139 വർഷത്തെ പാരമ്പര്യം, ഡിജിറ്റൽ കുതിപ്പ്; 'ഫ്യൂച്ചർ റെഡി'യായി മുത്തൂറ്റ് ഫിൻകോർപ്

വെറും രണ്ട് വർഷം കൊണ്ട് ആസ്തി ഇരട്ടിയാക്കി കമ്പനി; സ്വർണ വായ്പയ്ക്ക് പുറമെ എംഎസ്എംഇ, ഭവന വായ്പാ രംഗങ്ങളിലും ശക്തമായ മുന്നേറ്റം

തോമസ് ജോണ്‍ മുത്തൂറ്റ്, തോമസ് ജോര്‍ജ് മുത്തൂറ്റ് തോമസ് മുത്തൂറ്റ്
തോമസ് ജോണ്‍ മുത്തൂറ്റ്, തോമസ് ജോര്‍ജ് മുത്തൂറ്റ് തോമസ് മുത്തൂറ്റ്
Published on

ഉത്സവകാലമടുക്കുമ്പോള്‍ അങ്കലാപ്പില്ല ആ കടയുടമക്ക്. കയ്യിലെ സ്വര്‍ണം പണയം വെച്ച് കടയിലേക്ക് വേണ്ട പരമാവധി സാധനങ്ങളെടുക്കാം. കച്ചവടം പൊടിപൊടിച്ച് പണം തിരികെ വരും. പണയസ്വര്‍ണവും തിരിച്ചെടുക്കാം. മറ്റൊരിടത്ത്, എംഎസ്എംഇ വായ്പയിലൂടെ ചെറുകിട സംരംഭകന്‍ തന്റെ മാനുഫാക്ചറിങ് യൂണിറ്റ് തടസമില്ലാതെ മുന്നോട്ട് കൊണ്ടുപോവുന്നു.

മെട്രോ നഗരത്തില്‍ ജീവിക്കുന്നൊരു ചെറുകുടുംബം അനായാസമായി ഒരു ഭവന വായ്പയെടുത്ത് സ്വന്തമായൊരു വീടെന്ന സ്വപ്‌നം കയ്യെത്തിപ്പിടിക്കുന്നു.

വേറൊരിടത്ത് വിദ്യാഭ്യാസ വായ്പയെടുത്ത് ഒരു വിദ്യാര്‍ത്ഥി തന്റെ സ്വപ്‌നങ്ങളെ പിന്തുടരുന്നു...

രാജ്യത്തെ സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ പ്രക്രിയയുടെ വിഭിന്ന ഭാവങ്ങളാണിതൊക്കെ. ഒരു വ്യക്തിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളില്‍ ഉയര്‍ന്നുവരുന്ന സാമ്പത്തിക ആവശ്യങ്ങള്‍ക്ക് കയ്യെത്തും ദൂരത്ത്, വിശ്വസ്തതയോടെ സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാകുമ്പോള്‍, അവിടെ അവസരങ്ങള്‍ കൂടുതല്‍ സൃഷ്ടിക്കപ്പെടുന്നു. സംരംഭകത്വം പ്രോത്സാഹിക്കപ്പെടുന്നു.

ഇന്നോ, ഇന്നലെയോ അല്ല, 139 വര്‍ഷങ്ങളായി നമ്മുടെ നാട്ടില്‍ ഇതുപോലൊരു സാമ്പത്തിക വളര്‍ച്ച പ്രക്രിയയില്‍ നിര്‍ണായക പങ്കുവഹിച്ചുകൊണ്ടിരിക്കുകയാണ് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ്. ഗ്രൂപ്പിന്റെ ഭാഗമായ മുത്തൂറ്റ് ഫിന്‍കോര്‍പ് ലിമിറ്റഡ് അതേ പാരമ്പര്യത്തിന്റെ തുടര്‍ച്ച ഉറപ്പാക്കിക്കൊണ്ട് രാജ്യമെമ്പാടുമുള്ള ഒരു കോടിയിലേറെ ഇടപാടുകാരുടെ വിവിധങ്ങളായ ആവശ്യങ്ങള്‍ തങ്ങളുടെ സാമ്പത്തിക സേവന പ്ലാറ്റ്‌ഫോമിലൂടെ നിരന്തരം നിറവേറ്റിക്കൊണ്ടിരിക്കുന്നു.

സാധാരണക്കാര്‍ക്കൊപ്പം അന്നും, ഇന്നും

കോഴഞ്ചേരിയില്‍ 1887ല്‍ നൈനാന്‍ മത്തായി എന്ന ക്രാന്തദര്‍ശിയായൊരു സംരംഭകന്‍ തുടക്കമിട്ട ചെറിയൊരു കച്ചവട സ്ഥാപനത്തില്‍ നിന്ന് തുടങ്ങുന്നു ഗ്രൂപ്പിന്റെ ചരിത്രം. ആ നാട്ടിലെ സാധാരണക്കാരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് ധാന്യങ്ങളുടെ വില്‍പനയില്‍ നിന്ന് ചുവടുമാറി, സാമ്പത്തിക സേവനങ്ങള്‍ നല്‍കാന്‍ തുടങ്ങി. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ഏറെ പണിപ്പെടുന്ന ഗ്രാമീണരുടെ വിശ്വാസം നേടി ആ യാത്ര തുടര്‍ന്നു. കൈ വായ്പകള്‍ നല്‍കുന്ന ചെറുരൂപത്തില്‍ നിന്ന് പിന്നീടതൊരു സ്ഥാപനമായി വളര്‍ന്നു. ഇന്നത് എത്തിനില്‍ക്കുന്നതോ, ദേശീയതലത്തിലേക്ക് പടര്‍ന്നുപന്തലിച്ച പ്രസ്ഥാനമായും.

ശാഖകള്‍ വീശി ഉയരങ്ങളിലേക്ക് വളര്‍ന്നൊരു വന്മരമായി മുത്തൂറ്റ് ഫിന്‍കോര്‍പ് മാറിയപ്പോഴും വേരുകള്‍ ആഴ്ന്നുനില്‍ക്കുന്നത് ഗ്രൂപ്പ് സ്ഥാപകന്‍ പാപ്പച്ചന്‍ മുത്തൂറ്റ് ഊട്ടിയുറപ്പിച്ച മൂല്യങ്ങളിലാണ്; സത്യനിഷ്ഠ, വിനയം, അച്ചടക്കം, സേവനമനോഭാവം. നൂറ്റാണ്ട് ഒന്ന് പിന്നിട്ടെങ്കിലും ഗ്രൂപ്പിന്റെ തന്ത്രപരമായ ഓരോ തീരുമാനത്തെയും സ്വാധീനിക്കുന്നു ഈ അടിസ്ഥാനശിലകള്‍. ഒപ്പം, പ്രസ്ഥാനത്തിന്റെ സംസ്‌കാരത്തിന്റെ ആധാരമായും നിലകൊള്ളുന്നു. ഗ്രൂപ്പിന്റെ ലക്ഷ്യം വളരെ ലളിതമാണ്; എന്നാല്‍ സാമൂഹിക കാഴ്ചപ്പാടിലൂടെ നോക്കുമ്പോള്‍ അതിശക്തവും.

'സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തിക്കൊണ്ട് സാധാരണക്കാരുടെ ജീവിതം അടിമുടി മാറ്റുക'.

തലമുറകള്‍ കടന്ന് ശക്തമായ നേതൃത്വം

തലമുറകള്‍ പലത് പിന്നിട്ടിട്ടും അതിശക്തമായി, കെട്ടുറപ്പോടെ മുന്നോട്ടുപോവുകയാണ് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ്. ഇതുതന്നെയാണ് ഗ്രൂപ്പിന്റെ വിജയഫോര്‍മുലയും. ചെയര്‍മാനും മാനേജിങ് ഡയറക്റ്ററുമായ തോമസ് ജോണ്‍ മുത്തൂറ്റ്, മുത്തൂറ്റ് ഫിന്‍കോര്‍പ് മുന്നില്‍ നിന്ന് നയിക്കുമ്പോള്‍ ജോയിന്റ് മാനേജിങ് ഡയറക്റ്റര്‍മാരായി സഹോദരന്മാരായ തോമസ് ജോര്‍ജ് മുത്തൂറ്റും തോമസ് മുത്തൂറ്റുമുണ്ട്. മുത്തൂറ്റ് ഫിന്‍കോര്‍പ് ലിമിറ്റഡിന്റെ അതിനിര്‍ണായകമായ വിപുലീകരണത്തിനും വൈവിധ്യവല്‍ക്കരണത്തിനും ആധുനികവല്‍ക്കരണത്തിനുമെല്ലാം ചുക്കാന്‍പിടിച്ചത് ഇവര്‍ മൂവരുമാണ്.

കമ്പനിയുടെ ഗവേണന്‍സ് അതിശക്തമാക്കിയതിനൊപ്പം ഇവര്‍ രാജ്യത്തിന്റെ മുക്കിലും മൂലയിലുമുള്ളവരിലേക്ക് വരെ വായ്പ സേവനങ്ങള്‍ എത്തിച്ചു. ഒപ്പം പ്രസ്ഥാനത്തിന്റെ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ ത്വരിതപ്പെടുത്തുകയും ചെയ്തു. ഇവരെ പിന്തുടര്‍ന്നെത്തിയ യുവതലമുറ ഇപ്പോള്‍ മുത്തൂറ്റ് ഫിന്‍കോര്‍പില്‍ പുത്തന്‍ കാഴ്ചപ്പാടുകളും ഡിജിറ്റല്‍ തിങ്കിങ്ങും ഇടപാടുകാരെ കേന്ദ്രബിന്ദുവാക്കിക്കൊണ്ടുള്ള നൂതന ശൈലികളും ഉള്‍ക്കൊള്ളിച്ചുകൊണ്ടിരിക്കുകയാണ്.

പുതുതലമുറയെ ബിസിനസിലേക്ക് കൊണ്ടുവരുന്നതിന് കൃത്യമായ ചട്ടക്കൂടുകളുമുണ്ട്. നൂറ്റാണ്ടുകളുടെ പാരമ്പര്യവും പുതുതലമുറയുടെ പുത്തന്‍ വീക്ഷണങ്ങളും അതുപോലെ തന്നെ അടിയുറച്ച മൂല്യങ്ങളുമാണ് തലമുറകള്‍ കടന്നും ഗ്രൂപ്പിനെ പ്രസക്തിയോടെ നിലകൊള്ളാന്‍ പ്രാപ്തമാക്കുന്നത്.

  ഷാജി വര്‍ഗീസ്,സിഇഒ, മുത്തൂറ്റ് ഫിന്‍കോര്‍പ്
ഷാജി വര്‍ഗീസ്,സിഇഒ, മുത്തൂറ്റ് ഫിന്‍കോര്‍പ്

കെട്ടിപ്പടുക്കുന്നു, ഫ്യൂച്ചര്‍ റെഡി ആയൊരു പ്രസ്ഥാനം

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മുത്തൂറ്റ് ഫിന്‍കോര്‍പ് ലിമിറ്റഡ് അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും നിര്‍ണായകമായൊരു രൂപാന്തരീകരണ ഘട്ടത്തിലൂടെ കടന്നുപോവുകയാണ്. സ്വര്‍ണ വായ്പയില്‍ കേന്ദ്രീകരിച്ചിരുന്ന പ്രസ്ഥാനം വൈവിധ്യമാര്‍ന്ന മറ്റ് മേഖലകളിലേക്ക് കൂടി പടര്‍ന്നുപന്തലിച്ചു. പ്രമോര്‍ട്ടര്‍മാരുടെ ദീര്‍ഘകാല വിഷനും മുത്തൂറ്റ് ഫിന്‍കോര്‍പ് ലിമിറ്റഡ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ ഷാജി വര്‍ഗീസിന്റെ കരുത്തുറ്റ പ്രൊഫഷണല്‍ ലീഡര്‍ഷിപ്പും സമന്വയിച്ചതോടെയാണ് ഈ മാറ്റം സാധ്യമായത്.

വ്യക്തമായ ലക്ഷ്യങ്ങളോടെ തന്നെയായിരുന്നു ഈ രൂപാന്തരീകരണം. ഇടപാടുകാരുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിറവേറ്റുക, പ്രസ്ഥാനത്തിന്റെ ആന്തരികമായ കരുത്ത് കൂടുതല്‍ ദൃഢമാക്കുക, പരിധിയില്ലാത്ത വളര്‍ച്ച സാധ്യമാക്കുക, സുദീര്‍ഘ വളര്‍ച്ച ഉറപ്പാക്കുക, ഇങ്ങനെ പോകുന്നു ഗ്രൂപ്പിന്റെ വളര്‍ച്ചാലക്ഷ്യങ്ങള്‍. മുത്തൂറ്റ് ഫിന്‍കോര്‍പിന്റെ രൂപാന്തരീകരണത്തിന്റെ ഫിലോസഫിയെ ഇങ്ങനെ ലളിതമായി നിര്‍വചിക്കാം:

'More Customers. More for Customers. Driven By Purpose'

(കൂടുതല്‍ ഇടപാടുകാര്‍. ഇടപാടുകാര്‍ക്കായി കൂടുതല്‍ കാര്യങ്ങള്‍. ഉദാത്തലക്ഷ്യങ്ങളോടെയുള്ള പ്രയാണം).

മുത്തൂറ്റ് ഫിന്‍കോര്‍പ് ലിമിറ്റഡ് സിഇഒ ഷാജി വര്‍ഗീസിനെ സംബന്ധിച്ചിടത്തോളം വളര്‍ച്ചയെന്നാല്‍ അക്കങ്ങളില്‍ മാത്രം പ്രതിഫലിക്കുന്ന ഒന്നല്ല; മറിച്ച് അത് പൊതുസമൂഹത്തില്‍ സൃഷ്ടിക്കുന്ന സ്വാധീനം കൂടിയാണ്. അതുകൊണ്ട് തന്നെ മുത്തൂറ്റ് ഫിന്‍കോര്‍പിന്റെ ഓരോ നിക്ഷേപവും ഓരോ പുതുചുവടുവെപ്പുകളും നൂതനമായ രീതികളും മനുഷ്യരെ പുരോഗതിയിലേക്ക് നയിക്കാന്‍ സഹായിക്കുന്നതാണ്.

കുടുംബങ്ങളെ ശക്തിപ്പെടുത്തുമെന്നതിന് മുന്‍തൂക്കം നല്‍കുന്നു. എല്ലാത്തിനുമുപരി വിശാലമായ സമ്പദ്ഘടനയില്‍ ക്രിയാത്മകമായ സംഭാവന സൃഷ്ടിക്കുന്നുവെന്ന കാര്യം ഉറപ്പാക്കപ്പെടുന്നു. സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍, ഇടപാടുകാര്‍ക്കുള്ള സേവനങ്ങള്‍, പ്രസ്ഥാനത്തിനുള്ളിലെ മാനവവിഭവശേഷിയെ വാര്‍ത്തെടുക്കല്‍, കമ്പനിയുടെ ദീര്‍ഘകാല ലക്ഷ്യം രൂപീകരിക്കല്‍ എന്നിവയുടെയെല്ലാം കാര്യത്തില്‍ കമ്പനിയുടെ സമീപനം രൂപീകരിക്കപ്പെടുന്നതും ഈ ദര്‍ശനങ്ങളെ അടിസ്ഥാനമാക്കിയാണ്.

ഷാജി വര്‍ഗീസിന്റെ ലീഡര്‍ഷിപ്പ് ശൈലിയിലുമുണ്ട് ഒരു വ്യത്യസ്തത. ഉദാത്ത ലക്ഷ്യങ്ങള്‍ മുന്നില്‍ വെച്ചുള്ള വളര്‍ച്ച (Purpose Driven Growth), ഉപഭോക്തൃ കേന്ദ്രീകൃതവും ജീവനക്കാരെ പ്രഥമസ്ഥാനത്ത് നിര്‍ത്തിയുമുള്ള സമീപനം (Employee Fistr Ctsuomer Cetnrictiy), പ്രതിഭാ സാന്ദ്രത (Talent Denstiy), സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ (Financial Inclusion), മാനുഷിക സ്പര്‍ശത്തോടെയുള്ള ഡിജിറ്റല്‍ (Digital with Human Touch) ഇവയൊക്കെ അടിസ്ഥാനമാക്കിയുള്ള ലീഡര്‍ഷിപ്പ് സമീപനമാണ് ഷാജി വര്‍ഗീസ് പുലര്‍ത്തുന്നത്.

കാലങ്ങളിലൂടെ കരുത്താര്‍ജിച്ച മുത്തൂറ്റ് ഫിന്‍കോര്‍പ് ഇന്ന് സ്വര്‍ണ വായ്പയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന പ്രസ്ഥാനമല്ല. എംഎസ്എംഇ ഫിനാന്‍സ്, മോര്‍ട്ട്‌ഗേജ് ലെന്‍ഡിങ്, സപ്ലൈ ചെയിന്‍ ഫിനാന്‍സ്, പേഴ്‌സണല്‍ ലോണ്‍, വിദ്യാഭ്യാസ വായ്പ, ഫോറെക്‌സ് സേവനങ്ങള്‍, ഡിജിറ്റല്‍ ഫിനാന്‍സ് സേവനങ്ങള്‍ എന്നിവയെല്ലാം കമ്പനിയുടെ സേവന ശ്രേണിയിലുണ്ട്. ഏതെങ്കിലുമൊരു ബിസിനസ് വിഭാഗത്തെ അമിതമായി ആശ്രയിക്കുന്നതിന്റെ റിസ്‌ക് ഇതിലൂടെ കുറഞ്ഞുവെന്ന് മാത്രമല്ല, ഇടപാടുകാര്‍ക്ക് വൈവിധ്യമാര്‍ന്ന സേവനങ്ങള്‍ ലഭ്യമാക്കാന്‍ സാധിച്ചു. ഉപഭോക്താക്കളുമായുള്ള ബന്ധം കൂടുതല്‍ ദൃഢവുമായി.

ഇന്ത്യ: അവസരങ്ങളുടെ ഖനി

ഇന്ത്യയുടെ വിശാലമായ സാധ്യതകളാണ് മുത്തൂറ്റ് ഫിന്‍കോര്‍പിന് ദീര്‍ഘകാല ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കാനുള്ള ഇന്ധനം. രാജ്യത്തിന്റെ സാമ്പത്തിക ഭാവി നിശ്ചയിക്കുക വന്‍കിട കോര്‍പറേറ്റുകള്‍ മാത്രമാവില്ല. ദശലക്ഷക്കണക്കിന് സംരംഭകരും സ്വയം തൊഴില്‍ ചെയ്യുന്ന പ്രൊഫഷണലുകളും ചെറുബിസിനസുകളും എന്നിങ്ങനെ എല്ലാ വിഭാഗങ്ങളും ചേര്‍ന്നാണ്. ഇവിടെയാണ് മുത്തൂറ്റ് ഫിന്‍കോര്‍പ് അനന്തമായ അവസരങ്ങള്‍ കാണുന്നതും.

ഔപചാരികമായ സാമ്പത്തിക സേവനങ്ങളില്‍ നിന്ന് ഏറെ മാറി, അല്ലെങ്കില്‍ ഏറെ മാറ്റിനിര്‍ത്തപ്പെട്ടിരിക്കുന്ന ചെറുകിട കച്ചവടക്കാര്‍, സംരംഭകര്‍, കര്‍ഷകര്‍, സമൂഹത്തിലെ താഴേത്തട്ടില്‍ നില്‍ക്കുന്ന ജനവിഭാഗങ്ങള്‍. ഇവര്‍ക്കൊക്കെ അനായാസം വായ്പ ലഭ്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി അതിന്റെ ദീര്‍ഘകാല തന്ത്രങ്ങള്‍ രൂപീകരിച്ചിരിക്കുന്നത്. സംരംഭകത്വത്തിനും സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിനും പിന്തുണ നല്‍കുന്നതിലൂടെ മുത്തൂറ്റ് ഫിന്‍കോര്‍പ് ഇന്ത്യന്‍ സമൂഹത്തിന്റെ താഴേത്തട്ടില്‍ വെളിച്ചം കാണാതെ കിടക്കുന്ന സാമ്പത്തിക സാധ്യതകള്‍ കൂടിയാണ് കണ്ടെടുക്കുന്നത്. ഒരര്‍ത്ഥത്തില്‍ മുത്തൂറ്റ് ഫിന്‍കോര്‍പിന്റെ ഗ്രോത്ത് സ്റ്റോറി പ്രതിഫലിക്കുന്നത് ഭാരതത്തിന്റെ ഉല്‍ക്കര്‍ഷേച്ഛയെ തന്നെയാണ്.

ഭാവിക്കു വേണ്ടി കെട്ടിപ്പടുക്കുന്നു, മികവുറ്റ മനുഷ്യ വിഭവശേഷി

ഒരു പ്രസ്ഥാനത്തിനുള്ളിലെ മനുഷ്യര്‍ വളരുമ്പോള്‍ മാത്രമാണ് ആ പ്രസ്ഥാനം വളരുന്നത്. ഷാജി വര്‍ഗീസിന്റെ ലീഡര്‍ഷിപ്പ് ഫിലോസഫിയുടെ നെടുംതൂണുകളിലൊന്നാണിത്. ഇന്ത്യയിലെമ്പാടുമായി മുത്തൂറ്റ് ഫിന്‍കോര്‍പിനൊപ്പം 47,000 പേര്‍ ജോലി ചെയ്യുന്നു. ഇതില്‍ 40 ശതമാനത്തോളം വനിതകളാണ്. നിരന്തര പഠനം, കാര്യശേഷി വികസനം, പ്രകടനാധിഷ്ഠിതമായ ജോലി സംസ്‌കാരം എന്നിവക്ക് വലിയ തോതിലുള്ള ഊന്നലാണ് മുത്തൂറ്റ് ഫിന്‍കോര്‍പ് നല്‍കിവരുന്നത്. പ്രസ്ഥാനത്തിലെ ജീവനക്കാരുടെ നൈപുണ്യം വളര്‍ത്താനും നൂതന ടെക്‌നോളജി പരിചയപ്പെടുത്താനും അവരില്‍ നേതൃശേഷി വളര്‍ത്താനുമായി ആറ് ലക്ഷം മണിക്കൂറുകളുടെ പഠന-പരിശീലനം ഇതിനകം നല്‍കിയിട്ടുണ്ട്.

