൊഡക്ഷന്‍ ഹൗസുകളാണ് ഇപ്പോള്‍ സിനിമയില്‍ കൂടുതലായി നിക്ഷേപിക്കുന്നത്.
വലിയ ഹൈപ്പില്‍ ഈ വര്‍ഷം പുറത്തിറങ്ങിയ ഒരു മെഗാസ്റ്റാര്‍ ചിത്രത്തിന്റെ ബജറ്റ് 20 കോടി രൂപയ്ക്ക് അടുത്തായിരുന്നു. ഓവര്‍സീസ് കളക്ഷനടക്കം ഈ ചിത്രത്തിന് ആകെ ലഭിച്ചത് 12 കോടി രൂപയ്ക്ക് അടുത്താണ്. ഒ.ടി.ടി റൈറ്റ്‌സ് പോലും വിറ്റ് പോയില്ല. കോടികളുടെ നഷ്ടമാണ് ചിത്രം സമ്മാനിച്ചത്. ഇത് ഒറ്റപ്പെട്ട കഥയല്ല. താരമൂല്യം കൊണ്ട് മാത്രം സിനിമ വിജയിപ്പിക്കാന്‍ സാധിക്കില്ലെന്ന അവസ്ഥയിലെത്തി കാര്യങ്ങള്‍.
മുന്‍കാലങ്ങളില്‍ ഫാന്‍സ് അസോസിയേഷനുകള്‍ വിചാരിച്ചാല്‍ സിനിമയെ തട്ടുകേടില്ലാതെ ഊരിയെടുക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ സ്ഥിതി മാറി. പുതിയ കാലത്ത് ഫാന്‍സ് അസോസിയേഷനുകളുടെ സ്വാധീനശക്തി കുറഞ്ഞു. മൗത്ത് പബ്ലിസിറ്റിയെ മാത്രം ആശ്രയിച്ച് തീയറ്ററിലെത്തുന്നവരുടെ എണ്ണം കൂടി. സിനിമ നല്ലതാണെന്ന് തോന്നിയാല്‍ മാത്രം തീയറ്ററുകളിലേക്ക് എത്തുന്നതായി കുടുംബങ്ങളുടെ രീതി.
വിനോദത്തിന് സിനിമ മാത്രം ഉണ്ടായിരുന്ന കാലത്ത് നിന്നുള്ള മാറ്റമാണ് സിനിമയ്ക്ക് തിരിച്ചടിയായതെന്നാണ് പൊതുവിലയിരുത്തല്‍. ചെലവ് ചുരുക്കി സിനിമ ചെയ്യാവുന്ന രീതിയിലേക്ക് മാറിയില്ലെങ്കില്‍ മലയാള സിനിമ വ്യവസായം വലിയ പ്രതിസന്ധിയിലേക്ക് പോകും. ഒരു ലക്ഷത്തോളം പേര്‍ സിനിമ വ്യവസായവുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്നുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine