സഹകരണ സംഘങ്ങളില്‍ മുക്കാലും നഷ്ടത്തില്‍; ലാഭത്തിലുള്ളത് 4,107 എണ്ണം മാത്രം

സംസ്ഥാനത്തെ സഹകരണ സംഘങ്ങളില്‍ ഭൂരിഭാഗവും നഷ്ടത്തിലെന്ന് മന്ത്രി വി.എന്‍ വാസവന്‍. അനൂപ് ജേക്കബ് എം.എല്‍.എയുടെ ചോദ്യത്തിന് നല്‍കിയ നിയമസഭാ മറുപടിയിലാണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ 16,062 സഹകരണ സംഘങ്ങള്‍ സംസ്ഥാനത്തുണ്ടായിരുന്നു. ഇപ്പോള്‍ അത് 16,329 സഹകരണ സംഘങ്ങള്‍ ആയി. എന്നാല്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നത് 4,107 എണ്ണം മാത്രവും.

സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോഴത്തെ കണക്കു പ്രകാരമാണ് 4,107 സഹകരണ സ്ഥാപനങ്ങള്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നത്. നിലവിലെ ലാഭനഷ്ടക്കണക്കു പുറത്തുവരുന്നതോടെ ഇത് വീണ്ടും കുറയാനും സാധ്യതയുണ്ട്. കഴിഞ്ഞവര്‍ഷം നിയമസഭയില്‍ ആബിദ് ഹുസൈന്‍ തങ്ങളുടെ ചോദ്യത്തിനു മറുപടിയായി മന്ത്രി വാസവന്‍ പറഞ്ഞത് 164 സംഘങ്ങള്‍ നഷ്ടത്തിലുണ്ടെന്നായിരുന്നു.
സഹകരണ സംരക്ഷണ നിധി
നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങളില്‍ നിന്ന് നിക്ഷേപത്തുക മടക്കിനല്‍കാന്‍ കഴിയാത്ത സാഹചര്യം നിലവിലില്ലെന്നാണ് മന്ത്രി വാസവന്‍ പറയുന്നത്. ക്രമക്കേടിലൂടെയും തെറ്റായ ധനകാര്യ മാനേജ്മെന്റ് രീതിയിലൂടെയും മൂലധന ശോഷണം സംഭവിച്ചിട്ടുള്ള സംഘങ്ങളില്‍ നിക്ഷേപം തിരികെ കൊടുക്കാന്‍ കഴിയാത്ത ചില സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഉത്തരവാദികള്‍ക്കെതിരേ സഹകരണ നിയമ പ്രകാരം നടപടി എടുത്തിട്ടുണ്ടെന്നും വാസവന്‍ വ്യക്തമാക്കി. ഇത്തരക്കാരുടെ ആസ്തികള്‍ പിടിച്ചെടുക്കുന്നതിന് നടപടി സ്വീകരിച്ചതായും മന്ത്രിയുടെ മറുപടിയില്‍ വ്യക്തമാക്കുന്നു. മന്ദഗതിയിലായ സഹകരണസംഘങ്ങളുടെ പുനരുജ്ജീവനത്തിന് സഹകരണ സംരക്ഷണ നിധി ആവിഷ്‌കരിച്ചിട്ടുണ്ടെന്നും വാസവന്‍ പറയുന്നു.
5 ലക്ഷത്തിന് വരെ ഗ്യാരന്റി
സഹകരണ ബാങ്ക് നഷ്ടത്തിലായി പ്രവര്‍ത്തനം അവസാനിപ്പിച്ചാലും അഞ്ച് ലക്ഷം രൂപ വരെയുള്ള നിക്ഷേപം നഷ്ടപ്പെടില്ല. സംസ്ഥാനത്തെ സഹകരണ മേഖലയിലെ നിക്ഷേപ ഗാരന്റി ഫണ്ടിന്റെ പരിധി രണ്ട് ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമായി വര്‍ധിപ്പിച്ചത് കഴിഞ്ഞ വര്‍ഷമാണ്. സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോര്‍ഡ് ആരംഭിച്ചത് മുതല്‍ രണ്ട് ലക്ഷം രൂപയായിരുന്നു പരിധി. എന്നാല്‍, പണം നിക്ഷേപിച്ചിട്ടുള്ള സഹകരണ സ്ഥാപനം ബോര്‍ഡില്‍ അംഗമാണെങ്കില്‍ മാത്രമെ പണം തിരികെ ലഭിക്കൂ. ബാങ്ക് ബോര്‍ഡില്‍ അംഗമല്ലെങ്കില്‍ പണം തിരികെ കിട്ടുമെന്നതിന് യാതൊരു ഉറപ്പുമില്ല. സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് നിയമപരമായ സുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ 2012ലാണ് സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോര്‍ഡ് രൂപീകരിച്ചത്.
സി.പി.എം നേതൃത്വത്തിലുള്ള കരുവന്നൂര്‍ ബാങ്കില്‍ നടന്ന തട്ടിപ്പില്‍ മുന്‍ മന്ത്രി എ.സി മൊയ്തിന്റെ പങ്ക് ഇ.ഡി കണ്ടെത്തിയിരുന്നു. സഹകരണ സംഘങ്ങള്‍ നഷ്ടത്തിലാകാന്‍ ഒരു കാരണം ഇത്തരം തട്ടിപ്പുകളാണെന്നാണ് വിലയിരുത്തല്‍.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it