

വിജയദശമിയും ദീപാവലിയും അടങ്ങുന്ന ഉത്സവ സീസൺ അടുത്തെത്തിയിരിക്കെ, രാജ്യത്തെ സ്വർണവിപണി നിർണായകമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഉയർന്ന സ്വർണവിലയ്ക്കൊപ്പം, അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം സ്വർണം വാങ്ങിയാൽ മതിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനവും ഉപഭോക്താക്കളുടെ തീരുമാനങ്ങളെ കാര്യമായി സ്വാധീനിക്കുന്നുണ്ട്.
വിദേശനാണ്യം വൻതോതിൽ സ്വർണ ഇറക്കുമതിക്കായി ചെലവഴിക്കുന്നത് ചൂണ്ടിക്കാട്ടി, പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ മേയ് മാസത്തിൽ മോദി ഇത്തരമൊരു ആഹ്വാനം നടത്തിയിരുന്നു. സ്വർണം വാങ്ങുന്നത് ഒരു വർഷത്തേക്ക് ഒഴിവാക്കാനായിരുന്നു അന്ന് അദ്ദേഹം അഭ്യർത്ഥിച്ചത്.
പ്രധാനമന്ത്രിയുടെ ആഹ്വാനം ഉപഭോക്തൃ ചിന്തകളെ സ്വാധീനിക്കുമെന്നാണ് ഇന്ത്യ ബുളളിയൻ ആൻഡ് ജ്വല്ലേഴ്സ് അസോസിയേഷൻ (IBJA) ചൂണ്ടിക്കാണിക്കുന്നത്. ഉത്സവ സീസണിലെ സ്വർണവിൽപനയിൽ 10 മുതൽ 12 ശതമാനം വരെ ഇടിവുണ്ടായേക്കാമെന്നും, ഇന്ത്യയുടെ സ്വർണ ഇറക്കുമതിയിൽ 10% മുതൽ 12% വരെ കുറവ് രേഖപ്പെടുത്താൻ സാധ്യതയുണ്ടെന്നും അസോസിയേഷൻ പറയുന്നു.
കഴിഞ്ഞ സെപ്റ്റംബറിൽ 22 കാരറ്റ് സ്വർണത്തിന് ഗ്രാം ഒന്നിന് 10,180 രൂപയായിരുന്നത് ഇപ്പോൾ 14,000 രൂപയ്ക്ക് മുകളിലായി. ഏകദേശം 37 ശതമാനത്തിന്റെ വർധനവാണിത്. യു.എസ് ഫെഡറൽ റിസർവിന്റെ വരാനിരിക്കുന്ന പലിശ നിരക്ക് തീരുമാനങ്ങൾ, ക്രൂഡ് ഓയിൽ വിലയിലെ വ്യതിയാനങ്ങൾ, ഡോളർ നിരക്ക്, നിലവിലുള്ള ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ എന്നിവ കാരണം വരും ആഴ്ചകളിലും വിപണിയിൽ അനിശ്ചിതത്വം തുടരുമെന്നാണ് വിശകലന വിദഗ്ദ്ധർ കരുതുന്നത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ ഉത്സവ സീസണിൽ സ്വർണാഭരണ വിൽപനയുടെ അളവിൽ (Volume) കുറവുണ്ടാകാൻ സാധ്യതയുണ്ടെങ്കിലും, ജനങ്ങൾ ചെലവഴിക്കുന്ന ആകെ തുകയിൽ കുറവുണ്ടാകില്ലെന്നാണ് ജ്വല്ലറി ഉടമകൾ പറയുന്നത്. വിലവർധനവുണ്ടായിട്ടുണ്ടെങ്കിലും, വാങ്ങലിൽ നിന്ന് പിൻവാങ്ങുന്നതിന് പകരം ഉപഭോക്താക്കൾ കൂടുതൽ ജാഗ്രതയോടെയും ലാഭകരമായ രീതിയിലുമാണ് സ്വർണം തിരഞ്ഞെടുക്കുന്നത്.
വിവാഹങ്ങൾക്കും ഉത്സവങ്ങൾക്കുമായി സ്വർണം വാങ്ങുന്ന രീതിക്ക് വലിയ മാറ്റമൊന്നുമില്ല; പകരം വാങ്ങൽ തന്ത്രങ്ങളിലാണ് മാറ്റം വന്നിരിക്കുന്നത്. ബജറ്റ് നിയന്ത്രിക്കാനായി ഉപഭോക്താക്കൾ കുറഞ്ഞ കാരറ്റിലുള്ള ആഭരണങ്ങളിലേക്കും പഴയ സ്വർണം മാറ്റിയെടുക്കുന്നതിലേക്കും തിരിയുന്നു. തൽഫലമായി, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറഞ്ഞ ഗ്രാം സ്വർണം മാത്രമേ വാങ്ങുന്നുള്ളൂവെങ്കിലും, ഉയർന്ന വില കാരണം ഇവരുടെ ആകെ ബിൽ തുക ഉയർന്നുതന്നെ നിൽക്കും.
