

വിന്‍സ്‌മേര ജുവല്‍സിനായി മോഹന്‍ലാലിനെ വച്ച് പ്രകാശ് വര്‍മ ഒരുക്കിയ പരസ്യചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം. ഡയമണ്ട് നെക്ലേസും മോതിരവുമണിഞ്ഞ് ശൃംഗാര ഭാവത്തില്‍ എത്തിയ മോഹന്‍ലാലിനെ കണ്ട ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആരവമുയര്‍ത്തുകയാണ്.
'ജെന്‍ഡര്‍ ഫ്‌ളൂയിഡിറ്റി' എന്ന വാക്കും ഇതോടെ ട്രെന്‍ഡാവുകയാണ്. മനുഷ്യരിലെ പല ലൈംഗിക ഭാവങ്ങളെ അംഗീകരിക്കുന്നതിനെക്കുറിച്ചെല്ലാം തുറന്ന ചര്‍ച്ചകള്‍ക്കും ഇത് വഴിയിട്ടിരിക്കുന്നു.
ഒരു പരസ്യ ഷൂട്ടിനായി മോഹന്‍ലാല്‍ എത്തുന്നതും അതിനിടയില്‍ ഡയമണ്ട് നെക്ലേസ് കാണാതാകുന്നതുമാണ് പരസ്യത്തിലെ ആദ്യ രംഗം. അതു പറയാനായി മോഹന്‍ലാന്റെ കാരവാനില്‍ കയറുന്ന പ്രകാശ് വര്‍മ നെക്‌ലേസും മോതിരവും അണിഞ്ഞ് സ്വയം ആരാധനയോടെ ലാസ്യഭാവത്തില്‍ നില്‍ക്കുന്ന മോഹന്‍ലാലിനെ കണ്ട് അത്ഭുതപ്പെടുന്നു. 'ആരും കൊതിച്ചു പോകും' എന്ന മോഹന്‍ലാലിന്റെ നാണത്തോടെയുള്ള ഒറ്റ വാചകത്തിലൂടെയാണ് പ്രകാശ് വര്‍മ ഈ പരസ്യം ജനമനസുകളിലേക്ക് എത്തിക്കുന്നത്.
മോഹന്‍ലാലിന്റെ ഈ വേഷപ്പകര്‍ച്ചയെക്കുറിച്ച് മത്സരിച്ച് കുറിപ്പുകളെഴുതികൊണ്ട് ഇന്‍ഡസ്ട്രിയിലുള്ള പ്രമുഖരും പരസ്യത്തിനൊപ്പം ചേരുന്നു. ഇത്തരമൊരു പരസ്യം ചെയ്യാന്‍ മോഹന്‍ ലാല്‍ കാണിച്ച ധൈര്യത്തെ എടുത്തുപറഞ്ഞുകൊണ്ടാണ് തെന്നിന്ത്യന്‍ നടി ഖുശ്ബുവിന്റെ പോസ്റ്റ്.
മോഹന്‍ലാലിന്റെ സ്‌ത്രൈണതയെ പുകഴ്ത്താന്‍ മത്സരിക്കുമ്പോള്‍ പക്ഷേ പ്രോഡക്ടിന് വേണ്ട ശ്രദ്ധ കിട്ടിയോ എന്ന് ആശങ്കയുമായി എത്തിയവരും അനവധി. ബ്രാന്‍ഡിന്റെ പേര് മനസിലേക്ക് ഓടിയെത്തുന്നതിനേക്കാള്‍ നടന്റെ അനായാസമുള്ള വേഷപ്പകര്‍ച്ച മാത്രമാകും ശ്രദ്ധിക്കപ്പെടുക എന്നതാണ് ഇവരുടെ വാദം.
സൂപ്പര്‍ പ്രൊഫൈലുള്ള ഒരാളില്‍ ഊന്നിയുള്ള ആകര്‍ഷകമായ പരസ്യത്തില്‍ പ്രോഡക്റ്റ് ഏതെന്ന് രജിസ്റ്റര്‍ ചെയ്യാനുള്ള സാധ്യത കുറയുന്നുണ്ടോ എന്ന ചോദ്യമാണ് പ്രമുഖ മനഃശാസ്ത്ര വിദഗ്ധനായ ഡോ. സി.ജെ ജോണ്‍ ഉന്നയിക്കുന്നത്. പരസ്യം കണ്ട എത്ര പേര്‍ക്ക് ആഭരണശാലയുടെ പേരോര്‍ക്കാന്‍ കഴിയുന്നുണ്ട്? പരസ്യ വിജയത്തിന്റെ മര്‍മ്മം അതല്ലേ എന്നും അദ്ദേഹം ചോദിക്കുന്നു. ഇത്തരത്തില്‍ നിരവധി അഭിപ്രായങ്ങള്‍ വീഡിയോയ്ക്ക് താഴെയും കാണാനാകുന്നുണ്ട്.
