നേതൃമാറ്റത്തിനൊരുങ്ങി മുത്തൂറ്റ് ഫിനാന്‍സ്; തലപ്പത്തേക്ക് പുതുതലമുറ, അലക്‌സാണ്ടര്‍ ജോര്‍ജ് മാനേജിംഗ് ഡയറക്ടറാകും

ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍; കെ.ആര്‍ ബിജിമോന്‍ സി.ഇ.ഒ; നിര്‍ണായക മാറ്റങ്ങള്‍ക്ക് ബോര്‍ഡ് അംഗീകാരം നല്‍കി
പുതിയ മാനേജിങ് ഡയറക്ടർ അലക്സാണ്ടർ ജോർജ് നിലവിലെ മാനേജിങ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റിനോടൊപ്പം
പുതിയ മാനേജിങ് ഡയറക്ടർ അലക്സാണ്ടർ ജോർജ് നിലവിലെ മാനേജിങ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റിനോടൊപ്പം
Published on

ഇന്ത്യയിലെ പ്രമുഖ സ്വര്‍ണവായ്പ ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡില്‍ (Muthoot Finance) വലിയ നേതൃമാറ്റങ്ങള്‍ക്ക് വഴിയൊരുങ്ങുന്നു. കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി അലക്‌സാണ്ടര്‍ ജോര്‍ജിനെയും എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാനായി ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റിനെയും നിയമിക്കാന്‍ ബോര്‍ഡ് യോഗം ശുപാര്‍ശ ചെയ്തു. 2026 ഒക്ടോബര്‍ 1 മുതല്‍ പുതിയ നിയമനങ്ങള്‍ പ്രാബല്യത്തില്‍ വരും. വരാനിരിക്കുന്ന വാര്‍ഷിക പൊതുയോഗത്തില്‍ (AGM) ഓഹരി ഉടമകളുടെ അംഗീകാരം ലഭിക്കുന്നതോടെയാകും നിയമനം ഔദ്യോഗികമാകുക.

ഉത്തരേന്ത്യ, കിഴക്കൻ ഇന്ത്യ, പശ്ചിമേന്ത്യ വിപണികളില്‍ മുത്തൂറ്റ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിയാണ് അലക്‌സാണ്ടര്‍ ജോര്‍ജ്. ഗ്രൂപ്പിന്റെ മുന്‍ ചെയര്‍മാന്‍ അന്തരിച്ച എം.ജി. ജോര്‍ജ് മുത്തൂറ്റിന്റെ ഇളയ മകനാണ് അദ്ദേഹം. യു.എസ്.എയിലെ ഫ്‌ലോറിഡ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി, തണ്ടര്‍ബേഡ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്ന് ഉന്നത ബിസിനസ് വിദ്യാഭ്യാസം നേടി മാനേജരായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം നിലവില്‍ ജോയിന്റ് മാനേജിംഗ് ഡയറക്ടറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി കമ്പനിയെ വിജയകരമായി നയിച്ച നിലവിലെ മാനേജിങ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റ് എക്സിക്യൂട്ടീവ് വൈസ് ചെയർമാനാകും. അടുത്ത ഘട്ടത്തിലേക്ക് കമ്പനി കടക്കുമ്പോൾ തന്ത്രപരമായ വഴികാട്ടിയായും പുതിയ നേതൃത്വത്തിന് മാർഗ്ഗദർശിയായും അദ്ദേഹം തുടരും.

K R Bijimon
കെ.ആര്‍ ബിജിമോന്‍

സി.ഇ.ഒ ആയി കെ.ആര്‍ ബിജിമോന് സ്ഥാനക്കയറ്റം

കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി (CEO) കെ.ആര്‍ ബിജിമോനെ ഉയര്‍ത്താനും ബോര്‍ഡ് യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. നിലവിലെ എക്സിക്യൂട്ടീവ് ഡയറക്ടറും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ബിജിമോന്റെ പുതിയ സ്ഥാനം ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. ചാർട്ടേഡ് അക്കൗണ്ടന്റായ അദ്ദേഹം കഴിഞ്ഞ 3 പതിറ്റാണ്ടുകളായി മുത്തൂറ്റ് ഗ്രൂപ്പിന്റെ സാമ്പത്തിക ഭദ്രതയിലും വളർച്ചയിലും സുപ്രധാന പങ്ക് വഹിച്ച വ്യക്തിയാണ്.