അതേസമയം, സംഘടിത മേഖലയിലല്ലാത്ത ചെറുകിട വ്യാപാരികളേക്കാൾ ഈ സമയത്ത് തിളങ്ങുക വൻകിട ആഭരണശാലകളായിരിക്കും. ബ്രാൻഡ് വിശ്വസ്തത, സുതാര്യമായ ഹാൾമാർക്കിംഗ്, ചെറിയ നഗരങ്ങളിലേക്കുള്ള വ്യാപനം എന്നിവ കാരണം സംഘടിത റീറ്റെയ്ൽ വിപണിയുടെ വിഹിതം FY25-ലെ 38 ശതമാനത്തിൽ നിന്ന് FY28 ആകുമ്പോഴേക്കും 50% ആയി ഉയരുമെന്ന് റേറ്റിംഗ് ഏജൻസിയായ ക്രിസിൽ പ്രവചിക്കുന്നു. വിപണിയിലെ ആകെ വിൽപന അളവിൽ കുറവുണ്ടായാലും, വലിയ ബ്രാൻഡുകൾ കൂടുതൽ വിപണി വിഹിതം നേടുമെന്നും ക്രിസിൽ വ്യക്തമാക്കുന്നു.
ഉയർന്ന വില ഉപഭോക്താക്കളെ പുനർചിന്തനത്തിന് പ്രേരിപ്പിക്കുന്നുണ്ടെങ്കിലും, വിവാഹങ്ങൾക്കും മറ്റുമുള്ള ആഭരണങ്ങളുടെ ആവശ്യകതയെ അത് തളർത്തിയിട്ടില്ലെന്നാണ് പാലത്ര ഫാഷൻ ജ്വല്ലേഴ്സ് മാനേജിംഗ് പാര്‍ട്ണറും ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റുമായ ജസ്റ്റിൻ പാലത്ര ചൂണ്ടിക്കാണിക്കുന്നത്.
"പ്രധാനമന്ത്രിയുടെ ആഹ്വാനം വന്നതുകൊണ്ട് മാത്രം ആളുകൾ സ്വർണം വാങ്ങാതിരിക്കുന്നില്ല. ഡോളർ ശേഖരവും വിദേശനാണ്യവും ചോർന്നുപോകാതിരിക്കാനുള്ള കരുതലാണ് പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്നിലുള്ളത്. എന്നാൽ രാജ്യത്തിനകത്ത് നടക്കുന്ന സ്വർണ ഇടപാടുകളെ ഇത് ബാധിക്കുന്നില്ല. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുമ്പോൾ മാത്രമാണ് ഈ ആശങ്കകൾ പ്രസക്തമാകുന്നത്.
നിലവിൽ സ്വർണവില കുത്തനെ ഉയർന്നതോടെ വിപണിയിൽ മൊത്തത്തിൽ മന്ദഗതിയുണ്ട്. പൊതുവെ സാമ്പത്തിക രംഗത്തുണ്ടായ തിരിച്ചടികളും ഗൾഫ്, യുകെ, കാനഡ തുടങ്ങിയ വിദേശരാജ്യങ്ങളിൽ പ്രവാസികൾ നേരിടുന്ന തൊഴിൽ-ശമ്പള പ്രതിസന്ധികളും സ്വർണവിപണിയെ കാര്യമായി ബാധിച്ചിട്ടുണ്ട്.
