

പ്രളയം, ഭൂകമ്പം, മണ്ണിടിച്ചിൽ തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ, നിർമ്മാണ മേഖല നേരിടുന്ന വലിയ വെല്ലുവിളികൾക്ക് പരിഹാരവുമായി കോഴിക്കോട് നിന്നുള്ള മലയാളി ദമ്പതികൾ. സിവിൽ എഞ്ചിനീയർമാരായ ജീഷ് വെൺമരത്ത്, സി.പി. കല എന്നിവർ 2020-ൽ ആരംഭിച്ച സി-ഡിസ്ക് ടെക്നോളജീസ് (C-DISC, Center for Development of Innovative and Sustainable Construction Technologies) എന്ന സ്റ്റാർട്ടപ്പാണ് സുസ്ഥിരമായ നിർമ്മാണ രീതികൾക്ക് പുതിയ രൂപം നൽകുന്നത്.
വേഗത്തിൽ നിർമ്മിക്കാൻ സാധിക്കുന്ന, "നെറ്റ് സീറോ എനർജി" ലക്ഷ്യമിട്ടുള്ള പ്രീ-എഞ്ചിനീയേർഡ് മോഡുലാർ കെട്ടിടങ്ങളാണ് സി-ഡിസ്ക് വികസിപ്പിക്കുന്നത്. ഇവയുടെ ഏറ്റവും വലിയ പ്രത്യേകത, കാർബൺ ബഹിർഗമനം ഗണ്യമായി കുറയ്ക്കുന്നു എന്നതാണ്. വലിയ മരങ്ങളുടെ വേരുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇവരുടെ പ്രധാന സാങ്കേതികവിദ്യയായ പ്രീ-എഞ്ചിനീയേർഡ് നെയിൽ (PEN) ഫൗണ്ടേഷൻ വികസിപ്പിച്ചത്. ഈ രീതി ഉപയോഗിച്ച് 2,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടിൻ്റെ അടിത്തറ വെറും രണ്ട് ദിവസം കൊണ്ട് പൂർത്തിയാക്കാൻ സാധിക്കും. ഈ സാങ്കേതികവിദ്യയ്ക്ക് ദേശീയ, അന്തർദ്ദേശീയ തലങ്ങളിൽ പേറ്റൻ്റിനായി അപേക്ഷ നൽകിയിട്ടുണ്ട്.
സി-ഡിസ്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് കോഴിക്കോട് ദേവഗിരി കോളേജിൽ നിർമ്മിച്ച പുതിയ ലൈബ്രറി കെട്ടിടം, ഇന്ത്യയിലെ മികച്ച വാണിജ്യ സ്റ്റീൽ നിർമ്മിതിക്കുള്ള എസ്എസ്എംബി 2024 അവാർഡ് നേടി. വയനാട്, മൂന്നാർ, ശബരിമല തുടങ്ങിയ പരിസ്ഥിതി ലോല പ്രദേശങ്ങൾക്ക് ഈ സാങ്കേതികവിദ്യ പ്രത്യേകമായി അനുയോജ്യമാണെന്ന് ജീഷ് പറയുന്നു.
NIT കാലിക്കറ്റ്, IIT കാൺപൂർ എന്നിവിടങ്ങളിൽ ഇൻകുബേറ്റ് ചെയ്ത ഈ സ്റ്റാർട്ടപ്പ്, അദാനി ഗ്രീൻ ടോക്സ് സോഷ്യൽ ഇംപാക്ട് അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങളും നേടിയിട്ടുണ്ട്. കൂടാതെ IKEA-VISA ഗ്രീന്‍ആർ സസ്റ്റൈനബിലിറ്റി ആക്സിലറേറ്റർ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ഈ വർഷം ആസിയാൻ സ്കെയിൽ-അപ് ഹബ് ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുകയും ചെയ്തു.
Malayali couple revolutionizes sustainable construction with net-zero energy modular technology, gaining national and global acclaim.
Read DhanamOnline in English
Subscribe to Dhanam Magazine