Begin typing your search above and press return to search.
കേരളത്തില്‍ മാളുകള്‍ ചെറുപട്ടണങ്ങളിലേക്ക്
ഷോപ്പിംഗ് മാളുകള്‍ എന്നത് ഒരു കാലത്ത് മലയാളിക്ക് വിദേശത്ത് മാത്രമുള്ള അത്ഭുതമായിരുന്നു. മലയാളിയായ എം.എ.യൂസഫലിയുടെ ലുലു ഗ്രൂപ്പിന്റെ യു.എ.ഇയിലെ വന്‍കിട മാളുകളെകുറിച്ച് അത് നേരിട്ട് കണ്ട പ്രവാസികള്‍ വിശദീകരിക്കുമ്പോള്‍, അത്ഭുതത്തോടെ കേട്ടിരുന്നവരാണ് നമ്മള്‍. എന്നാല്‍ ഇന്ന് കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോട്ടും ഉള്ളവര്‍ക്ക് വലിയ മാളുകള്‍ അത്ര പുതുമയുള്ള കാര്യമല്ല, വളരെ സുപരിചിതമാണ്. ലുലുവും ഹൈലൈറ്റുമൊക്കെ പുതിയ മാളുകള്‍ അവതരിപ്പിച്ച് മലയാളിയുടെ ഷോപ്പിംഗ് അനുഭവം മാറ്റിമറിച്ചു. കൂടാതെ പ്രസ്റ്റീജ് പോലുള്ള മറുനാടന്‍ സ്ഥാപനങ്ങളും കൊച്ചിയടക്കമുള്ള നഗരങ്ങളിലേക്ക് മാളുകളുമായി കടന്നുവന്നിരിക്കുന്നു.
എന്നാല്‍ വന്‍കിട കമ്പനികള്‍ കേരളത്തിന്റെ ചെറുകിട പട്ടണങ്ങളിലേക്കും മാളുകളുമായി എത്തിക്കൊണ്ടിരിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത. ലുലു ഗ്രൂപ്പിനും ഹൈലൈറ്റിനുമൊപ്പം കോഴിക്കോട്ടു നിന്നുള്ള സെക്യുറ ഡെവലപ്പേഴ്സ്, മലബാര്‍ ഡെവലപ്പേഴ്സ് തുടങ്ങിയവയൊക്കെ ചെറു പട്ടണങ്ങളില്‍ പോലും മാളുകള്‍ തുറക്കുകയാണ്.
മലബാറിന് പുറത്തേക്ക് ഹൈലൈറ്റ്
കേരളത്തിലെ ആദ്യത്തെ മാള്‍ എന്നു വിശേഷിപ്പിക്കുന്ന ഫോക്കസ് മാളും കോഴിക്കോട് ബൈപ്പാസിലെ ഹൈലൈറ്റ് മാളും തുറന്ന ഹൈലൈറ്റ് ഗ്രൂപ്പാണ് ചെറുപട്ടണങ്ങളിലേക്ക് ശ്രദ്ധയൂന്നുന്ന മറ്റൊരു പ്രമുഖ സ്ഥാപനം. മലപ്പുറം ജില്ലയിലെ ചെമ്മാട് ചെറിയ മാള്‍ ഉടനെ തുറക്കാനുള്ള ശ്രമത്തിലാണ്. നഗരങ്ങളുടെ വലിപ്പത്തിനനുസരിച്ച് മൂന്ന് വിഭാഗങ്ങളിലുള്ള മാളുകളാണ് ഹൈലൈറ്റ് ഗ്രൂപ്പ് ഒരുക്കുന്നതെന്ന് ചെയര്‍മാന്‍ പി. സുലൈമാന്‍ പറയുന്നു. അതില്‍ ശരാശരി മൂന്നു ലക്ഷം ചതുരശ്രയടി വിസ്തൃതി വരുന്ന മാളാണ് ചെമ്മാട് ഒരുക്കുന്നത്. താമരശ്ശേരിയിലും സമാനമായ മാള്‍ അവര്‍ പദ്ധതിയിടുന്നു. തൃശൂരില്‍ വന്‍കിട മാള്‍ അടുത്ത വര്‍ഷം മാര്‍ച്ചോടെ തുറക്കാനുള്ള ശ്രമത്തിലാണ്.