എന്നാൽ, ഉയർന്ന വില കണക്കിലെടുത്ത് ഉപഭോക്താക്കളുടെ ആവശ്യാനുസരണം 18, 14, 9 കാരറ്റ് സ്വർണാഭരണങ്ങൾ ഇപ്പോൾ ജ്വല്ലറികൾ നിർമിച്ചുനൽകുന്നുണ്ട്. 9 കാരറ്റ് സ്വർണത്തിന് ഗ്രാമിന് ഏകദേശം 5,500 രൂപ മാത്രമാണ് വില വരുന്നത്. ഭാരം കുറഞ്ഞ ഇത്തരം ആഭരണങ്ങൾക്ക് ഈടും കൂടുതലാണ്. പണ്ട് കല്യാണ ആവശ്യങ്ങൾക്ക് 100 പവനും 200 പവനും ഒറ്റയടിക്ക് വാങ്ങുന്ന രീതിയായിരുന്നെങ്കിൽ, ഇന്ന് ആളുകൾ അവർക്ക് പണം ലഭിക്കുന്നതിനനുസരിച്ച് കുറച്ചുകുറച്ചായി സ്വർണം വാങ്ങി ശേഖരിക്കുന്ന ട്രെൻഡിലേക്കാണ് മാറിയിരിക്കുന്നത്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി യുവതലമുറ ലളിതമായ ഡയമണ്ട് സെറ്റുകളോ ചെറിയ ആഭരണങ്ങളോ ആണ് വിവാഹദിനത്തിൽ ധരിക്കാൻ കൂടുതൽ ഇഷ്ടപ്പെടുന്നത്. എന്നാൽ ചെറുപ്പത്തിൽ തന്നെ ജോലി ലഭിക്കുന്നതുകൊണ്ട് നിക്ഷേപമെന്ന രീതിയിൽ കുറച്ചുകുറച്ചായി സ്വർണം വാങ്ങുന്ന രീതിയും യുവാക്കൾക്കിടയിൽ കാണുന്നുണ്ട്," ജസ്റ്റിൻ പാലത്ര പറയുന്നു.
കേരളത്തിൽ പണ്ട് 22 കാരറ്റ് സ്വർണം മാത്രമാണ് ആളുകൾ വാങ്ങിയിരുന്നതെങ്കിൽ ഇപ്പോൾ കുറഞ്ഞ കാരറ്റുകൾക്കും ഡിമാൻഡുണ്ട്. പണയം വയ്ക്കാൻ പല സ്ഥാപനങ്ങളും 18 കാരറ്റ് സ്വർണം സ്വീകരിക്കുന്നതും ഇതിനൊരു കാരണമാണ്. വൈകാതെ 14, 9 കാരറ്റ് സ്വർണങ്ങൾക്കും ബാങ്കുകളിൽ നിന്നും മറ്റു ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും അനുപാതികമായ വായ്പകൾ ലഭ്യമാകുന്ന സാഹചര്യമുണ്ടാകും. അടിയന്തിര ഘട്ടങ്ങളിൽ പെട്ടെന്ന് പണമാക്കാൻ (Liquidity) സ്വർണത്തോളം മികച്ച മറ്റൊരു സമ്പാദ്യമില്ലാത്തതിനാൽ ആളുകൾ പൂർണമായി വിട്ടുനിൽക്കുന്നില്ല. എന്നാൽ വിലയിൽ വലിയ കുറവുണ്ടായാൽ മാത്രമേ ഇനി വിപണിയിൽ പഴയതുപോലെ സജീവമായ കച്ചവടം നടക്കുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ഉയർന്ന വില പുതിയ ആഭരണങ്ങൾ വാങ്ങുന്നതിൽ നിന്ന് ആളുകളെ പിന്നോട്ട് വലിക്കുമ്പോൾ, പഴയ സ്വർണം അവർക്കൊരു വഴികാട്ടിയാകുന്നതായും വ്യാപാരികൾ പറയുന്നു. പുതിയ പണം പൂർണമായും ചെലവഴിക്കുന്നതിന് പകരം കയ്യിലുള്ള സ്വർണം പ്രയോജനപ്പെടുത്താൻ ഇത് ഉപഭോക്താക്കളെ സഹായിക്കുന്നു. സ്വർണ ഇറക്കുമതി കുറയ്ക്കാനും കറന്റ് അക്കൗണ്ട് കമ്മി കുറയ്ക്കാനുമുള്ള പ്രധാനമന്ത്രി മോദിയുടെ ആഹ്വാനത്തെ പിന്തുണയ്ക്കുന്ന ഒന്നു കൂടിയാണിത്.
ചൈനയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വർണ ഉപഭോക്തൃ രാജ്യമാണ് ഇന്ത്യ. സർക്കാർ വിവരങ്ങൾ അനുസരിച്ച്, 2026 സാമ്പത്തിക വർഷത്തിൽ സ്വർണ ഇറക്കുമതിയുടെ അളവ് 721 ടണ്ണായി കുറഞ്ഞെങ്കിലും, ഇറക്കുമതി തുക 24% വർധിച്ച് റെക്കോർഡ് 71.9 ബില്യൺ ഡോളറിലെത്തി. ഇത് പ്രധാനമായും ഉയർന്ന സ്വർണവില കാരണമാണെങ്കിലും, ഉയർന്ന ഇറക്കുമതി ബിൽ സമ്പദ്‌വ്യവസ്ഥയ്ക്ക് സമ്മർദ്ദമുണ്ടാക്കും.
Despite high prices and PM Modi's call to curb gold imports, India's festive gold demand remains steady in value as consumers adapt by shifting to lower-karat jewelry and reusing old gold.
Read DhanamOnline in English
Subscribe to Dhanam Magazine