

സ്വര്‍ണ വായ്പ സ്ഥാപനങ്ങള്‍ക്കായി റിസര്‍വ് ബാങ്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതിനു പിന്നാലെ തുടര്‍ച്ചയായ രണ്ടാം ദിവസവും കേരളം ആസ്ഥാനമായ മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഹരികള്‍ക്ക് ഇടിവ്. ഇന്ന് രാവിലത്തെ വ്യാപാരത്തിനിടെ ഓഹരി വില 8.13 ശതമാനം ഇടിഞ്ഞ് മൂന്ന് മാസത്തെ താഴ്ന്ന വിലയായ 1,965 രൂപയിലെത്തി.
സ്വര്‍ണ വായ്പ മേഖലയിലെ ഐ.ഐ.എഫ്.എല്‍ ഓഹരി വില ഇന്ന് ഒരു ശതമാനം ഇടിവിലാണ്. കേരളത്തില്‍ നിന്നുള്ള മറ്റൊരു സ്വര്‍ണ വായ്പ മണപ്പുറം ഫിനാന്‍സ് ഓഹരി വില പക്ഷെ ഇന്ന് നേട്ടത്തിലേക്ക് തിരിച്ചെത്തി. സ്വര്‍ണവായ്പകളില്‍ മുന്നിലുള്ള സി.എസ്.ബി ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവയുടെ ഓഹരികളും ഒരു ശതമാനത്തോളം നേട്ടത്തിലാണ് വ്യാപാരം.
മുത്തൂറ്റ് ഫിനാന്‍സിന്റെ മൊത്തം വായ്പ ആസ്തികളില്‍ 98 ശതമാനവും സ്വര്‍ണ വായ്പകളാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മാര്‍ച്ച് 13ന് കമ്പനിയുടെ സ്വര്‍ണ വായ്പാ ആസ്തി ഒരു ലക്ഷം കോടി എന്ന നാഴികക്കല്ലും കടന്നിരുന്നു.
വായ്പയ്ക്ക് ഈട് നല്‍കുന്ന സ്വര്‍ണ ഉരുപ്പടികളുമായി ബന്ധപ്പെട്ട് ധനകാര്യ സ്ഥാപനങ്ങള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതാണ് സ്വര്‍ണ വായ്പാ കമ്പനികളുടെയും ബാങ്കുകളെയും ഓഹരി വിലയില്‍ ഇടിവുണ്ടാക്കുകയും ചെയ്തിരുന്നു.
പുതിയ മാര്‍ഗനിര്‍ദേശ പ്രകാരം സ്വര്‍ണവായ്പയുടെ ലോണ്‍ ടു വാല്യു (LTV) 75 ശതമാനമാണ്. എന്നാല്‍ പലിശ തിരിച്ചടയ്ക്കാനുള്ള കാലാവധി 12 മാസമാണ്. എന്‍.ബി.എഫ്.സികളുടെ സ്വര്‍ണ വായ്പ പോര്‍ട്ടഫോളിയോ പരിമിതപ്പെടുത്താന്‍ പുതിയ മാര്‍ഗ നിര്‍ദേശം വഴിയൊരുക്കും.
കര്‍ശനമായ എല്‍.ടി.വി മാനദണ്ഡങ്ങള്‍ വളര്‍ച്ചയിലും ചില വ്യവസ്ഥകളിലും സ്വാധീനം ചെലുത്തിയേക്കുമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ജെഫ്രീസ് അഭിപ്രായപ്പെടുന്നത്. പക്ഷെ വായ്പകള്‍ പുതുക്കുന്നതിലുള്ള മാനദണ്ഡങ്ങള്‍ പേടിക്കുന്നതു പോലെ അത്ര കടുപ്പമല്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്വര്‍ണ വായ്പ എന്‍ബിഎഫ്‌സികള്‍ സുരക്ഷിതമാണെന്നും അതില്‍ തന്നെ ഒരു മുന്‍നിര ഓഹരിയായി കണക്കാവുന്നത് മുത്തൂറ്റ് ഫിനാന്‍സാണെന്നും ജെഫ്രീസ് പറയുന്നു. ഓഹരി വില 2,615 രൂപ വരെ ഉയരുമെന്നാണ് ജെഫ്രീസ് കണക്കാക്കുന്നത്.
മറ്റൊരു ബ്രോക്കറേജായ മോര്‍ഗന്‍ സ്റ്റാന്‍ലി 'ഈക്വല്‍ വെയിറ്റ്' (Equal Weight) സ്റ്റാറ്റസാണ് നല്‍കുന്നത്. അതായത് ഓഹരി വിപണിയുടെ പൊതുവേയുള്ള പ്രകടനത്തിനൊപ്പമോ എതിരാളികളുടെ പ്രകടനത്തിനൊപ്പമോ ഉള്ള പ്രകടനം ഓഹരിയും കാഴ്ചവയ്ക്കും. സമീപ ഭാവിയില്‍ വലിയ തകര്‍ച്ചയ്ക്ക് സാധ്യതയില്ലെന്നും മീഡിയം നിലവാരത്തില്‍ തുടരുമെന്നുമാണ് മോര്‍ഗന്‍ സ്റ്റാന്‍ലി കരുതുന്നത്.
ബെയിന്‍ ക്യാപിറ്റലിന് ഓപ്പണ്‍ ഓഫര്‍ ലഭിക്കുന്ന സാഹചര്യത്തില്‍ മണപ്പുറം ഫിനാന്‍സിനും 'ഈക്വല്‍ വെയിറ്റ്' റേറ്റിംഗാണ് മോര്‍ഗന്‍ സ്റ്റാന്‍ലി നല്‍കുന്നത്.
റിസര്‍വ് ബാങ്കിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ സ്വര്‍ണ വായ്പ കമ്പനികളുടെ വളര്‍ച്ചയെ ചെറിയ തോതില്‍ ബാധിക്കുമെന്നാണ് സി.എല്‍.എസ്.എ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ വായ്പ ബുക്കില്‍ 2026-27 സാമ്പത്തിക വര്‍ഷങ്ങളില്‍ 12-15 ശതമാനം വരെയുള്ള മിതമായ വളര്‍ച്ചയുണ്ടാകുമെന്നും സി.എല്‍.എസ്.എ പ്രതീക്ഷിക്കുന്നു.
കോട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് മുത്തൂറ്റ് ഫിനാന്‍സിന്റെ റേറ്റിംഗ് വാങ്ങുക (Buy) എന്നതില്‍ നിന്ന് കൂട്ടിച്ചേര്‍ക്കുക (Add) എന്നാക്കി കുറച്ചിട്ടുണ്ട്. ഓഹരിയുടെ ലക്ഷ്യവില 2400ല്‍ നിന്ന് 2,250 ആക്കി കുറയ്ക്കുകയും ചെയ്തു. മുത്തൂറ്റിന്റെ വരുമാന ലക്ഷ്യവും 10 ശതമാനം കുറച്ചിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine