
സാമ്പത്തിക പ്രതിസന്ധിയിലായ ബൈജൂസിന്റെ ഉപസ്ഥാപനമായ ആകാശ് എഡ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്ഥാപകന്‍ ബൈജു രവീന്ദ്രനും മാതൃകമ്പനിയായ തിങ്ക് ആന്‍ഡ് ലേണിനുമുള്ള ബാക്കി ഓഹരികള്‍ കൂടി ഏറ്റെടുക്കാന്‍ മണിപ്പാല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ രഞ്ജന്‍ പൈ.
ഇക്കഴിഞ്ഞ ജനുവരിയിലാണ് ആകാശിന്റെ 39 ശതമാനം ഓഹരികള്‍ രഞ്ജന്‍ പൈ സ്വന്തമാക്കിയത്. ഇപ്പോള്‍ ശേഷിക്കുന്ന 43 ശതമാനം ഓഹരികള്‍ കൂടി സ്വന്തമാക്കാനാണ് പദ്ധതി. നിലവില്‍ ബൈജു രവീന്ദ്രന് 17 ശതമാനം ഓഹരികളും തിങ്ക് ആന്‍ഡ് ലേണിന് 26 ശതമാനം ഓഹരികളുമാണ് ആകാശിലുള്ളത്. ആകാശിന്റെ സ്ഥാപകന്‍ ചൗധരിക്കും കുടുംബത്തിനും 10 ശതമാനം ഓഹരികളുണ്ട്. എട്ട് ശതമാനം ഓഹരികള്‍ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ബ്ലാക്ക്സ്റ്റോണിനാണ്.
ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിലവിലുള്ള 39 ശതമാനം ഓഹരികള്‍ക്കൊപ്പം 43 ശതമാനം ഓഹരികള്‍ കൂടി കൂട്ടിച്ചേര്‍ത്ത് മൊത്തം 82 ശതമാനം ഓഹരികളുമായി കമ്പനിയുടെ പൂര്‍ണ നിയന്ത്രണം സ്വന്തമാക്കാനാണ് രഞ്ജന്‍ പൈയുടെ ഉദ്ദേശ്യം. നിലവില്‍ 43 ശതമാനം ഓഹരികളുള്ള ബൈജൂസിനാണ് ആകാശില്‍ നിയന്ത്രണാധികാരം.
പൂര്‍ണ നിയന്ത്രണം പൈയിലേയ്ക്ക്
ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടിന് 70-80 കോടി ഡോളര്‍ (ഏകദേശം 5,833-6,670 കോടി രൂപ) മൂല്യം കണക്കാക്കി ഏറ്റെടുക്കാന്‍ തയാറാണെന്ന് രഞ്ജന്‍ പൈ ബൈജൂസിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെയും ഏകദേശം ഈ മൂലം കണക്കാക്കിയായിരുന്നു ഓഹരി വില്‍പ്പന. എന്നാല്‍ പുതിയ ഏറ്റെടുക്കല്‍ വാര്‍ത്തകള്‍ ബൈജൂസ് സ്ഥിരീകരിച്ചിട്ടില്ല.
നിരവധി പ്രതിസന്ധികള്‍ അഭിമുഖീകരിക്കുന്ന ബൈജൂസിന് ആശ്വാസമാകും രഞ്ജന്‍ പൈയുടൈ നീക്കം. എന്നാല്‍ നിയന്ത്രണം പൂര്‍ണമായും രഞ്ജന്‍ പൈയുടെ കൈകളിലേക്ക് പോകും. ബൈജൂസിന് മുന്നില്‍ മറ്റ് വഴികളില്ലാത്തതിനാല്‍ ഈ ഓഫര്‍ സ്വീകരിക്കാനാണ് സാധ്യത. പ്രതാപകാലത്ത് ബൈജൂസ് ഏറ്റെടുത്ത ഉപകമ്പനികളായ എപ്പിക്ക്, ഗ്രേറ്റ് ലേണിംഗ് എന്നിവയെ വിറ്റഴിച്ച് കനത്ത കടബാദ്ധ്യത പരിഹരിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഏറ്റെടുക്കാന്‍ തയ്യാറായി കമ്പനികളൊന്നും മുന്നോട്ടു വന്നില്ല.
ആശ്വാസമായ ഏക കമ്പനി
നിലവില്‍ ബൈജൂസിന് കീഴില്‍ സാമ്പത്തിക നേട്ടം കൈവരിക്കുന്ന ഏക സ്ഥാപനമാണ് ആകാശ്. അതാണ് രഞ്ജന്‍ പൈയെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. പ്രതിസന്ധി ഘട്ടത്തില്‍ ബൈജൂസിന്റെ രക്ഷകനായാണ് രഞ്ജന്‍ പൈ ആദ്യമെത്തിയത്. അമേരിക്കന്‍ ധനകാര്യസ്ഥാപനമായ ഡേവിഡ്‌സണ്‍ ആന്‍ഡ് കെംപ്‌നറിന് വീട്ടാനുണ്ടായിരുന്ന വായ്പ തിരിച്ചടയ്ക്കാനാവാതെ ബാധ്യതയായ വേളയിലാണ് സഹായവുമായി രഞ്ജന്‍ പൈ എത്തിയത്. 20 കോടി ഡോളറിന്റെ (ഏകദേശം 1,660 കോടി രൂപ) നിക്ഷേപമാണ് ഇതിനായി രഞ്ജന്‍ പൈ നടത്തിയത്. കഴിഞ്ഞ വര്‍ഷം മൊത്തം 30 കോടി (ഏകദേശം 2,500 കോടി രൂപ) ഡോളറിന്റെ നിക്ഷേപം ബൈജൂസില്‍ രഞ്ജന്‍ പൈ നടത്തിയിട്ടുണ്ട്.
2021-22ല്‍ ബൈജൂസ് രേഖപ്പെടുത്തിയത് 8,254 കോടി രൂപയുടെ നഷ്ടമായിരുന്നു. അതേ വര്‍ഷം ആകാശ് 40 ശതമാനം വളര്‍ച്ചയോടെ 1,491 കോടി രൂപയുടെ വരുമാനം നേടി. ലാഭം 82 ശതമാനം കുതിച്ച് 79.5 കോടി രൂപയുമായിരുന്നു.
എന്നാല്‍ ഏക ആശ്വാസമായ ആകാശിലെ നിയന്ത്രണം നഷ്ടപ്പെടുന്നത് ബൈജൂസിന് വലിയ ആഘാതമായിരിക്കുമെന്നാണ് വിലയിരുത്തലുകള്‍. പുതിയ ഏറ്റെടുക്കല്‍ നടപ്പായാല്‍ ആകാശിന്റെ ഉടമസ്ഥരായ ചൗധരി കുടുംബം തുടരുമോ എന്നതും സംശയമാണ്. ഓഹരി സ്വാപ് ഡീലിലൂടെയാണ് ബൈജൂസ് ആകാശിനെ സ്വന്തമാക്കിയത്. ഇതു വഴി തിങ്ക് ആന്‍ഡ് ലേണില്‍ ചൗധരിക്ക് ഓഹരി നല്‍കിയിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine