Begin typing your search above and press return to search.
പാചക പരീക്ഷണങ്ങള്‍ക്കൊരിടം, എം.ഇ മീരാന്‍ ഇന്നൊവേഷൻ സെന്റര്‍ കൊച്ചിയില്‍
പുതിയ രുചികൂട്ടുകള്‍ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് ഈസ്‌റ്റേണ്‍ കോണ്ടിമെന്റ്‌സിന്റെ മാതൃകമ്പനിയായ ഓര്‍ക്‌ല എം.ഇ മീരാന്‍ ഇന്നൊവേഷൻ സെന്റര്‍ തുറന്നു. കൊച്ചിയിലെ ഈസ്റ്റേണ്‍ കോണ്ടിമെന്റ്‌സ് കോര്‍പറേറ്റ് ഓഫീസില്‍ ഓര്‍ക്‌ല ചെയര്‍മാന്‍ സ്‌റ്റെയിന്‍ എറിക് ഹാഗനും ഗ്രൂപ്പ് മീരാന്‍ ചെയര്‍പേഴ്‌സണ്‍ നഫീസ മീരാനും സംയുക്തമായാണ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
ഇന്നൊവേഷന് ആവശ്യമായതെല്ലാം ലഭിക്കുന്ന അത്യാന്താധുനിക സൗകര്യങ്ങളോടെയാണ് സെന്റര്‍ ഒരുക്കിയിരിക്കുന്നത്. കേരളത്തിന്റെ പരമ്പരാഗത വിഭവങ്ങളും ആധുനികമായ പാചകരീതികളും ഇവിടെ സംയോജിക്കുന്നു. നാലു ദശകത്തിലധികമായി തനതായ വിഭവങ്ങളെപ്പറ്റി സമാഹരിച്ച അറിവും വൈദഗ്ധ്യവും ഉപയോഗപ്പെടുത്തി നിരവധി പാചക പരീക്ഷണങ്ങള്‍ക്ക് ഇവിടെ അവസരമുണ്ട്. സെന്റര്‍ ഓഫ് എക്‌സലന്‍സ്, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ എന്നിവയോടു കൂടിയ ഇന്നൊവേഷന്‍ സെന്ററില്‍ ആധുനിക അടുക്കള, ഇന്നൊവേഷൻ ലാബ് എന്നിവയുമുണ്ട്.
ഈസ്റ്റേണിനെ സമ്പൂര്‍ണ ഭക്ഷ്യ കമ്പനിയാക്കി മാറ്റുക എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പാണിതെന്ന് ഈസ്റ്റേണ്‍ കോണ്ടിമെന്റ്‌സ് സി.ഇ.ഒ നവാസ് മീരാന്‍ പറഞ്ഞു. 2021 ലാണ് നോര്‍വെ കമ്പനിയായ ഓര്‍ക്‌ല ഈസ്‌റ്റേണ്‍ കോണ്ടിമെന്റ്‌സിനെ ഏറ്റെടുക്കുന്നത്. നിലവില്‍ 46 ശതമാനം വിപണി വിഹിതവുമായി കേരളത്തിലെ ഭക്ഷ്യോത്പന്ന മേഖലയിലെ മുന്‍നിരകമ്പനികളിലൊന്നാണ് ഈസ്റ്റേണ്‍. കേരളത്തിലെ 90 ശതമാനം വീടുകളിലും ഈസ്റ്റേണ്‍ കടന്നെത്തുന്നുണ്ട്. ഓര്‍ക്‌ലയ്ക്കും ഈസ്റ്റേണിനും സംയുക്തമായി 11 ഫാക്ടറികളുണ്ട്. 500 കോടി ഡോളര്‍ (ഏകദേശം 41,000 കോടി രൂപ) വിറ്റുവരവുള്ള കമ്പനിയാണ് ഓര്‍ക്‌ല.
ഓര്‍ക്‌ലയുടെ ഇന്ത്യ ഓപ്പറേഷന്‍സ് ഹെഡ് സഞ്ജയ് ശര്‍മ, ഗ്രൂപ്പ് മീരാന്‍ വൈസ് ചെയര്‍മാന്‍ ഫിറോസ് മീരാന്‍ എന്നിവരും ഉദ്ഘാടനത്തില്‍ പങ്കെടുത്തു.
Next Story
Videos