

തൃശൂര്‍ ആസ്ഥാനമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2023 -2024) 47 ശതമാനം വളര്‍ച്ചയോടെ 2,198 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുന്‍ സാമ്പത്തിക വര്‍ഷമിത് (2022-2023) 1,500 കോടി രൂപയായിരുന്നു.
2024 മാര്‍ച്ച് 31ന് അവസാനിച്ച നാലാം പാദത്തില്‍ കമ്പനിയുടെ ലാഭം 35.7 ശതമാനം ഉയര്‍ന്ന് 564 കോടി രൂപയായി. മുന്‍ വര്‍ഷമിത് 415 കോടി രൂപയായിരുന്നു. ഡിസംബര്‍ പാദത്തിലെ 573 കോടിയില്‍ നിന്ന് നേരിയ ഇടിവുണ്ടായി. നാലാം പാദത്തില്‍ വരുമാനം മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തിലെ 1,798 കോടി രൂപയില്‍ നിന്ന് 2,362.22 കോടി രൂപയായി.
കൈകാര്യം ചെയ്യുന്ന ആസ്തി
കമ്പനി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 18.7 ശതമാനം ഉയര്‍ന്ന് 42,070 കോടി രൂപയിലെത്തി. മുന്‍ വര്‍ഷമിത് 35,428 കോടി രൂപയായിരുന്നു. കമ്പനിയുടെ വാര്‍ഷിക പ്രവര്‍ത്തന വരുമാനം 32 ശതമാനം ഉയര്‍ന്ന് 8,848 കോടി രൂപയായി. മുന്‍ വര്‍ഷം 6,697 കോടി രൂപയായിരുന്നു. രണ്ടു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് ഒരു രൂപ നിരക്കില്‍ ഇടക്കാല ലാഭവിഹിതം വിതരണം ചെയ്യാനും കമ്പനി ഡയറക്ടര്‍മാരുടെ ബോര്‍ഡ് യോഗം തീരുമാനിച്ചു.
സാമ്പത്തിക വര്‍ഷത്തില്‍ ലാഭത്തിൽ ശ്രദ്ധേയമായ വളര്‍ച്ച കൈവരിച്ചതില്‍ സന്തോഷമുണ്ടെന്നും സ്വര്‍ണ വായ്പാ ഇതര വിഭാഗങ്ങളായ മൈക്രോഫിനാന്‍സ്, വാണിജ്യ വാഹന, ഭവന വായ്പാ വിഭാഗങ്ങളുടെ മികച്ച പ്രകടനം പ്രോത്സാഹജനകമാണെന്നും മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എം.ഡിയും സി.ഇ.ഒയുമായ വി.പി. നന്ദകുമാര്‍ പറഞ്ഞു.
പ്രധാന ബിസിനസ് ആയ സ്വര്‍ണ വായ്പയിലും മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് കാര്യമായ വളര്‍ച്ച നേടിയിട്ടുണ്ട്. ഉപകമ്പനികള്‍ മാറ്റിനിര്‍ത്തിയുള്ള കമ്പനിയുടെ സ്വര്‍ണ വായ്പാ ആസ്തി മൂല്യം മൂന്നാം പാദത്തേക്കാള്‍ 3.6 ശതമാനവും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 8.9 ശതമാനവും വര്‍ധിച്ച് 21,500 കോടി രൂപയിലെത്തി. 2024 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം 25 ലക്ഷം സ്വര്‍ണ വായ്പാ ഉപഭോക്താക്കള്‍ കമ്പനിക്കുണ്ട്.
2024 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം കമ്പനിയുടെ അറ്റ ആസ്തിമൂല്യം 11,548 കോടി രൂപയാണ്. അറ്റ നിഷ്‌ക്രിയ ആസ്തി 1.70 ശതമാനവും മൊത്ത നിഷ്‌ക്രിയ ആസ്തി 1.93 ശതമാനവുമാണ്.
ഉപകമ്പനികളുടെ പ്രകടനം
കമ്പനിക്കു കീഴിലുള്ള ആശിര്‍വാദ് മൈക്രോഫിനാന്‍സ് ലിമിറ്റഡിന്റെ ആസ്തി ഈ സാമ്പത്തിക വര്‍ഷം 18 ശതമാനം വര്‍ധിച്ച് 11,881 കോടി രൂപയിലെത്തി. കമ്പനിയുടെ വാഹന ഉപകരണ വായ്പാ വിഭാഗം 69 ശതമാനമെന്ന മികച്ച വളര്‍ച്ചയോടെ സാമ്പത്തിക വര്‍ഷത്തെ ആസ്തി മൂല്യം 4111 കോടി രൂപയിലെത്തിച്ചു.
ഭവന വായ്പാ വിഭാഗമായ മണപ്പുറം ഹോം ഫിനാന്‍സ് ആസ്തി മൂല്യത്തില്‍ 38 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച നേടിയത്. ആസ്തി ഇത്തവണ 1,510 കോടി രൂപയിലെത്തി. കമ്പനിയുടെ മൊത്തം വായ്പാ ബിസിനസില്‍ 49 ശതമാനവും സ്വർണം ഒഴികെയുള്ള ബിസിനസില്‍ നിന്നാണ്.
2024 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം സബ്‌സിഡിയറികള്‍ ഉള്‍പ്പെടാതെയുള്ള കമ്പനിയുടെ സംയോജിത കടം 33,654 കോടി രൂപയാണ്. 68 ലക്ഷം സജീവ ഉപഭോക്താക്കളാണ് നിലവില്‍ കമ്പനിക്കുള്ളത്.
ഓഹരി ഉയർച്ചയിൽ
ഇന്നലെ ഓഹരി വിപണി വ്യാപാരം അവസാനിപ്പിക്കുന്ന വേളയിലാണ് മണപ്പുറം ഫിനാന്‍സ് പാദഫലപ്രഖ്യാപനം നടത്തിയത്. വ്യാപാരാന്ത്യത്തില്‍ 1.51 ശതമാനം ഉയര്‍ന്ന് 181.25 രൂപയിലാണ് ഓഹരിയുള്ളത്. ഒരു വര്‍ഷക്കാലയളവില്‍ 62 ശതമാനമാണ് ഓഹരിയുടെ നേട്ടം. ഇന്നലത്തെ വിലയനുസരിച്ച് കമ്പനിയുടെ വിപണി മൂല്യം 15,269.68 കോടി രൂപയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine