മണപ്പുറം ഫിനാന്‍സിന് കടപ്പത്രങ്ങളിലൂടെ ₹6,000 കോടി സമാഹരിക്കാന്‍ അനുമതി

തൃശൂര്‍ ആസ്ഥാനമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ (NBFC) മണപ്പുറം ഫിനാന്‍സിന് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഓഹരികളാക്കി മാറ്റാനാകുന്ന കടപ്പത്രങ്ങള്‍ വഴി 6,000 കോടി രൂപവരെ സമാഹരിക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കി. ഇന്നലെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ ഫയലിംഗിലാണ് കമ്പനി ഇത് വ്യക്തമാക്കിയത്.

പ്രൈവറ്റ് പ്ലേസ്‌മെന്റ് അല്ലെങ്കില്‍ പബ്ലിക് ഇഷ്യു വഴി ഒന്നോ അതിലധികമോ തവണകളായി കടപ്പത്രങ്ങളിറക്കി പണം സമാഹരിക്കാം. ഏതൊക്കെ സമയങ്ങളില്‍ എത്ര തവണ കടപ്പത്രങ്ങള്‍ ഇറക്കണമെന്നത് ബോര്‍ഡ് നിശ്ചയിക്കും.

ഇതുകൂടാതെ സെക്വേര്‍ഡ്, നോണ്‍ കുമിലേറ്റീവ്, റെഡീമബിള്‍, ലിസ്റ്റഡ്, റേറ്റഡ്, നോണ്‍ കണ്‍വെര്‍ട്ടിബിള്‍ ടാക്‌സബിള്‍ ഡിബഞ്ചറുകള്‍ എന്നിവ വഴി പ്രൈവറ്റ് പ്ലേസ്‌മെന്റ് അടിസ്ഥാനത്തില്‍ 25 കോടി രൂപ സമാഹരിക്കാനും ബോർഡ് അനുമതി നൽകിയിട്ടുണ്ട്.

കഴിഞ്ഞ മാസം പ്രൈവറ്റ് പ്ലേസ്‌മെന്റ് വഴി (പൊതുവിപണിയിൽ ഇറക്കാതെ സ്വകാര്യ നിക്ഷേപകരുമായി നേരിട്ടുള്ള ധാരണയിലൂടെ ഓഹരി വിൽപന) മണപ്പുറം ഫിനാൻസ് കടപ്പത്രങ്ങളിലൂടെ 600 കോടി രൂപ സമാഹരിച്ചിരുന്നു.

ലാഭത്തിൽ വർധന
2023-24 സാമ്പത്തിക വര്‍ഷത്തെ ഒക്‌ടോബര്‍-ഡിംസബര്‍ പാദത്തില്‍ 575.31 കോടി രൂപയുടെ സംയോജിത ലാഭം രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ സമാനപാദ ലാഭമായ 393.49 കോടി രൂപയേക്കാള്‍ 46 ശതമാനവും നടപ്പു വര്‍ഷത്തെ സെപ്റ്റംബര്‍ പാദത്തിലെ 560.65 കോടി രൂപയേക്കാള്‍ 2.6 ശതമാനവും അധികമാണിത്. ഡിസംബര്‍ പാദത്തിലെ കണക്കു പ്രകാരം മണപ്പുറം ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 27 ശതമാനം വാര്‍ഷിക വളര്‍ച്ചയുമായി 40,385 കോടി രൂപയായി.

Related Articles
Next Story
Videos
Share it