

ഇന്ത്യയില്‍ ഒരു മെഗാ പ്രൊജക്റ്റ് പ്രഖ്യാപിച്ചാല്‍ അത് കൃത്യസമയത്ത് പൂര്‍ത്തിയാകുമോ എന്ന് രാജ്യം മുഴുവൻ സംശയിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. കാലതാമസവും ചുവപ്പുനാടയും ശാപമായ അത്തരം പദ്ധതികളെ നിശ്ചിത സമയത്തിന് മുൻപേ ജനങ്ങളിലേക്ക് എത്തിച്ച് വിപ്ലവം സൃഷ്ടിച്ച മാന്ത്രികനാണ് ഡോ. ഇ ശ്രീധരൻ. ഭാരതത്തിന്റെ അടിസ്ഥാന സൗകര്യ വികസന ചരിത്രം തിരുത്തിക്കുറിച്ച ഈ എഞ്ചിനീയറിംഗ് വിസ്മയത്തിന് ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് 2026 നല്‍കി ആദരിച്ച് ധനം ബിസിനസ് മീഡിയ. കൊച്ചി ലെമെറിഡിയനില്‍ നടന്ന ചടങ്ങില്‍ മന്ത്രി റോജി എം ജോര്‍ജ് അവാര്‍ഡ് സമ്മാനിച്ചു.
കൊച്ചിൻ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡിന്റെ സിഎംഡിയായി വിരമിച്ച മധു എസ്. നായർ ഒരിക്കൽ ഇദ്ദേഹത്തെ വിശേഷിപ്പിച്ചത് "ശ്രീധരൻ സാർ ശരിക്കും ദൈവമാണ്" എന്നാണ്. വെറും ഒരു വർഷത്തോളം മാത്രമാണ് ഡോ. ഇ ശ്രീധരൻ കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ സിഎംഡിയായി സേവനമനുഷ്ഠിച്ചതെങ്കിലും, ആ സ്ഥാപനത്തിന്റെ നേതൃനിരയിൽ അദ്ദേഹം ചെലുത്തിയ സ്വാധീനം അത്രമേൽ ആഴത്തിലുള്ളതായിരുന്നു.
ഡോ. ഇ ശ്രീധരന്റെ അസാധാരണമായ പ്രതിഭ രാജ്യം ആദ്യമായി തിരിച്ചറിയുന്നത് 1963-ലാണ്. കനത്ത തിരമാലയിൽ തകർന്നുപോയ പാമ്പൻ റെയിൽവേ പാലത്തിന്റെ 126 സ്പാനുകൾ വെറും 46 ദിവസം കൊണ്ടാണ് അദ്ദേഹം പുനഃസ്ഥാപിച്ചത്. അക്കാലത്ത് ദക്ഷിണ റെയിൽവേയിൽ എക്സിക്യുട്ടീവ് എഞ്ചിനീയറായിരുന്നു അദ്ദേഹം. റെയിൽവേ മന്ത്രാലയം കുറഞ്ഞത് ആറുമാസമെങ്കിലും എടുക്കുമെന്ന് കണക്കാക്കിയ ജോലിയാണ് റെക്കോർഡ് വേഗത്തിൽ പൂർത്തിയാക്കി അദ്ദേഹം എല്ലാവരെയും ഞെട്ടിച്ചത്.
മുംബൈ മുതൽ മാംഗ്ലൂർ വരെ 760 കിലോമീറ്റർ ദൈർഘ്യത്തിൽ, അങ്ങേയറ്റം ദുർഘടം പിടിച്ച ഭൂപ്രദേശത്തിലൂടെ നീളുന്ന കൊങ്കൺ റെയിൽവേ പാത വെറും ഏഴ് വർഷം കൊണ്ട് യാഥാർത്ഥ്യമാക്കിയതിന് പിന്നിലും ഈ മലയാളി കരുത്തുണ്ടായിരുന്നു. കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിന്റെ സിഎംഡി എന്ന നിലയിൽ അദ്ദേഹം കാട്ടിയ ദീർഘവീക്ഷണം ഇന്ത്യയുടെ ഗതാഗത ചരിത്രത്തിലെ സുവർണ്ണ അധ്യായമാണ്.
തുടർന്ന് 1997 നവംബറിൽ രാജ്യത്തിന്റെ സ്വപ്ന പദ്ധതിയായ ഡെൽഹി മെട്രോയുടെ ചുക്കാൻ അദ്ദേഹം ഏറ്റെടുത്തു. 2011 ഡിസംബറിൽ ആ പദവി ഒഴിയുമ്പോഴേക്കും ഡെൽഹി മെട്രോ കമ്മീഷൻ ചെയ്തുകഴിഞ്ഞിരുന്നു. ഇന്ന് 12 ലൈനുകളിലായി പ്രതിദിനം 70 മില്യൺ യാത്രക്കാരുമായി പായുന്ന ഡെൽഹി മെട്രോയ്ക്ക് അടിത്തറയിട്ടത് അദ്ദേഹമാണ്. ഡെൽഹിയുടെ വിജയത്തിന് ശേഷം കൊച്ചി മെട്രോ ഉൾപ്പെടെ രാജ്യത്തെ 21 നഗരങ്ങളിലേക്ക് മെട്രോ വിപ്ലവം വ്യാപിപ്പിക്കാനും ഈ 'മെട്രോമാൻ' മുന്നിൽ നിന്ന് നയിച്ചു.
പാലക്കാട് ജില്ലയിലെ ഒരു ഗ്രാമത്തിൽ 1932 ജൂൺ 12-നാണ് ഇ. ശ്രീധരന്റെ ജനനം. ആന്ധ്ര യൂണിവേഴ്സിറ്റിയിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ മിന്നുന്ന വിജയം നേടിയ ശേഷം 1954-ൽ ഇന്ത്യൻ റെയിൽവേ സർവീസ് ഓഫ് എഞ്ചിനീയേഴ്സിൽ കരിയർ ആരംഭിച്ചു.ഡെൽഹി മെട്രോയിൽ നിന്ന് വിരമിച്ച ശേഷവും പ്രിൻസിപ്പൽ അഡ്വൈസറായി അദ്ദേഹം സേവനം തുടർന്നു. ഐക്യരാഷ്ട്ര സഭയുടെ ഹൈ ലെവൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ സസ്റ്റെയ്നബിൾ ട്രാൻസ്പോർട്ട് സമിതിയിലും അദ്ദേഹം അംഗമായിരുന്നു.
2001-ൽ പത്മശ്രീ, 2008-ൽ പത്മവിഭൂഷൺ എന്നിവ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 2003-ൽ ടൈം മാഗസിന്റെ 'ഏഷ്യൻ ഹീറോസ്' പട്ടികയിൽ ഇടംപിടിച്ച അദ്ദേഹത്തിന് ഫ്രാൻസ്, ജപ്പാൻ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്നും പരമോന്നത പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതിന് പുറമെ നിരവധി ഐഐടികളും യൂണിവേഴ്സിറ്റികളും ഹോണററി ഡോക്ടറേറ്റ് നൽകിയും ഈ പ്രതിഭയെ ആദരിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസന രംഗത്തെ അദ്ദേഹത്തിന്റെ ആയുഷ്കാല സംഭാവനകൾ മുൻനിർത്തിയാണ് ഇപ്പോൾ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ് സമർപ്പിക്കുന്നത്.
India's legendary 'Metroman' Dr. E. Sreedharan receives the prestigious Lifetime Achievement Award 2026 for his unparalleled contributions to infrastructure development.
Read DhanamOnline in English
Subscribe to Dhanam Magazine