ഏഴ് ലക്ഷം ചതുരശ്രയടിയില്‍ താഴെ വിസ്തൃതിയില്‍ ഒരുക്കുന്ന ഹൈലൈറ്റ് സെന്ററുകള്‍ കുന്ദംകുളം, നിലമ്പൂര്‍, മണ്ണാര്‍ക്കാട് എന്നിവിടങ്ങളില്‍ തുറക്കും.
പുതുമകളുമായി സെക്യുറ
കോഴിക്കോട് തന്നെ ആസ്ഥാനമായുള്ള സെക്യുറ ഡെവലപ്പേഴ്സ് കണ്ണൂരില്‍ ആദ്യ സെക്യുറ സെന്റര്‍ തുറന്നു. പെരിന്തല്‍മണ്ണയിലെ പ്രോജക്റ്റ് അവസാനഘട്ടത്തിലാണ്. ഇവയ്ക്ക് പുറമെ പെരുമ്പാവൂരിലും കൊല്ലത്തും സെക്യുറ സെന്ററുകള്‍ നിര്‍മിക്കാനുള്ള ഒരുക്കത്തിലാണെന്ന് മാനേജിംഗ് ഡയറക്റ്റര്‍ എം.എ. മെഹബൂബ് പറയുന്നു.
മറ്റു പല ബില്‍ഡര്‍മാരും മാള്‍ പ്രോജക്റ്റുകള്‍ പ്രഖ്യാപിക്കുന്നുണ്ട്. 2023-25 കാലയളവില്‍ രാജ്യത്ത് പുതിയ അറുപതോളം ഷോപ്പിംഗ് മാളുകള്‍ തുറക്കുമെന്ന് ഇന്ത്യ ബ്രാന്‍ഡ് ഇക്വിറ്റി ഫൗണ്ടേണ്ടഷന്‍ വെളിപ്പെടുത്തുന്നു. 23.25 ദശലക്ഷം ചതുരശ്രയടി വിസ്തൃതിയിലാണിത്.
മലബാര്‍ ഡെവലപ്പേഴ്‌സിന്റെ ടൗണ്‍ഷിപ്പ്
കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഷോപ്പിംഗ് മാളായ മാള്‍ ഓഫ് ട്രാവന്‍കൂറിന്റെ ഉടമസ്ഥരായ മലബാര്‍ ഡെവലപ്പേഴ്‌സ് തൃശൂര്‍ ടൗണ്‍ പ്ലാസയ്ക്ക് അടുത്ത് ടൗണ്‍ഷിപ്പും അതോടനുബന്ധിച്ച് ഷോപ്പിംഗ് മാളും ഒരുക്കാനുള്ള പദ്ധതിയിടുന്നു. ഐ.ടി പാര്‍ക്ക് അടക്കം ഇതിലുണ്ടാകും. ഇതിനായി സ്ഥലം ഏറ്റെടുത്തു കഴിഞ്ഞു. കോഴിക്കോട് സരോവരത്തിനടുത്ത് ഹൈസ്ട്രീറ്റ് മാള്‍ പദ്ധതിയും ഉണ്ട്. അമ്യൂസ്‌മെന്റ് പാര്‍ക്ക് ഉള്‍പ്പെടെ 30 ഏക്കറിലാണ് പദ്ധതിയെന്ന് മലബാര്‍ ഡെവലപ്പേഴ്‌സ് വൃത്തങ്ങള്‍ അറിയിച്ചു. അഞ്ചു വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
വളരുന്ന സാധ്യതകള്‍
മാളുകള്‍ക്കെതിരെ സാധാരണക്കാരെ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ഏറ്റവും വലിയ വാദങ്ങളിലൊന്ന് ചെറുകിടക്കാരെ ഇല്ലാതാക്കുമെന്നതായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മാളുകള്‍ക്കൊപ്പം ചെറുകിട വ്യാപാരികളും വളരുകയാണെന്ന് ചൂണ്ടിക്കാട്ടി ബില്‍ഡര്‍മാര്‍ ഇത് തള്ളിക്കളയുന്നു. ചെറുപട്ടണങ്ങളില്‍ തുറന്ന മാളുകളില്‍ വലിയ തിരക്ക് അനുഭവപ്പെടുന്നു എന്നതാണ് കൂടുതല്‍ വിപൂലീകരണത്തിന് ബില്‍ഡര്‍മാരെ പ്രേരിപ്പിക്കുന്നത്. കുറഞ്ഞത് 10-20 ദേശീയ ബ്രാന്‍ഡുകളുടെ എക്സ്‌ക്ലൂസിവ് ഷോറൂമുകള്‍ പ്രവര്‍ത്തിക്കുന്ന പട്ടണങ്ങള്‍ മാളുകള്‍ക്ക് അനുയോജ്യമാണെന്നാണ് വിലയിരുത്തല്‍. ചുരുങ്ങിയത് 3,00,000 ചതുരശ്രയടിയെങ്കിലും മാളുകള്‍ക്കുണ്ടണ്ടാകും. അവയില്‍ ആവശ്യത്തിന് വാടകക്കാരെയും അവര്‍ക്ക്കച്ചവടവും ഉണ്ടായാല്‍ മാത്രമെ നിലനില്‍ക്കുകയുള്ളൂ എന്നതിനാല്‍ മാളുകളുടെ വ്യാപനത്തിന് പരിമിതികളുമുണ്ട്.
