

മുൻനിര കൺസ്യൂമർ ഡ്യൂറബിൾസ് ബ്രാൻഡായ വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ പുതിയ ചെയർപേഴ്സൺ ആൻഡ് മാനേജിങ് ഡയറക്ടറായി മിഥുൻ കെ. ചിറ്റിലപ്പിള്ളിയെ നിയമിച്ചു. സെപ്റ്റംബർ 27 മുതൽ നിയമനം പ്രാബല്യത്തിൽ വരും. 2012 മുതൽ കമ്പനിയുടെ മാനേജിങ് ഡയറക്ടറായി പ്രവർത്തിച്ചു വരികയായിരുന്നു മിഥുൻ.
നിലവിലെ ചെയർപേഴ്സണും സ്വതന്ത്ര ഡയറക്ടറുമായ രാധ ഉണ്ണിയുടെ കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് മിഥുൻ കെ. ചിറ്റിലപ്പിള്ളിയെ പുതിയ ചുമതല ഏൽപ്പിച്ചത്.
2006-ൽ എക്സിക്യൂട്ടീവ് ഡയറക്ടറായാണ് മിഥുൻ കെ. ചിറ്റിലപ്പിള്ളി വി-ഗാർഡിൽ എത്തുന്നത്. അദ്ദേഹം കമ്പനിയുടെ ചുമതലയേൽക്കുമ്പോൾ ഏകദേശം 229 കോടി രൂപയായിരുന്ന വിറ്റുവരവ്, 2026 സാമ്പത്തിക വർഷത്തിൽ 24 മടങ്ങ് വർധിച്ച് 5,966 കോടി രൂപയായി ഉയർന്നു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ദക്ഷിണേന്ത്യൻ ഇലക്ട്രിക്കൽ ബ്രാൻഡിൽ നിന്ന് രാജ്യവ്യാപക സാന്നിധ്യമുള്ള മുൻനിര കൺസ്യൂമർ ഡ്യൂറബിൾസ് കമ്പനിയായി വി-ഗാർഡിനെ വളർത്തുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു.
വി-ഗാർഡിന്റെ നിർണായക ഘട്ടത്തിൽ ചെയർപേഴ്സണും മാനേജിങ് ഡയറക്ടറുമായുള്ള ചുമതല ഏറ്റെടുക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് മിഥുൻ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.
"ഒരു പ്രാദേശിക ബ്രാൻഡിൽ നിന്ന് രാജ്യവ്യാപകമായി വളർന്ന സ്ഥാപനമായി വി-ഗാർഡിനെ മാറ്റിയ യാത്രയിൽ ടീമിനൊപ്പം പങ്കാളിയാകാൻ കഴിഞ്ഞു. കമ്പനിയുടെ 50-ാം വാർഷികത്തിലേക്ക് നീങ്ങുമ്പോൾ ശക്തമായ അടിത്തറയിൽ നിന്ന് അടുത്ത വളർച്ചാ ഘട്ടത്തിനായി സ്ഥാപനത്തെ സജ്ജമാക്കുകയാണ് പ്രഥമ ലക്ഷ്യം," അദ്ദേഹം വ്യക്തമാക്കി.
Read DhanamOnline in English
Subscribe to Dhanam Magazine