ബോക്‌സ് ഓഫീസിന് റെക്കോഡ് തിളക്കം; കേരളത്തിന് പുറത്തും മികച്ച കളക്ഷന്‍
മലയാള സിനിമാ വ്യവസായത്തിന് 2024 ഒരു നാഴികക്കല്ലാകുകയാണ്. ചരിത്രത്തില്‍ ആദ്യമായി മൊത്തം കളക്ഷന്‍ 1,000 കോടി രൂപ പിന്നിട്ടിരിക്കുന്നു. രണ്ട് മാസം കൂടി ബാക്കി നില്‍ക്കെ, കളക്ഷന്‍ 1,100 കോടിയാണ് കടന്നതായാണ് ഈ മേഖലയില്‍ നിന്നുള്ള കണക്കുകള്‍. ഒ.ടി.ടി, സാറ്റലൈറ്റ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ ഉള്‍പ്പടെയാണിത്. ഇതുവരെ ശരാശരി വാര്‍ഷിക കളക്ഷന്‍ 600 കോടി രൂപ മാത്രമായിരുന്നു. 100 കോടിയിലേറെ വരുമാനമുണ്ടാക്കിയ നിരവധി ബ്ലോക്ക് ബസ്റ്റര്‍ ചിത്രങ്ങള്‍ സിനിമാ വ്യവസായത്തില്‍ വരുമാനം ഇത്തരത്തില്‍ ഉയര്‍ത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ചു. 200 കോടിയും കടന്ന് 250 കോടിക്കടുത്ത് വരുമാനമുണ്ടാക്കിയ മഞ്ഞുമ്മല്‍ ബോയ്‌സ് ആണ് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം.
100 കോടിയുടെ നാഴികക്കല്ല് പിന്നിട്ട മൂന്നു ചിത്രങ്ങള്‍ മാത്രമാണ് ഇതിന് മുമ്പുണ്ടായിട്ടുള്ളത്. പുലിമുരുകന്‍ (2016), ലൂസിഫര്‍ (2019), 2018 (2023) എന്നിവയാണിത്. ഈ വര്‍ഷമാകട്ടെ, ആറ് ചിത്രങ്ങള്‍ മുന്‍ നിരയിലെത്തി. മഞ്ഞുമ്മല്‍ ബോയ്‌സ്, ആവേശം, പ്രേമലു, ആടുജീവിതം, എ.ആര്‍.എം, കിഷ്‌കിന്ധകാണ്ഡം എന്നിവ കളക്ഷനില്‍ സെഞ്ചുറി കടന്നതായി കേരള ഫിലിം ഡിസ്ട്രിബ്യൂഷന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എസ്.എസ്.ടി സുബ്രഹ്മണ്യന്‍ വ്യക്തമാക്കി. ഇതില്‍ എ.ആര്‍.എമ്മും കിഷ്‌കിന്ധകാണ്ഡവും ഇപ്പോഴും തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്നു.വര്‍ഷങ്ങള്‍ക്കു ശേഷം, ഗുരുവായൂര്‍ അമ്പലനടയില്‍ എന്നിവ ഹിറ്റുകളായി. എബ്രഹാം ഓസ്‌ലര്‍, മമ്മൂട്ടി നായകനായ ബ്രഹ്മയുഗം, ടര്‍ബോ എന്നീ ചിത്രങ്ങളും ബോക്‌സ്ഓഫീസില്‍ വന്‍ വിജമായിരുന്നു. പുതുമുഖങ്ങളുമായി എത്തിയ വാഴ അപ്രതീക്ഷിതമായും ഹിറ്റായി.
കേരളത്തിന് പുറത്തും ഈ ചിത്രങ്ങള്‍ ശ്രദ്ധനേടിയതാണ് വിജയത്തിന് കാരണമെന്ന് സുബ്രഹ്മണ്യന്‍ ചൂണ്ടിക്കാട്ടുന്നു. തമിഴ്‌നാടിന്റെ കഥാപശ്ചാത്തലമുള്ള മഞ്ഞുമ്മല്‍ ബോയ്‌സ്, തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 100 കോടി രൂപ കളക്ഷനുണ്ടാക്കി. ബംഗളൂരു ജീവിതം പറയുന്ന ആവേശം, ഹൈദരാബാദ് കാഴ്ചകളുള്ള പ്രേമലു എന്നീ സിനിമകളും ആ സംസ്ഥാനങ്ങളില്‍ പ്രേക്ഷകര്‍ ഏറ്റുവാങ്ങി. സൗദി അറേബ്യയിലെ പ്രവാസി തൊഴിലാളിയുടെ ജീവിത കഥയായ ആടുജീവിതത്തിന്, സൗദി അറേബ്യയിലും കുവൈത്തിലും നിരോധിച്ചെങ്കിലും, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വലിയ കളക്ഷനാണ് ലഭിച്ചത്.
