Begin typing your search above and press return to search.
ഇത്തവണ മൺസൂൺ ഒരു ദിവസം മുമ്പേ... ഇന്ന് വ്യാപകമായ വേനല്‍ മഴയ്ക്ക് സാധ്യത; ഈ ജില്ലകളില്‍ മുന്നറിയിപ്പ്
മേയ് 31ഓടെ കേരളത്തില്‍ കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സാധാരണ ജൂണ്‍ ഒന്നിനാണ് കാലവര്‍ഷം ആരംഭിക്കുന്നത്. ചിലപ്പോള്‍ ഇത് 4 ദിവസം വരെ പിന്നോട്ടാകാറുണ്ട്. എന്നാല്‍ ഇത്തവണ ഒരു ദിവസം മുന്നേയാകുമെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ എട്ടിനാണ് മണ്‍സൂണ്‍ കേരളത്തിലെത്തിയത്. ജൂണ്‍ പകുതിയോടെയാണ് കാലവര്‍ഷം കേരളമൊട്ടാകെ വ്യാപിക്കുക.
ഈ വര്‍ഷം നാല് മാസത്തെ തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലത്ത് കേരളത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കാലവസ്ഥാ വകുപ്പിന്റെ പ്രവചനം.
വേനല്‍മഴ തുടരും
അതേസമയം പലയിടത്തും കടുത്ത ചൂടിനു പിന്നാലെ വ്യാപകമായ വേനല്‍മഴ തുടരുന്നുണ്ട്. 9 ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസങ്ങളില്‍ സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയുള്ളതായും മുന്നറിയിപ്പില്‍ പറയുന്നു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 11.5മില്ലീമീറ്റര്‍ വരെ ലഭിക്കുന്ന മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
ശ്രീലങ്കയ്ക്ക് മുകളിലായി ചക്രവാതച്ചുഴിയും ലക്ഷദ്വീപ് വരെ ന്യൂനമര്‍ദ്ദപാത്തി നില്‍ക്കുന്നതും മഴ കനക്കാന്‍ ഇടയാക്കും. തെക്കന്‍ തീരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ഇന്ന് കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
ഇക്കുറി ആദ്യമായാണ് കേരളത്തില്‍ ശക്തമായ ചൂടിനു പിന്നാലെ ഉഷ്ണതരംഗ മുന്നറിയിപ്പും നല്‍കിയത്.
Next Story
Videos