പൊറിഞ്ചു വെളിയത്തിന്റെ പേര് ദുരുപയോഗം ചെയ്ത്‌ കോടികളുടെ തട്ടിപ്പ്; നിക്ഷേപകര്‍ക്ക് ജാഗ്രതാ നിര്‍ദേശം

പ്രമുഖ പോര്‍ട്ട്‌ഫോളിയോ മാനേജരും ഇക്വിറ്റി ഇന്റലിജന്‍സിന്റെ സ്ഥാപകനുമായ പൊറിഞ്ചു വെളിയത്തിന്റെ പേര് ദുരുപയോഗം ചെയ്ത് വ്യാപകമായ ഓണ്‍ലൈന്‍ തട്ടിപ്പ്. പൊറിഞ്ചു വെളിയത്തിന്റെ ഫോട്ടോ ഉപയോഗിച്ചുള്ള വ്യാജ അക്കൗണ്ട് വഴി പരസ്യം നല്‍കിയാണ് പണം തട്ടിപ്പ് നടത്തുന്നത്. ഫേസ്ബുക്ക്, വാട്ട്‌സാപ്പ്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ ആപ്പുകള്‍ വഴി നിക്ഷേപകരെ വഞ്ചിക്കുന്നതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് സെബിക്കും സെബര്‍ സെല്ലിനും പോലീസിനും പരാതി നല്‍കിയിട്ടുണ്ടെന്ന് പൊറിഞ്ചു വെളിയത്ത് പറഞ്ഞു.

നൂറുകണക്കിന് നിക്ഷേപകരാണ് വഞ്ചിക്കപ്പെട്ട് പൊറിഞ്ചു വെളിയത്തിനെയും കമ്പനിയെയും അടുത്ത ദിവസങ്ങളിലായി സമീപിച്ചത്. വ്യാജ പ്രൊഫൈല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഡിസംബര്‍ 13ന് സാമൂഹ്യമാധ്യമങ്ങള്‍ വഴി പൊറിഞ്ചു വെളിയത്ത് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഇപ്പോഴാണ് തട്ടിപ്പില്‍ പെട്ട് പണം നഷ്ടപ്പെട്ട് ആളുകള്‍ സമീപിച്ച് തുടങ്ങിയത്. കേരളത്തിലാണ് ഇതുവരെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആലുവ സ്വദേശി 30 ലക്ഷം രൂപ ഇത്തരത്തില്‍ നഷ്ടപ്പെട്ടതായി പോലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കിയിട്ടുണ്ട്.

തട്ടിപ്പ് ഇങ്ങനെ
പൊറിഞ്ചു വെളിയത്തിന്റെ പേരിലും അദ്ദേഹത്തിന്റെ അസിസ്റ്ററ്റാണെന്ന് തെറ്റിദ്ധരിപ്പിച്ച് അസിയ റാണി എന്ന പേരിലും നിക്ഷേപകരെ വാട്‌സാപ്പ് വഴി സമീപിച്ചാണ് തട്ടിപ്പ് നത്തുന്നത്. ആദ്യം വ്യാജ പരസ്യങ്ങള്‍ നല്‍കി ആകര്‍ഷിക്കുന്നു. തുടര്‍ന്ന് വാട്‌സാപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കി അതിലൂടെ നിക്ഷേപ നിര്‍ദേശങ്ങളും മറ്റും നല്‍കി കബളിപ്പിച്ച് പണം തട്ടുകയാണ് ചെയ്യുന്നത്.
തട്ടിപ്പിന്റെ യഥാര്‍ത്ഥവ്യാപ്തി എത്ര വലുതാണെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും നൂറുകണക്കിന് കോടി രൂപ ഇത്തരത്തില്‍ തട്ടിച്ചിട്ടുണ്ടാകമെന്നും പൊറിഞ്ചു വെളിയത്ത് പറഞ്ഞു. നിക്ഷേപകര്‍ ഈ അവസരത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും തട്ടിപ്പ് ശ്രദ്ധയില്‍പെടുന്ന പക്ഷം പോലീസില്‍ അറിയിക്കണമെന്നും പൊറിഞ്ചു കൂട്ടിച്ചേര്‍ത്തു.
2,200 കോടിയുടെ ആസ്തി കൈകാര്യം ചെയ്യുന്ന സ്ഥാപനമാണ് പൊറിഞ്ചു വെളിയത്തിന്റെ ഉടമസ്ഥതയിലുള്ള ഇക്വിറ്റി ഇന്റലിജന്‍സ്. സെബി നിയന്ത്രിത പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് സര്‍വീസ് (പി.എം.എസ്), ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (എ.ഐ.എഫ്) എന്നീ സേവനങ്ങള്‍ മാത്രമേ നല്‍കുന്നുള്ളുവെന്നും മറ്റ് അ അഡ്വൈസറി സേവനങ്ങളോ സാമൂഹ്യമാധ്യങ്ങള്‍ വഴി ഗ്രൂപ്പുകള്‍ ഉണ്ടാക്കി ഉപദേശങ്ങള്‍ നല്‍കുന്ന സേവനങ്ങളോ ഇല്ലെന്ന് പൊറിഞ്ചു വെളിയത്ത് പറഞ്ഞു. മാത്രമല്ല കൊച്ചി പനമ്പിള്ളി നഗറില്‍ പ്രവര്‍ത്തിക്കുന്ന ഹെഡ് ഓഫീസ് അല്ലാതെ മറ്റ് ശാഖകളോ ഏജന്റുമാരോ ഇല്ലെന്നും പൊറിഞ്ചു വെളിയത്ത് വ്യക്തമാക്കി.
നിക്ഷേപകര്‍ ചെയ്യേണ്ടത്
സമൂഹത്തിലെ സാമ്പത്തിക അവബോധമില്ലായ്മയെ ചൂഷണം ചെയ്തുള്ള ഇത്തരം തട്ടിപ്പുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ സാമ്പത്തിക നിക്ഷേപങ്ങള്‍ക്ക് തുനിയുന്നതിന് മുന്‍പ് സെബി രജിസ്‌ട്രേഷന്‍ ഉള്ള ഇന്‍വെസ്റ്റ്‌മെന്റ് അഡ്വൈസര്‍മാരില്‍ നിന്നോ ഫിനാന്‍ഷ്യല്‍ പ്ലാനര്‍മാരില്‍ നിന്നോ ഉപദേശം തേടുക.
വാട്‌സാപ്പ് വഴിയും മറ്റും വരുന്ന സന്ദേശങ്ങളില്‍ പറയുന്ന നിര്‍ദേശങ്ങള്‍ക്ക് പിന്നാലെ പോകാതെ അവ പരിശോധിച്ച് ഉറപ്പു വരുത്തുക.
ഓഹരി വിപണിയിലെ ഉയര്‍ച്ചയില്‍ ആകൃഷ്ടരായി പല നിക്ഷേപകരും ഉപദേശങ്ങള്‍ക്ക് പിന്നാലെ പോകുന്ന പ്രവണതയുണ്ട്. രജിസ്‌ട്രേഡ് ആയിട്ടുള്ള അഡ്വൈസര്‍മാരെ മാത്രം സമീപിക്കാനും ശ്രദ്ധിക്കണം.

Related Articles

Next Story

Videos

Share it