അന്യഭാഷാ ചിത്രങ്ങള്‍ തിളങ്ങിയില്ല
മലയാള ചിത്രങ്ങള്‍ മറ്റു സംസ്ഥാനങ്ങളില്‍ നേട്ടമുണ്ടാക്കിയെങ്കിലും, സാധാരണയായി മികവ് പുലര്‍ത്താറുള്ള തമിഴ്, ഹിന്ദി ചിത്രങ്ങള്‍ക്ക് ഈ വര്‍ഷം കേരളത്തില്‍ നേട്ടമുണ്ടാക്കാനായിട്ടില്ല.'' വിജയ് നായകനായ ലിയോ, രജനീകാന്തിന്റെ ജയിലര്‍ വര്‍ഷത്തിന്റെ തുടക്കത്തില്‍ കേരളത്തില്‍ നേട്ടമുണ്ടാക്കിയിരുന്നു. എന്നാല്‍ അതോടൊപ്പമെത്തിയ ഗോട്ട്, വേട്ടയ്യന്‍ എന്നീ ചിത്രങ്ങള്‍ പ്രേക്ഷകരെ കണ്ടെത്താന്‍ പാടുപെട്ടു. ഹിന്ദി ചിത്രമായ ആനിമല്‍ കേരളത്തില്‍ സ്വീകരിക്കപ്പെട്ടെങ്കിലും ദേശീയ തലത്തില്‍ ഹിറ്റായ കല്‍ക്കിക്ക് തണുത്ത പ്രതികരണമാണ് ലഭിച്ചത്.
മലയാള സിനിമാ രംഗം വരുമാനത്തിന്റെ കാര്യത്തില്‍ കുതിപ്പു നടത്തിയെങ്കിലും ഭൂരിഭാഗം മലയാള സിനിമകളും ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടതായി ഈ സിനിമാ മേഖലയിലെ വക്താക്കള്‍ പറയുന്നു. മറ്റു ഭാഷയില്‍ നിന്ന് ഡബ്ബ് ചെയ്യുന്നവ ഉള്‍പ്പടെ, ഏകദേശം 200 സിനിമകള്‍ ഒരു വര്‍ഷം മലയാളത്തില്‍ റിലീസ് ചെയ്യുന്നുണ്ട്. '' ഇതില്‍ 80 ശതമാനവും പരാജയപ്പെടുന്നു. ബാക്കിയുള്ളവയില്‍ ചിലത് വലിയ ഹിറ്റാകുന്നു. മറ്റുള്ളവ പിടിച്ചു നില്‍ക്കുന്നു. ഈ വര്‍ഷവും വ്യത്യസ്തമല്ല. അതേസമയം, വിജയിച്ച ചിത്രങ്ങള്‍ മികച്ച കളക്ഷന്‍ നേടി.'' കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ മുന്‍ ജനറല്‍ സെക്രട്ടറി സാബു ചെറിയാന്‍ പറഞ്ഞു.
വര്‍ധിക്കുന്ന നിര്‍മാണ ചെലവ്
സിനിമാ നിര്‍മാണ ചെലവുകള്‍ വര്‍ധിക്കുന്നത് നിര്‍മാതാക്കളുടെ ലാഭം കുറക്കുന്നു. '' മൊത്ത വരുമാനത്തിന്റെ 20 ശതമാനം നികുതിയിനത്തിലും 35-40 ശതമാനം തിയേറ്ററുകള്‍ക്കും ചിലവാകും. പ്രൊഡക്ഷന്‍, പ്രൊമോഷന്‍ ചെലവുകള്‍ കൂടി കഴിച്ച് ബാക്കിയാകുന്നതാണ് നിര്‍മാതാവിന് ലഭിക്കുന്നത്. സൂപ്പര്‍ സ്റ്റാറുകളുള്ള ചിത്രങ്ങള്‍ക്ക് 20 കോടി രൂപ ചെലവ് വരും.'' സാബു ചെറിയാന്‍ വ്യക്തമാക്കി. ആടുജീവിതം 150 കോടി കളക്ഷന്‍ ഉണ്ടാക്കിയെങ്കിലും അതിന്റെ നിര്‍മാണത്തിന് 80 കോടി ചിലവ് വന്നു. തിയേറ്ററുകളില്‍ കളക്ഷന്‍ ലഭിക്കാത്ത പല ചിത്രങ്ങള്‍ക്കും ഒ.ടി.