Begin typing your search above and press return to search.
മുത്തൂറ്റ് ഫിനാന്‍സ് ശ്രീലങ്കയിലും ഹിറ്റ്! 10 വര്‍ഷം കൊണ്ട് ശാഖകള്‍ നൂറിലേറെ, ഏറ്റെടുത്ത കമ്പനിയും ലാഭത്തില്‍
ശ്രീലങ്കന്‍ ധനകാര്യ സ്ഥാപനമായ ഏഷ്യ അസറ്റ് ഫിനാന്‍സിനെ(എ.എ.എഫ്) ഏറ്റെടുത്ത് പത്ത് വര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് 100 ശാഖകളിലേക്ക് വളര്‍ന്ന് മുത്തൂറ്റ് ഫിനാന്‍സ്. 570.5 കോടി രൂപയുടെ വായ്പാ ആസ്തികള്‍ കൈകാര്യം ചെയ്യുന്ന എ.എ.എഫില്‍ മുത്തൂറ്റ് ഫിനാന്‍സിന് 72.92 ശതമാനം വിഹിതമാണുള്ളത്. 2014ല്‍ മുത്തൂറ്റിന്റെ സബ്‌സിഡിയറി കമ്പനിയായി എ.എ.എഫിനെ ഏറ്റെടുക്കുമ്പോള്‍ 10 ശാഖകള്‍ മാത്രമാണ് ശ്രീലങ്കയിലുണ്ടായിരുന്നത്. ഇത് നൂറിലേക്ക് എത്തിച്ചെന്ന് മാത്രമല്ല കമ്പനിയെ ലാഭത്തിലാക്കാനും കഴിഞ്ഞെന്ന് മുത്തൂറ്റ് ഫിനാന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടറും സി.ഇ.ഒയുമായ കെ.ആര്‍ ബിജിമോന്‍ പറഞ്ഞു. 13 രൂപയായിരുന്ന കമ്പനിയുടെ ഓഹരി വില 27 രൂപയിലേക്ക് എത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശ്രീലങ്കന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള എ.എ.എഫിന് 2024 സാമ്പത്തിക വര്‍ഷത്തില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നികുതിക്കു ശേഷമുള്ള ലാഭമായ (ഇ.ടി.എ) 9.561 കോടി രൂപ നേടാനും കഴിഞ്ഞു. ശ്രീലങ്കയിലെ ഫിച്ച് റേറ്റിങില്‍ കഴിഞ്ഞ മാര്‍ച്ചില്‍ എ പ്ലസ് സ്റ്റേബിള്‍ ഔട്ട്‌ലുക്ക് റേറ്റിങ് നേടാനും എ.എ.എഫിന് സാധിച്ചു. ശ്രീലങ്കയില്‍ 56 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള എ.എ.എഫിനെ രാജ്യത്തെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് മുത്തൂറ്റ് ഫിനാന്‍സിന്റെ പദ്ധതി. ബാങ്കിംഗ് സേവനങ്ങള്‍ എത്തിയിട്ടില്ലാത്ത പ്രദേശങ്ങളില്‍ അടക്കം ഇക്കൊല്ലം 20 ശാഖകളാണ് തുറന്നത്. അടുത്ത വര്‍ഷവും സമാനമായ രീതിയില്‍ ശാഖകളുടെ വ്യാപനം തുടരുമെന്നും ഏഷ്യ അസറ്റ് ഫിനാന്‍സ് ചെയര്‍മാന്‍ ഇ.എ പ്രശാന്ത് പറഞ്ഞു.
എല്ലാവർക്കും ബാങ്കിംഗ് സേവനം
2019-2023 സാമ്പത്തിക വര്‍ഷങ്ങള്‍ക്കിടയില്‍ സ്വര്‍ണ പണയ വായ്പകള്‍ നാല് മടങ്ങ് വര്‍ധിച്ചത് ശ്രീലങ്കയുടെ പ്രാധാന്യം വ്യക്തമാക്കുന്നതായും മുത്തൂറ്റ് ഫിനാന്‍സ് അധികൃതര്‍ ചൂണ്ടിക്കാട്ടി. സാമ്പത്തിക മേഖലയിലെ സ്വര്‍ണ പണയത്തിന്റെ വിഹിതം നാല് ശതമാനത്തില്‍ നിന്നും 18 ശതമാനമാക്കി ഉയര്‍ത്താനും കഴിഞ്ഞു. ശ്രീലങ്കയില്‍ ബാങ്കിംഗ് സേവനങ്ങള്‍ ലഭിക്കാത്ത 51 ശതമാനത്തോളം പേരെ ഔപചാരിക സാമ്പത്തിക സേവനങ്ങളിലേക്ക് എത്തിക്കാനുള്ള മുത്തൂറ്റ് ഫിനാന്‍സിന്റെ പ്രതിബദ്ധതയാണ് ഇതിന് വഴിവച്ചത്. സ്വര്‍ണ പണയ വായ്പക്കൊപ്പം ബിസിനസ് വായ്പകള്‍, മൈക്രോ മോര്‍ട്ട്‌ഗേജ് വായ്പകള്‍. വാഹന വായ്പകള്‍ തുടങ്ങിയവയിലൂടെ മൂന്ന് ലക്ഷം ഉപയോക്താക്കളെ സൃഷ്ടിക്കാന്‍ കഴിഞ്ഞതായും അധികൃതര്‍ പറഞ്ഞു.
ഇന്ത്യക്കാര്‍ ഉള്ളിടത്തെല്ലാം എത്തും
ശ്രീലങ്കക്ക് പുറമെ നേപ്പാള്‍, യു.എ.ഇ, യു.എസ്.എ, യു.കെ തുടങ്ങിയ രാജ്യങ്ങളിലും നിലവില്‍ മുത്തൂറ്റ് ഗ്രൂപ്പിന് പ്രവര്‍ത്തനമുണ്ട്. ഇന്ത്യക്കാര്‍ ഉള്ളിടത്തെല്ലാം പ്രവര്‍ത്തനം തുടങ്ങണമെന്നതാണ് കമ്പനിയുടെ ലക്ഷ്യങ്ങളിലൊന്ന്. ഇന്ത്യയ്ക്ക് പുറത്തേക്കു വിപുലീകരിക്കാനും ആഗോള സാമ്പത്തിക സ്ഥാപനമായി വളരാനുമുള്ള തന്ത്രപരമായ ചുവടുവെപ്പായിരുന്നു ശ്രീലങ്കന്‍ വിപണിയിലേക്കുള്ള പ്രവേശനമെന്ന് മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് എം ജോര്‍ജ് പറഞ്ഞു. ശ്രീലങ്കയിലെ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലെ പ്രതികൂല സാമ്പത്തിക സാഹചര്യങ്ങളിലും കൈവരിക്കാനായ ഏഷ്യ അസറ്റ് ഫിനാന്‍സിന്റെ വിജയം തങ്ങളുടെ ബിസിനസ് മാതൃകയുടെ ശക്തിയാണ് തെളിയിക്കുന്നത്. ഒരു മലയാളി കമ്പനി വിദേശരാജ്യത്ത് നേട്ടങ്ങളുണ്ടാക്കുന്നത് അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story
Videos