ഇ.ഡി റെയ്ഡ്; വിശദീകരണവുമായി മണപ്പുറം ഫിനാന്‍സ്

ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സിന്റെ 2000 കോടി രൂപയുടെ ഓഹരികളാണ് റെയ്ഡിനു പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചതെന്ന് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ വി.പി. നന്ദകുമാര്‍. കമ്പനി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിന് അയച്ച കത്തിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്. വെള്ളിയാഴ്ച സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് ഈ കത്ത് സമര്‍പ്പിച്ചിട്ടുണ്ട്.

അതേസമയം, 143 കോടി രൂപയുടെ ബാങ്ക് ഡെപ്പോസിറ്റുകളും ഓഹരികളും മരവിപ്പിച്ചതായാണ് ഇ.ഡി വെളിപ്പെടുത്തിയിരുന്നത്.

തെളിവെടുപ്പ് ആഗ്രോ ഫാംസുമായി ബന്ധപ്പെട്ട്

മണപ്പുറം ഫിനാന്‍സുമായി ബന്ധപ്പെട്ടല്ല തന്റെ പ്രൊപ്രൈറ്ററി സ്ഥാപനമായിരുന്ന മണപ്പുറം ആഗ്രോ ഫാംസിനു(മാഗ്രോ) വേണ്ടി പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണ് ഇ.ഡിയുടെ പരിശോധനയെന്നും കത്തില്‍ നന്ദകുമാര്‍ വ്യക്തമാക്കുന്നു. നിക്ഷേപകരില്‍ നിന്ന് സമാഹരിച്ചതില്‍ 9.25 ലക്ഷം ഒഴികെയുള്ള മുഴുവന്‍ തുകയും മടക്കി നല്‍കിയതായാണ് കമ്പനി വിശദീകരിക്കുന്നത്.

തൃശൂര്‍ കേന്ദ്രീകരിച്ച് കാര്‍ഷിക മേഖലയ്ക്ക് വായ്പ നല്‍കുന്ന ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായിരുന്നു മണപ്പുറം ആഗ്രോ ഫാംസ്. കൂടാതെ നിക്ഷേപം സ്വീകരിക്കുകയും ചെയ്തിരുന്നു. 2012 ഫെബ്രുവരി ഒന്നു വരെ 143.85 കോടി രൂപ നിക്ഷേപമായി സ്ഥാപനം സ്വീകരിച്ചിരുന്നു.

എന്നാല്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് നിക്ഷേപം സ്വീകരിക്കാന്‍ അനുമതിയില്ലെന്ന റിസര്‍വ് ബാങ്കിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് 2012 ല്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതും പുതുക്കുന്നതും നിര്‍ത്തി. തുടര്‍ന്ന 2012 ഫെബ്രുവരി 6ന് നിക്ഷേപം തിരിച്ചു നല്‍കുന്നതായി പ്രമുഖ മലയാള പത്രങ്ങളില്‍ നോട്ടീസ് നല്‍കുകയും ചെയ്തു.

ഇതിനായി 2012 മാര്‍ച്ചില്‍ ഓഹരി വില്‍പ്പനയിലൂടെ 159 കോടിക്കുമേല്‍ രൂപ സമാഹരിക്കുകയും ചെയ്തു. ഫെബ്രുവരി ഒന്നു മുതല്‍ മാര്‍ച്ച് 16 വരെയുള്ള കാലയളവിനുള്ളില്‍ 34 കോടി രൂപ നിക്ഷേപകര്‍ക്ക് തിരിച്ചു നല്‍കി.

അവകാശികള്‍ എത്താതിരുന്നതിനെ തുടര്‍ന്ന് പലിശയുള്‍പ്പെടെ മിച്ചം വന്ന 119 കോടി രൂപ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ പാറമേക്കാവ് ശാഖയില്‍ എസ്‌ക്രോ അക്കൗണ്ടില്‍ നിക്ഷേപിച്ചു. പിന്നീട് സമീപിച്ച എല്ലാ നിക്ഷേപകര്‍ക്കും ഈ അക്കൗണ്ട് വഴി പണം കൈമാറി. നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ റിസര്‍വ് ബാങ്കിനെ കാലാകാലങ്ങളില്‍ അറിയിച്ചു പോരുകയും ചെയ്തു.

നിക്ഷേപം തിരിച്ചു നല്‍കുന്നതില്‍ മാഗ്രോ കാലാതാമസം വരുത്തുകയോ നിര്‍ത്തിവയ്ക്കുകയോ ചെയ്തിട്ടില്ല. 2022 ഡിസംബര്‍ 31 വരെ 143.76 കോടി രൂപയുടെ നിക്ഷേപം തിരിച്ചു നല്‍കിയിട്ടുണ്ട്. ചില നിക്ഷേപകര്‍ ക്ലെയിം ചെയ്യാത്തതു മൂലം ഇനി അക്കൗണ്ടില്‍ 9,24,693 രൂപ മിച്ചമുണ്ട്.

10 വര്‍ഷത്തിനു മുന്‍പ് സംഭവിച്ച കാര്യങ്ങളാണെന്നും ഇതുമായി ബന്ധപ്പെട്ട് വലപ്പാട് പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എഫ്.ഐ.ആര്‍ പ്രകാരമാണ് തെളിവെടുപ്പെന്നും അദ്ദേഹം കത്തില്‍ പറയുന്നു. ഇ.ഡി ആവശ്യപ്പെട്ട രേഖകളെല്ലാം കൈമാറിയതായും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തൃശൂരില്‍ മണപ്പുറം ഫിനാന്‍സിന്റെ പ്രധാന ശാഖ ഉള്‍പ്പടെ ആറിടങ്ങളിലായിരുന്നു ഇ.ഡി റെയ്ഡ് നടത്തിയത്. റെയ്ഡിനു ശേഷമാണ് ആസ്തിവകകള്‍ മരവിപ്പിക്കുന്ന നടപടിയിലേക്ക് ഇ.ഡി കടന്നത്. നിയമവിരുദ്ധമായി പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയതെന്ന് ഇ.ഡി വെളിപ്പെടുത്തിയിരുന്നു.

ഓഹരിയില്‍ ഇടിവ്

അതേസമയംഎന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടിയെ തുടര്‍ന്ന് വെള്ളിയാഴ്ചയും കമ്പനിയുടെ ഓഹരി വില കുത്തനെ ഇടിഞ്ഞു. വ്യാപാരം ആരംഭിച്ചയുടനെ ഓഹരി വില 14 ശതമാനം താഴ്ന്ന 103 രൂപയിലെത്തി. 119.25 രൂപ നിലവാരത്തിലായിരുന്നു വ്യാഴാഴ്ച ക്ലോസ് ചെയ്തത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it