മണപ്പുറം-ബെയ്ന്‍ ക്യാപിറ്റല്‍ ഇടപാടില്‍ അനിശ്ചിതത്വമില്ല, ഊഹാപോഹങ്ങള്‍ തള്ളി മാനേജ്മെൻ്റ്; ഇടപാട് മൂല്യം ₹10,000 കോടിയിലേറെ

ആര്‍.ബി.ഐ അനുമതിയുമായി ബന്ധപ്പെട്ട തടസങ്ങള്‍ ഇടപാടിനെ ബാധിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ മണപ്പുറം നിഷേധിച്ചു
image:@file
image:@file
Published on

അമേരിക്കന്‍ പ്രൈവറ്റ് ഇക്വിറ്റി ഭീമനായ ബെയ്ന്‍ ക്യാപിറ്റലുമായുള്ള ഇടപാട് വൈകുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി തൃശൂർ ആസ്ഥാനമായ പ്രമുഖ സ്വർണ വായ്പാ സ്ഥാപനമായ മണപ്പുറം ഫിനാന്‍സ്. ആര്‍.ബി.ഐ അനുമതിയുമായി ബന്ധപ്പെട്ട തടസങ്ങള്‍ ഇടപാടിനെ ബാധിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചുകൊണ്ടാണ് മണപ്പുറം രംഗത്തെത്തിയത്.

ബെയ്ന്‍ ക്യാപിറ്റലിന് നിലവില്‍ ഇന്ത്യയിലെ മറ്റൊരു വായ്പാ സ്ഥാപനമായ ടൈഗര്‍ ക്യാപിറ്റലില്‍ (Tyger Capital) വലിയ ഓഹരി പങ്കാളിത്തമുണ്ട് (ഏകദേശം 93%). ഒരേ നിക്ഷേപകന്‍ തന്നെ രണ്ട് വ്യത്യസ്ത വായ്പാ സ്ഥാപനങ്ങളില്‍ നിയന്ത്രണാധികാരം കൈയ്യാളുന്നത് റിസര്‍വ് ബാങ്ക് പ്രോത്സാഹിപ്പിക്കാറില്ല എന്ന നിരീക്ഷണത്തെ തുടര്‍ന്നാണ് ഈ ഇടപാടില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ച മണപ്പുറം ഓഹരികളില്‍ 10 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയിരുന്നു.

നടപടികള്‍ പുരോഗമിക്കുന്നു

മണപ്പുറം ഫിനാന്‍സിലും അതിന്റെ അനുബന്ധ സ്ഥാപനങ്ങളായ ആശീര്‍വാദ് മൈക്രോ ഫിനാന്‍സ്, മണപ്പുറം ഹോം ഫിനാന്‍സ് എന്നിവയിലും മാനേജ്മെന്റ് മാറ്റങ്ങള്‍ വരുത്തുന്നതിനായി ആര്‍.ബി.ഐ ഇതിനകം അനുമതി നല്‍കിക്കഴിഞ്ഞതായി മണപ്പുറം ഫിനാന്‍സ് വ്യക്തമാക്കി.

ഇടപാടിന്റെ അന്തിമ നിയന്ത്രണ കൈമാറ്റത്തിനുള്ള (Change of Control) അപേക്ഷ നിലവില്‍ ആര്‍.ബി.ഐയുടെ പരിഗണനയിലാണ്. ഇതിനാവശ്യമായ എല്ലാ രേഖകളും മണപ്പുറം സമര്‍പ്പിച്ചിട്ടുണ്ടെന്നും സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ കമ്പനി വ്യക്തമാക്കി.

ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത് യാഥാര്‍ത്ഥ്യത്തിന് നിരക്കാത്ത വാര്‍ത്തകളാണെന്നും ഇടപാട് റദ്ദാക്കി എന്നോ വലിയ തോതില്‍ വൈകുന്നു എന്നോ ഉള്ള വാര്‍ത്തകള്‍ ഊഹാപോഹങ്ങള്‍ മാത്രമാണെന്നും കമ്പനി അറിയിച്ചു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലായിരുന്നു മണപ്പുറം ഫിനാന്‍സിലെ ഓഹരികള്‍ വാങ്ങാനുള്ള താല്പര്യം ബെയ്ന്‍ കാപ്പിറ്റല്‍ അറിയിച്ചത്. സെബി (SEBI), സി.സി.ഐ (CCI) എന്നിവയുടെ അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളിലെ വലിയ നിക്ഷേപങ്ങള്‍ക്ക് ആര്‍.ബി.ഐയുടെ അന്തിമ അനുമതി നിര്‍ബന്ധമാണ്.

ബെയിന്‍-മണപ്പുറം ഇടപാട്

ഇക്വിറ്റി ഓഹരികളുടെയും വാറന്റുകളുടെയും പ്രിഫറന്‍ഷ്യല്‍ അലോട്ട്‌മെന്റിലൂടെ മണപ്പുറം ഫിനാന്‍സിന്റെ 18% ഓഹരികള്‍ ഏറ്റെടുക്കാനായി 4,385 കോടി രൂപയുടെ നിക്ഷേപമാണ് ബെയിന്‍ ക്യാപിറ്റല്‍ നടത്താന്‍ ഉദ്ദേശിക്കുന്നത്.

ബെയിന്‍ ക്യാപിറ്റലിനു കീഴിലുള്ള നിക്ഷേപ വിഭാഗമായ ബിസി ഏഷ്യ ഇന്‍വെസ്റ്റ്‌മെന്റ്സ് XXV ലിമിറ്റഡ് (BC Asia Investments XXV Limited) വഴി ഒരു ഓഹരിക്ക് 236 രൂപ നിരക്കില്‍ 9.29 കോടി ഇക്വിറ്റി ഓഹരികള്‍ ഏറ്റെടുക്കാനാണ് ബെയ്ന്‍ കാപ്പിറ്റല്‍ ലക്ഷ്യമിടുന്നത്. ഇതേ വിലയില്‍ അത്രതന്നെ വാറന്റുകള്‍ ബിസി ഏഷ്യ ഇന്‍വെസ്റ്റ്‌മെന്റ്സ് XIV ലിമിറ്റഡിനും അനുവദിക്കും. പിന്നീട് ഇക്വിറ്റി ഓഹരിയായി മാറ്റാന്‍ സാധിക്കുന്നവയാണ് ഓരോ വാറന്റും. അതായത് മൊത്തം 18 ശതമാനം ഓഹരികള്‍ ബെയിന്‍ ക്യാപിറ്റലിന് ഈ കരാര്‍ വഴി സ്വന്തമാകും.

ഇതുകൂടാതെ ഓപ്പണ്‍ ഓഫര്‍ വഴി 26 ശതമാനം അധിക ഓഹരികള്‍ കൂടി മണപ്പുറം ഫിനാന്‍സില്‍ സ്വന്തമാക്കാനും ബെയിന്‍ ക്യാപിറ്റലിന് അവസരം ലഭിക്കും. 236 രൂപ നിരക്കില്‍ ഇതിനായി 5,864 കോടി രൂപവരെ ബെയിന്‍ ക്യാപിറ്റല്‍ മുടക്കേണ്ടി വരും. അങ്ങനെ മണപ്പുറത്തിന്റെ 44 ശതമാനം വരെ ഓഹരികള്‍ക്കായി 10,000 കോടിയിലധികം രൂപയാണ് ബെയിന്‍ ക്യാപിറ്റല്‍ നിക്ഷേപിക്കുക. ഇടപാടുകളും ഓപ്പണ്‍ ഓഫറും പൂര്‍ത്തിയാകുന്നതോടെ, നിലവിലെ പ്രൊമോട്ടര്‍മാരായ വി.പി. നന്ദകുമാറിനും സുഷമ നന്ദകുമാറിനുമൊപ്പം ബെയ്ന്‍ കാപ്പിറ്റലും ജോയിന്റ് പ്രൊമോട്ടറാകും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com