എന്നാല്‍ ഒരു പരസ്യചിത്രം പ്രദര്‍ശിപ്പിച്ചാല്‍ കിട്ടുന്നതിനേക്കാള്‍ വലിയ റീച്ചാണ് വെറും മണിക്കൂറുകള്‍ക്കുള്ളില്‍ വിന്‍സ്‌മേരയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരിക്കുന്നതെന്നതാണ് യാഥാര്‍ത്ഥ്യം. 24 മണിക്കൂര്‍ തികയും മുന്‍പേ 10 ലക്ഷത്തിലധികം ആളുകള്‍ വീഡിയോ കണ്ടിരുന്നു. മോഹന്‍ലാലിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പരസ്യം പങ്കുവച്ചിട്ടുണ്ട്.
അര്‍ദ്ധനാരീശ്വര സങ്കല്‍പ്പത്തില്‍ പ്രകാശ് വര്‍മ ഒരുക്കിയ പരസ്യചിത്രം പരമ്പരാഗത സങ്കല്പങ്ങളെ പൊളിച്ചെഴുതിയെന്ന് അംഗീകരിക്കുമ്പോള്‍ തന്നെ മാര്‍ക്കറ്റിംഗിലെ വൈദഗ്ധ്യമാണ് കാണിക്കുന്നതെന്ന് പറയുന്നവരുമുണ്ട്.
ലോകോത്തര ബ്രാന്‍ഡുകളുടെ പരസ്യ ചിത്രങ്ങളിലൂടെ പല തവണ തന്റെ വ്യത്യസ്തത ലോകത്തിനു മുന്നില്‍ തെളിയിച്ചിട്ടുള്ള വ്യക്തിയാണ് പ്രകാശ് വര്‍മ. വോഡഫോണിന്റെ സൂ സൂ പരസ്യങ്ങള്‍ ഇപ്പോഴും മലയാളികളുടെ മനസില്‍ നില്‍ക്കുന്നത് അതിന് ഉദാഹരണമാണ്.
മോഹന്‍ലാലും പ്രകാശ് വര്‍മയും അഭിനയിച്ച 'തുടരും' എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷമാണ് പുതിയ പരസ്യ ചിത്രത്തിന്റെ വരവ്. അതുകൊണ്ട് തന്നെ ഇതൊരു ഓര്‍മയുണര്‍ത്തല്‍ പരസ്യമാണെന്നും പറയാം. ആളുകള്‍ക്ക് തൊട്ടു മുമ്പുള്ള കാര്യങ്ങളോട് വേഗം കണക്ട് ചെയ്യാനാകുമെന്ന തിയറിയെ കൂടി കൂട്ടുപിടിച്ചിരിക്കുകയാണ് പ്രകാശ് വര്‍മ ഈ പരസ്യ ചിത്രത്തിലൂടെ.
സ്വര്‍ണാഭരണ മേഖലയില്‍ രാജ്യാന്തരതലത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് വിന്‍സ്‌മേര ഗ്രൂപ്പ്. കണ്ണൂര്‍ സ്വദേശികളായ ദിനേശ് കാമ്പ്രത്ത്, അനില്‍ കാമ്പ്രത്ത്, മനോജ് കാമ്പ്രത്ത്, കൃഷ്ണന്‍ കാമ്പ്രത്ത് എന്നിവരാണ് ഗ്രൂപ്പിന്റെ സ്ഥാപകര്‍. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന കേരള ആഗോള നിക്ഷേപക സംഗത്തിലൂടെയാണ് വിസ്‌മേര ഗ്രൂപ്പ് കേരളത്തിലെത്തിയത്. കോഴിക്കോട് മാവൂര്‍ റോഡില്‍ ഓഗസ്റ്റ് 17ന് വിസ്‌മേരയുടെ ആദ്യ ഷോറൂം ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്യും. കൊച്ചി, തിരുവനന്തപുരം, കണ്ണൂര്‍ എന്നിവിടങ്ങളിലും ഷോറൂ ആരംഭിക്കാന്‍ ഗ്രൂപ്പിന് പദ്ധതിയുണ്ടെന്നാണ് അറിയുന്നത്. 2,000 കോടി രൂപയുടെ നിക്ഷേപമാണ് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഗ്രൂപ്പ് വിപുലീകരണത്തിനായി ചെലവിടുക.
Read DhanamOnline in English
Subscribe to Dhanam Magazine