Begin typing your search above and press return to search.
യുദ്ധഭൂമിയില്‍ മെഡിക്കല്‍ സേവനം നല്‍കുന്ന ഈ ബ്രിട്ടീഷ് കമ്പനി ഇനി മലയാളിക്ക് സ്വന്തം
പ്രവാസി സംരംഭകന്‍ ഡോ. ഷംഷീര്‍ വയലില്‍ സ്ഥാപിച്ച ആരോഗ്യ സേവന കമ്പനിയായ റെസ്പോണ്‍സ് പ്ലസ് ഹോള്‍ഡിംഗ് യു.കെ കമ്പനിയായ പ്രോമിത്യൂസ് മെഡിക്കലിനെ ഏറ്റെടുത്തു. ഉപകമ്പനിയായ റെസ്പോൺസ് പ്ലസ് മെഡിക്കൽ (RPM) വഴിയാണ് ഏറ്റെടുക്കൽ.
ആഗോള പ്രീ-ഹോസ്പിറ്റല്‍ മെഡിക്കല്‍ രംഗത്തെ ഏറ്റവും വലിയ സേവന ദാതാക്കളിലൊന്നാകാനുള്ള വന്‍ ചുവടുവയ്പ്പിന്റെ ഭാഗമായാണ് ഏറ്റെടുക്കല്‍. യുദ്ധ മേഖലകളിലേതടക്കം അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍ക്ക് പരിശീലനവും കണ്‍സള്‍ട്ടന്‍സി സേവനങ്ങളും നല്‍കുന്ന കമ്പനിയാണ് പ്രോമിത്യൂസ്. നൂതന എമര്‍ജന്‍സി മെഡിക്കല്‍ സാങ്കേതികവിദ്യകളും പ്രത്യേക പരിശീലനവും നല്‍കുന്ന സേഫ്ഗാര്‍ഡ് മെഡിക്കലിന്റെ ഭാഗമായിരുന്നു പ്രോമിത്യൂസ്.
അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന റെസ്പോണ്‍സ് പ്ലസ് ഹോള്‍ഡിംഗ് യു.എ.ഇയിലെയും സൗദി അറേബ്യയിലെയും ഏറ്റവും വലിയ പ്രീ-ഹോസ്പിറ്റല്‍ മെഡിക്കല്‍ സേവന ദാതാവാണ്. രണ്ട് പ്രമുഖ ആരോഗ്യ സേവനദാതാക്കളെ ഒരുമിപ്പിക്കുന്ന ഏറ്റെടുക്കലിലൂടെ പ്രതിരോധ, എണ്ണ-വാതക മേഖലകളിലെ പ്രധാന കമ്പനികള്‍ക്ക് സമഗ്ര മെഡിക്കല്‍ കവറേജ് ലഭ്യമാക്കാന്‍ ആര്‍.പി.എമ്മിന് വഴിയൊരുക്കും.
സേവനങ്ങള്‍ വ്യാപിപ്പിക്കും
യു.കെ മിലിട്ടറി, റോയല്‍ ഫ്‌ളൈറ്റ് ഓഫ് ഒമാന്‍, യു.കെ സെക്യൂരിറ്റി, ഡിഫന്‍സ്, എന്‍.എച്ച്.എസ് തുടങ്ങിയ കമ്പനികള്‍ക്കൊപ്പം പ്രതിരോധ മേഖലയിലെ നിരവധി സ്ഥാപനങ്ങള്‍ക്കും സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന സ്ഥാപനമാണ് പ്രോമിത്യൂസ്. പുതിയ ഏറ്റെടുക്കലിലൂടെ അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍ക്കുള്ള ശേഷി വര്‍ദ്ധിപ്പിക്കാനും ഊര്‍ജ്ജ, പ്രതിരോധ കമ്പനികള്‍ക്കുള്ള വിദൂര ആരോഗ്യസേവനങ്ങള്‍, വി.ഐ.പികളുടെ മെഡിക്കല്‍ കവറേജ് എന്നീ മേഖലകളിലേക്ക് സേവനങ്ങള്‍ വ്യാപിപ്പിക്കാനും ആര്‍.പി.എമ്മിന് കഴിയും.
എണ്ണ-വാതക വ്യാവസായിക മേഖലകള്‍ക്കായി 500 ക്ലിനിക്കുകള്‍ നടത്തുന്ന ആര്‍.പി.എം നിലവില്‍ അഡ്നോക്, ഓക്‌സി, ടോട്ടല്‍, ഹാലിബര്‍ട്ടണ്‍ തുടങ്ങിയ കമ്പനികള്‍ക്ക് സേവനം നല്‍കുന്നു.
യു.കെ, നോര്‍ഡിക് മേഖലകളിലേക്കുള്ള ആര്‍.പി.എമ്മിന്റെ വിപണി പ്രവേശനം ത്വരിതപ്പെടുത്തുന്നതാണ് സുപ്രധാന ഏറ്റെടുക്കലെന്ന് റെസ്പോണ്‍സ് പ്ലസ് മെഡിക്കല്‍ സി.ഇ.ഒ ഡോ. രോഹില്‍ രാഘവന്‍ പറഞ്ഞു. ആഗോളതലത്തിലെ മുന്‍നിര ഊര്‍ജ്ജ-പ്രതിരോധ സ്ഥാപനങ്ങളുടെ ആരോഗ്യ സേവന, പരിശീലന ദാതാവായി മാറുകയാണ് ഗ്രൂപ്പിന്റെ ലക്ഷ്യം. യു.എസ് ആസ്ഥാനമായുള്ള സേഫ്ഗാര്‍ഡ് മെഡിക്കലിന്റെ നൂതന ട്രോമ കെയര്‍, സിമുലേഷന്‍ ഉല്‍പ്പന്നങ്ങളുടെ ജി.സി.സിയിലെയും ഇന്ത്യയിലെയും വിതരണാവകാശവും ഇതോടെ ആര്‍.പി.എമ്മിന് ലഭിക്കും.
Next Story