റെക്കോർഡ് സാമ്പത്തിക പ്രകടനവും മികച്ച ബിസിനസ് വളർച്ചയുമായി മുന്നേറ്റം തുടരുമ്പോഴാണ് മുത്തൂറ്റ് ഫിനാൻസ് നേതൃമാറ്റത്തിന് ഒരുങ്ങുന്നത്. 2026 ജൂൺ 30 വരെയുള്ള കണക്കുകൾ പ്രകാരം കമ്പനിയുടെ കൺസോളിഡേറ്റഡ് വായ്പാ ആസ്തി 1.91 ലക്ഷം കോടി രൂപ പിന്നിട്ടു. കൂടാതെ, 2025-26 സാമ്പത്തിക വർഷത്തിൽ 10,606 കോടി രൂപയുടെ കൺസോളിഡേറ്റഡ് അറ്റാദായം നേടാനും കമ്പനിക്ക് സാധിച്ചു.

മുത്തൂറ്റ് ഫിനാന്‍സിന്റെ ഭാവി വളര്‍ച്ചയ്ക്കും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുമാണ് ഈ മുന്‍നിര മാനേജ്‌മെന്റ് പുനഃസംഘടന.

ഡയറക്ടർമാരായ ജോർജ് എം. ജോർജ്, ജോർജ് എം. ജേക്കബ്, ജോർജ് അലക്സാണ്ടർ, ഈപ്പൻ അലക്സാണ്ടർ എന്നിവരടങ്ങുന്ന പരിചയസമ്പന്നരായ നേതൃത്വ സംഘവും മുതിർന്ന മാനേജ്‌മെന്റും അലക്സാണ്ടർ ജോർജിനൊപ്പം തുടർന്നും പ്രവർത്തിക്കുമെന്ന് ബോർഡ് ഉറപ്പുനൽകി.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി സ്വര്‍ണപ്പണയ വായ്പകളെ കൂടുതല്‍ സംഘടിതവും ജനപ്രിയവുമാക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. അടുത്ത തലമുറയ്ക്ക് നേതൃത്വം കൈമാറാന്‍ ഏറ്റവും അനുയോജ്യമായ സമയമാണിതെന്നും പുതിയ പദവിയിലും കമ്പനിയുടെ സുഗമമായ മാറ്റത്തിനും വളര്‍ച്ചയ്ക്കും ഒപ്പമുണ്ടാകുമെന്നും ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.

ഒരു സമ്പൂര്‍ണ്ണ ധനകാര്യ സ്ഥാപനമായി വളരുമ്പോഴും ഉപഭോക്തൃ സംതൃപ്തിക്കും സാമൂഹിക പ്രതിബദ്ധതയ്ക്കും സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സാമ്പത്തിക സേവനങ്ങള്‍ക്കും മുന്‍ഗണന നല്‍കുമെന്നും തന്ത്രപരമായ പദ്ധതികള്‍ വേഗത്തിലാക്കാനും, പുതിയ സാങ്കേതികവിദ്യകള്‍ സ്വായത്തമാക്കാനും, ഒപ്പം ഉപഭോക്താക്കള്‍ക്കും ജീവനക്കാര്‍ക്കും ഓഹരിയുടമകള്‍ക്കും സുസ്ഥിരവും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതുമായ മൂല്യം പ്രദാനം ചെയ്യാനുമായി അക്ഷീണം പരിശ്രമിക്കുമെന്നും അലക്‌സാണ്ടര്‍ ജോര്‍ജ് പ്രതികരിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com