വര്‍ഷങ്ങള്‍ക്ക് ശേഷം വിദേശത്തുനിന്ന് തിരിച്ചെത്തുന്ന മലയാളികള്‍ ഏറെയാണ്. അവര്‍ക്ക് ലോകത്ത് നടക്കുന്ന കാര്യങ്ങളെ കുറിച്ച് ധാരണയുണ്ട്. മാത്രമല്ല വിദേശ ബ്രാന്‍ഡുകള്‍ സുപരിചിതവും അത് ഉപയോഗിക്കുന്നവരുമാണ്. അവര്‍ക്കിടയിലാണ് മാള്‍ വളരെ വേഗത്തില്‍ വിജയിക്കുന്നത്. രാജ്യത്ത് വളരെ വേഗത്തില്‍ വളരുന്ന മേഖലകളിലൊന്നാണ് റീറ്റെയ്ല്‍. നേരിട്ടുള്ള വിദേശ നിക്ഷേപ നയങ്ങളില്‍ ഇളവുകള്‍ വരുത്തുക കൂടി ചെയ്തതോടെ നിരവധി പുതിയ ബ്രാന്‍ഡുകളും ഇന്ത്യയില്‍ എത്തുന്നുണ്ട്.
രാജ്യത്തിന്റെ ആകെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 10% സംഭാവന ചെയ്യുന്ന റീറ്റെയ്ല്‍ മേഖലയില്‍ ആകെയുള്ള തൊഴിലാളികളുടെ എട്ടു ശതമാനവും ജോലി ചെയ്യുന്നുണ്ട്. 2032ഓടെ ഇന്ത്യന്‍ റീറ്റെയ്ല്‍ വിപണി രണ്ട് ലക്ഷം കോടി ഡോളറിന്റേതാകുമെന്നാണ് ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ് കണക്കാക്കുന്നത്.
5 പുതിയ മാളുകളുമായി ലുലു
കേരളത്തില്‍ അഞ്ച് മിനി മാളുകള്‍ തുറക്കാനുള്ള പദ്ധതിയാണ് ലുലു ഗ്രൂപ്പിനുള്ളത്. കോഴിക്കോട്, പാലക്കാട്, തിരൂര്‍, പെരിന്തല്‍മണ്ണ, കോട്ടയം എന്നിവിടങ്ങളിലായാണ് പുതിയ മാളുകള്‍ എത്തുകയെന്ന് ലുലു ഇന്ത്യ ഷോപ്പിംഗ് മാള്‍ വിഭാഗം ഡയറക്റ്റര്‍ ഷിബു ഫിലിപ്പ്സ് പറയുന്നു. നിലവില്‍ കൊച്ചി, തിരുവനന്തപുരം, തൃപ്രയാര്‍, ബംഗളൂരു, ലക്നൗ, ഹൈദരാബാദ് എന്നിവിടങ്ങളിലായി ആറ് മാളുകളാണ് ലുലു ഗ്രൂപ്പിനുള്ളത്. പ്രാദേശികമായ 30-40 ബ്രാന്‍ഡുകളും ഫുഡ്കോര്‍ട്ടുകളും ഉള്‍പ്പെടുത്തിയാണ് മിനി മാളുകള്‍ ഒരുക്കുക. 5,000-9,000 ചതുരശ്ര അടിയില്‍ എന്റര്‍റ്റെയ്ന്‍മെന്റ് ഏരിയയും ഉണ്ടാകും.
(This focus feature is originally appeared in the December first issue of Dhanam Business Magazine )
Next Story