മണപ്പുറം ഫിനാന്‍സ് ₹7,400 കോടി സമാഹരിക്കുന്നു; അനുബന്ധ സ്ഥാപനങ്ങളില്‍ അധിക മൂലധന നിക്ഷേപത്തിന് അനുമതി, ഗ്രൂപ്പ് സിടിഒ ആയി നാരായണന്‍ ഈശ്വരന്‍ ചുമതലയേറ്റു

പ്രൈവറ്റ് പ്ലേസ്മെന്റിലൂടെയോ പബ്ലിക് ഇഷ്യൂ വഴിയോ മാറ്റിയെടുക്കാവുന്ന ഡിബഞ്ചറുകള്‍ പുറത്തിറക്കിയാകും ഈ തുക കണ്ടെത്തുക
V.P.Nandakumar, Manappuram Finance
V.P.Nandakumar, Manappuram Finance
Published on

തൃശൂര്‍ ആസ്ഥാനമായ പ്രമുഖ നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനിയായ (NBFC) മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ്, 2026-27 സാമ്പത്തിക വര്‍ഷത്തില്‍ വിവിധ മാര്‍ഗങ്ങളിലൂടെ 7,400 കോടി രൂപ സമാഹരിക്കാന്‍ തീരുമാനിച്ചു. മാര്‍ച്ച് 30-ന് ചേര്‍ന്ന കമ്പനി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായത്.

പുതിയ സാമ്പത്തിക വര്‍ഷത്തേക്ക് മൊത്തം 7,400 കോടി രൂപ വരെ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പ്രൈവറ്റ് പ്ലേസ്മെന്റിലൂടെയോ പബ്ലിക് ഇഷ്യൂ വഴിയോ മാറ്റിയെടുക്കാവുന്ന ഡിബഞ്ചറുകള്‍ (Redeemable Non-Convertible Debentures) പുറത്തിറക്കിയാകും ഈ തുക കണ്ടെത്തുക. വിവിധ ഘട്ടങ്ങളിലായാകും ഫണ്ട് സമാഹരണം നടക്കുകയെന്ന് കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

കമ്പനിയുടെ സാങ്കേതിക വിഭാഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നാരായണന്‍ ഈശ്വരനെ മണപ്പുറം ഫിനാന്‍സിന്റെ ഗ്രൂപ്പ് ചീഫ് ടെക്‌നോളജി ഓഫീസറായി (Group CTO) നിയമിച്ചു. സീനിയര്‍ മാനേജ്മെന്റ് തസ്തികയിലുള്ള ഈ നിയമനം മാര്‍ച്ച് 30 മുതല്‍ പ്രാബല്യത്തില്‍ വന്നു.

അനുബന്ധ സ്ഥാപനങ്ങളില്‍ അധിക നിക്ഷേപം

കമ്പനിയുടെ അനുബന്ധ സ്ഥാപനങ്ങളായ ആശിര്‍വാദ് മൈക്രോ ഫിനാന്‍സ് ലിമിറ്റഡ് (AMFL), മണപ്പുറം ഹോം ഫിനാന്‍സ് ലിമിറ്റഡ് (MAHOFIN) എന്നിവയില്‍ കൂടുതല്‍ നിക്ഷേപം നടത്താനും ബോര്‍ഡ് തീരുമാനിച്ചു. ആശിര്‍വാദ് മൈക്രോ ഫിനാന്‍സില്‍ ഏകദേശം 790.59 കോടി രൂപയുടെ അധിക ഇക്വിറ്റി നിക്ഷേപം നടത്തും.

സ്ഥാപനത്തിന്റെ മൂലധനച്ചെലവുകള്‍ക്കും (Capex) പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കുമാണ് ഈ തുക ഉപയോഗിക്കുക. ഈ നിക്ഷേപത്തിന് ശേഷം മണപ്പുറം ഫിനാന്‍സിന് ആശിര്‍വാദിലുള്ള ഓഹരി പങ്കാളിത്തം 98.56 ശതമാനത്തില്‍ നിന്ന് 99.06 ശതമാനമായി ഉയരും. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 2,705.43 കോടി രൂപയാണ് കമ്പനിയുടെ വിറ്റുവരവ്.

പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമായ മണപ്പുറം ഹോം ഫിനാന്‍സില്‍ 150 കോടി രൂപയുടെ അധിക ഇക്വിറ്റി നിക്ഷേപത്തിനാണ് അനുമതി. ഹോം ഫിനാന്‍സ് മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനാണ് ഈ തുക. നിലവില്‍ കമ്പനിക്ക് ഇതില്‍ 100% ഓഹരി പങ്കാളിത്തമുണ്ട്, നിക്ഷേപത്തിന് ശേഷവും ഇത് മാറ്റമില്ലാതെ തുടരും. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 313.9089 കോടി രൂപയാണ് കമ്പനിയുടെ വിറ്റുവരവ്.

ബോര്‍ഡ് പുനഃസംഘടിപ്പിക്കും

ആഗോള നിക്ഷേപ സ്ഥാപനമായ ബെയ്ന്‍ ക്യാപിറ്റലിന് മണപ്പുറം ഫിനാന്‍സില്‍ ഏകദേശം 4,385 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ അടുത്തിടെ ആര്‍ബിഐ അനുമതി നല്‍കിയിരുന്നു. ഈ ഇടപാടിന്റെ ഭാഗമായി ബെയ്ന്‍ ക്യാപിറ്റല്‍ കമ്പനിയുടെ പ്രൊമോട്ടര്‍ പദവിയിലേക്ക് വരികയും നിലവിലെ പ്രൊമോട്ടര്‍മാര്‍ക്കൊപ്പം സംയുക്ത നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യും. ഇതിന്റെ ഭാഗമായി മണപ്പുറം ഫിനാന്‍സിന്റെ 26% ഓഹരികള്‍ പൊതു ഓഹരി ഉടമകളില്‍ നിന്ന് വാങ്ങുന്നതിനായി ബെയ്ന്‍ ക്യാപിറ്റല്‍ ഒരു ഓപ്പണ്‍ ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്.

ഒരു ഓഹരിക്ക് 236 രൂപ വീതമാണ് ഓഫര്‍. ഏപ്രില്‍ 6 മുതല്‍ ഏപ്രില്‍ 20 വരെയാണ് ഓപ്പണ്‍ ഓഫര്‍ നടക്കുക. ഈ ഓപ്പണ്‍ ഓഫര്‍ പൂര്‍ത്തിയാകുന്നതോടെ ബെയ്ന്‍ ക്യാപിറ്റലിന്റെ ഓഹരി പങ്കാളിത്തം 18% മുതല്‍ 41.66% വരെയായി ഉയരാന്‍ സാധ്യതയുണ്ട്. ഇടപാടിന്റെ ഭാഗമായി മണപ്പുറം ഫിനാന്‍സിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ബോര്‍ഡ് പുനഃസംഘടിപ്പിക്കാനും അനുമതിയായിട്ടുണ്ട്.

Manappuram Finance plans ₹7,400 crore fundraising while boosting subsidiary investments and strengthening its technology leadership.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com