ടി, സാറ്റലൈറ്റ് പ്ലാറ്റ്‌ഫോമുകളാണ് രക്ഷകരാകുന്നത്. ഉദാഹരണത്തിന് മോഹന്‍ലാല്‍ ചിത്രമായ മാലൈക്കോട്ടൈ വാലിബന്‍ ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടെങ്കിലും ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ വലിയ വരുമാനമുണ്ടാക്കി, ലാഭത്തിലേക്ക് കടന്നു. എങ്കിലും, ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളും ഇപ്പോള്‍ കൂടുതല്‍ സെലക്ടീവ് ആയി മാറുന്നു. തിയേറ്ററുകളില്‍ വിജയിക്കാത്ത ചിത്രങ്ങള്‍ അവര്‍ വാങ്ങുന്നില്ല. '' നിര്‍മാതാക്കള്‍ കുറഞ്ഞ ചെലവില്‍ സിനിമ നിര്‍മിച്ച് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ഉയര്‍ന്ന തുക ആവശ്യപ്പെടുന്നതായി അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അതു കൊണ്ട്, തിയേറ്ററില്‍ വിജയിക്കുന്ന ചിത്രങ്ങള്‍ വാങ്ങാനാണ് അവര്‍ താല്‍പര്യപ്പെടുന്നത്.'' ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഒര്‍ഗനേസേഷന്‍ ഓഫ് കേരളയുടെ പ്രസിഡന്റ് കെ.വിജയകുമാര്‍ പറയുന്നു.
പുതിയ സിനിമകള്‍ 42 ദിവസങ്ങള്‍ക്ക് ശേഷമേ ഒ.ടി.ടിയില്‍ റിലീസ് ചെയ്യാന്‍ പാടുള്ളൂ എന്ന നിബന്ധന പല നിര്‍മാതാക്കളും ലംഘിച്ചതിനെ തുടര്‍ന്ന് സിനിമകളുടെ പ്രദര്‍ശനം നിര്‍ത്തുമെന്ന് ഈ വര്‍ഷം ആദ്യം തിയേറ്റര്‍ ഉടമകള്‍ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ ഒ.ടി.ടിയില്‍ സിനിമകള്‍ വാങ്ങുന്നത് മന്ദഗതിയിലായതോടെ ഈ പ്രശ്നം ഇപ്പോള്‍ നിലനില്‍ക്കുന്നില്ല.' നിലവില്‍ കേരളത്തില്‍ 645 സ്‌ക്രീനുകളാണുള്ളത്. നവീകരണത്തിനും മറ്റുമായി തിയേറ്റര്‍ ഉടമകള്‍ വന്‍തുകയാണ് മുടക്കിയിരിക്കുന്നത്. വൈദ്യുതി ഉള്‍പ്പടെയുള്ള ഭാരിച്ച ചിലവകളും വരുന്നു. വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രമേ വിജയിക്കുന്നുള്ളൂവെന്നതിനാല്‍ പല തിയേറ്ററുകളും നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അപ്പോഴും എ.ആര്‍.എമ്മും കിഷ്‌കിന്ധകാണ്ഡവും തിയേറ്ററുകള്‍ക്ക് നേട്ടമുണ്ടാക്കി.'' വിജയകുമാര്‍ പറഞ്ഞു.
വിജയക്കാത്ത സിനിമകള്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ വാങ്ങാന്‍ തയ്യാറാകാത്തത് പുതിയ റിലീസുകളുടെ എണ്ണം കുറച്ചിട്ടുണ്ട്. ആദ്യത്തെ ആറു മാസത്തെ അപേക്ഷിച്ച്, ഒ.ടി.ടി പിന്തുണയില്ലാതെ സിനിമ നിര്‍മിക്കാന്‍ തയ്യാറാകുന്നവരുടെ എണ്ണം ഇപ്പോൾ കുറഞ്ഞിട്ടുണ്ട്. ഒരു സിനിമയുടെ ബോക്‌സ് ഓഫീസ് വിജയം മുന്‍കൂട്ടി പ്രവചിക്കുക ബുദ്ധിമുട്ടാണെന്ന് ഈ മേഖലയുമായി ബന്ധപ്പെട്ട വ്യവസായികള്‍ പറയുന്നു. വരാനിരിക്കുന്ന മാസങ്ങളില്‍ ഏതെല്ലാം ചിത്രങ്ങള്‍ വിജയിക്കുമെന്ന് അവര്‍ ജാഗ്രത യോടെയാണ് ഉറ്റുനോക്കുന്നത്.