ഹുറുണ്‍ ഇന്ത്യയുടെ മികച്ച ഫാമിലി ബിസിനസ് അവാര്‍ഡ് സ്വീകരിച്ച് മുത്തൂറ്റ് കുടുംബം

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ വലിയ സ്വാധീനം ചെലുത്തുന്ന കുടുംബ ബിസിനസുകളെ ആദരിക്കാന്‍ ആദ്യമായാണ് ഹുറൂൺ ഇന്ത്യയും ബാർക്ലേയ്സ് പ്രൈവറ്റ് ക്ലയൻ്റ്സും അവാര്‍ഡ് ഏര്‍പ്പെടുത്തുന്നത്. മുംബൈയിലെ ഫോർ സീസൺസ് ഹോട്ടലിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ ഹുറുൺ ഇന്ത്യ 2024 ലെ ഏറ്റവും മികച്ച ഫാമിലി ബിസിനസിനുളള അവാർഡുകൾ നൽകി മുത്തൂറ്റ് കുടുംബത്തെ ആദരിച്ചു.
മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ജോർജ് എം. ജോർജ് ഹുറുൺ ഇന്ത്യയുടെ സ്ഥാപകനും മുഖ്യ ഗവേഷകനുമായ അനസ് റഹ്മാൻ ജുനൈദ്, ബാർക്ലേയ്സ് പ്രൈവറ്റ് ബാങ്ക് ഏഷ്യാ പസഫിക് മേധാവി നിതിൻ സിംഗ് എന്നിവരുടെ കൈകളില്‍ നിന്ന് 800 വർഷത്തെ ബിസിനസ് മികവിനുളള ബാർക്ലേയ്സ് പ്രൈവറ്റ് ക്ലയൻ്റ്സ് ഹുറുൺ ഇന്ത്യ അവാർഡ് ഏറ്റുവാങ്ങി.

'കുടുംബ ബിസിനസുകൾ രാഷ്ട്ര നിർമ്മാണത്തില്‍ വഹിക്കുന്ന പങ്ക്' എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയിലും ജോർജ് എം. ജോർജ് പങ്കെടുത്തു. ജൂപ്പിറ്റർ വാഗൺസ് മാനേജിംഗ് ഡയറക്ടർ വിവേക് ​​ലോഹ്യ, ആർ.ആർ ഗ്ലോബല്‍ മാനേജിംഗ് ഡയറക്ടർ ഗോപാൽ കബ്ര എന്നിവരായിരുന്നു മറ്റു പാനല്‍ അംഗങ്ങള്‍. ബാർക്ലേയ്സ് പ്രൈവറ്റ് ക്ലയൻ്റ്‌സ്, ഇന്ത്യ മാനേജിംഗ് ഡയറക്ടർ ആദൃഷ് ഘോഷ് ആയിരുന്നു മോഡറേറ്റര്‍.
ഇന്ത്യയിലെ പ്രമുഖ ബിസിനസുകാരും അവരവരുടെ വ്യവസായങ്ങളിൽ പതിറ്റാണ്ടുകളായി വ്യാപിച്ചുകിടക്കുന്ന പൈതൃകങ്ങൾ കെട്ടിപ്പടുത്ത നിരവിധി പ്രമുഖ ബിസിനസ് കുടുംബങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
ഇന്ത്യ, ചൈന, ഫ്രാൻസ്, യു.കെ, യു.എസ്.എ, ഓസ്‌ട്രേലിയ, ജപ്പാൻ, കാനഡ, ലക്‌സംബർഗ് എന്നിവിടങ്ങളിൽ സാന്നിധ്യമുള്ള 1999 ൽ ലണ്ടനിൽ സ്ഥാപിതമായ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഗവേഷണ, നിക്ഷേപ സ്ഥാപനമാണ് ഹുറുൺ. 2012 ലാണ് ഹുറൂൺ ഇന്ത്യ സ്ഥാപിതമായത്. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ ബിസിനസുകള്‍, ഗവേഷണങ്ങള്‍, ജീവകാരുണ്യ പ്രവർത്തനങ്ങള്‍ തുടങ്ങിയവ അംഗീകരിക്കാനുളള പ്രവര്‍ത്തനങ്ങളില്‍ ഹുറുൺ ഇന്ത്യ ഏര്‍പ്പെടുന്നു.
Related Articles
Next Story
Videos
Share it