Begin typing your search above and press return to search.
'മില്ലെറ്റും മീനും' ഭക്ഷ്യമേള കൊച്ചിയില്‍: മീനിനൊപ്പം ചെറുധാന്യ രുചിക്കൂട്ടുകളും ആസ്വദിക്കാം
ചെറുധാന്യങ്ങളുടെ (മില്ലെറ്റ്) പോഷക-ആരോഗ്യ ഗുണങ്ങള്‍ പ്രചരിപ്പിക്കുന്നതിനും മീനിനോടൊപ്പം പോഷകാഹാരമായി അവയുടെ വൈവിധ്യമായ രുചിക്കൂട്ടുകള്‍ പൊതുജനങ്ങളെ പരിചയപ്പെടുത്തുന്നതിനുമായി കൊച്ചിയില്‍ 'മില്ലെറ്റ് മീനും' എന്നപേരില്‍ പ്രദര്‍ശന-ഭക്ഷ്യമേള സംഘടിപ്പിക്കുന്നു. ഡിസംബര്‍ 28 മുതല്‍ 30 വരെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആർ.ഐ) മേല്‍നോട്ടത്തില്‍ എറണാകുളം കൃഷി വിജ്ഞാനകേന്ദ്രമാണ് മേള നടത്തുന്നത്.
സി.എം.എഫ്.ആര്‍.ഐയില്‍ നടക്കുന്ന മേളയില്‍ ബയര്‍-സെല്ലര്‍ സംഗമം, മില്ലെറ്റ്-മീന്‍ ഭക്ഷ്യമേള, കൃഷിചെയ്ത് വിളവെടുത്ത ജീവനുള്ള മീനുകളുടെ വിപണനം, ചെറുധാന്യങ്ങളുടെയും മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെയും വിപണനം, പാചക മത്സരം, സാങ്കേതികവിദ്യാ പ്രദര്‍ശനം, വിവിധ ഉല്‍പന്നങ്ങളുടെ ലോഞ്ചിംഗ്, പോഷണ-ആരോഗ്യ ചര്‍ച്ചകള്‍, സെമിനാറുകള്‍ എന്നിവയാണ് മേളയുടെ ഭാഗമായി നടക്കുക. കൂടാതെ, മില്ലെറ്റ് കുക്കറി ഷോയും ക്‌ളാസുകളുമുണ്ട്.
ചെറുധാന്യങ്ങളുടെ രുചിക്കൂട്ടുകള്‍
ചാമ, റാഗി, തിന, കമ്പ്, ചോളം, വരഗ്, പനിവരഗ്, കുതിരവാലി തുടങ്ങിയ ചെറുധാന്യങ്ങളും അവയില്‍ നിന്നുണ്ടാക്കുന്ന ഉല്‍പന്നങ്ങളും മേളയില്‍ വാങ്ങാവുന്നതാണ്. മീനിനോടൊപ്പവും അല്ലാതെയുമുള്ള ചെറുധാന്യങ്ങളുടെ വിവിധ രുചിക്കൂട്ടുകള്‍ ആസ്വദിക്കുകയും ചെയ്യാം.
ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം കേരള വിപണിയിലേക്ക് ചെറുധാന്യ കര്‍ഷകരില്‍ നിന്നും വിതരണ ശൃംഖല ഉണ്ടാക്കിയെടുക്കുകയുമാണ് മേളയുടെ പ്രധാന ലക്ഷ്യമെന്ന് സി.എം.എഫ്.ആര്‍.ഐ ഡയറക്ടര്‍ ഡോ.എ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. കേരളീയ പാചകരീതിയില്‍ ഇവ പരിചയപ്പെടുത്തുന്നത് ഈ മേഖലയ്ക്ക് ഗുണകരമാകും. ചെറുധാന്യ കര്‍ഷകരെ വിപണി കണ്ടെത്താന്‍ സഹായിക്കുക, ചെറുധാന്യവുമായി ബന്ധപ്പെട്ട സ്റ്റാര്‍ട്ടപ്പുകളും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുക എന്നിവയും ലക്ഷ്യമിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിപുലമായ പങ്കാളിത്തം
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചെറുധാന്യ കര്‍ഷകര്‍, കര്‍ഷക ഉല്‍പാദന കമ്പനികള്‍, മത്സ്യസംസ്‌കരണ രംഗത്തുള്ളവര്‍, സംരംഭകര്‍ തുടങ്ങിയവര്‍ മേളയില്‍ പങ്കെടുക്കും. ദേശീയ കാര്‍ഷിക ഗ്രാമവികസന ബേങ്ക് (നബാര്‍ഡ്), ഹൈദരാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മില്ലെറ്റ് റിസര്‍ച്ച്, നാഷണല്‍ ഫിഷറീസ് ഡെവലപ്‌മെന്റ് ബോര്‍ഡ്, കേരള ഭക്ഷ്യ സുരക്ഷ അതോറിറ്റി, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി (സിഫ്റ്റ്), നിഫാറ്റ് , സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍വുമണ്‍ (സാഫ്), ഫുഡ് ക്രാഫ്റ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് കളമശേരി, കേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍, കേരള ബേക്കേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയവര്‍ പരിപാടിയുടെ പങ്കാളികളാണ്.
Next Story
Videos