ഓരോരുത്തരുടെയും കഴിവുകളെയും അവര്‍ നല്‍കുന്ന സംഭാവനകളെയും അംഗീകരിക്കുക, ലീഡര്‍ഷിപ്പ് പ്രോഗ്രാമുകള്‍, കഴിവുകള്‍ക്ക് നല്‍കുന്ന അങ്ങേയറ്റത്തെ ഫോക്കസ് എന്നിവ Employee First, Customer Centric' എന്നത് വെറും ഫിലോസഫിയായി ഒതുങ്ങാതെ പ്രവൃത്തിപഥത്തില്‍ എത്തിക്കാന്‍ സഹായിക്കുന്നു.

പ്രതിഭാസമ്പന്നമാണ് മുത്തൂറ്റ് ഫിന്‍കോര്‍പ്. ദീര്‍ഘവീക്ഷണമുള്ള സ്ഥാപകരും അടിമുടി പ്രൊഫഷണലായ ലീഡറുടെ നേതൃത്വത്തിലുള്ള ടീമും കിടയറ്റ ഡിജിറ്റല്‍ സംവിധാനങ്ങളും പുതിയ കാഴ്ചപ്പാടുകളുള്ള പുതുതലമുറ സാരഥികളും ഒരുമിച്ച് ചേര്‍ന്നതോടെ മുത്തൂറ്റ് ഫിന്‍കോര്‍പ് അക്ഷരാര്‍ത്ഥത്തില്‍ 'ഫ്യൂച്ചര്‍ റെഡി' പ്രസ്ഥാനമായി മാറിയിരിക്കുന്നു. അങ്ങേയറ്റം മത്സരാധിഷ്ഠിതമായ വിപണിയില്‍ സ്ഥാപനത്തെ വേറിട്ടുനിര്‍ത്തുന്നതും ഇതുതന്നെ.

സാധാരണക്കാരുടെ സാമ്പത്തിക അവസ്ഥമെച്ചപ്പെടുത്തി, അവരുടെ ജീവിതത്തില്‍ പരിവര്‍ത്തനങ്ങളുണ്ടാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം

ഷാജി വര്‍ഗീസ്,സിഇഒ, മുത്തൂറ്റ് ഫിന്‍കോര്‍പ്

രചിക്കുന്നു, പുതിയ അധ്യായം

ഇന്ത്യ ലോകത്തിലെ നിര്‍ണായക സാമ്പത്തിക ശക്തികളിലൊന്നായി വളരുമ്പോള്‍, അവിടെ പ്രസക്തിയോടെ നിലകൊള്ളുക വിശ്വാസവും ടെക്‌നോളജിയും പര്‍പ്പസും ഡിഎന്‍എയില്‍ ഇഴുകിച്ചേര്‍ന്നിരിക്കുന്ന പ്രസ്ഥാനങ്ങളാകും. 1887ല്‍ യാത്ര തുടങ്ങിയ ഗ്രൂപ്പ്, കാലത്തിനനുസരിച്ചുള്ള ടെക്‌നോളജിയും പ്രൊഫഷണലിസവും ഉള്‍ച്ചേര്‍ത്ത്, വൈവിധ്യമാര്‍ന്ന സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കി, ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് സേവനം നല്‍കി, മുന്നോട്ടുപോകുന്നത് ഉന്നതമായൊരു ഫിലോസഫി അടിസ്ഥാനമാക്കിയാണ്. മുത്തൂറ്റ് ഫിന്‍കോര്‍പ് പുതിയൊരു ചക്രവാളം തേടിയുള്ള പ്രയാണത്തിലാണ്.

ബിസിനസിലെ സംഖ്യകളുടെ വളര്‍ച്ചയല്ല ഇവിടെ പരമപ്രധാനം, സമൂഹത്തില്‍ സൃഷ്ടിക്കുന്ന ഗുണപരമായ സ്വാധീനമാണ്. പുതിയ സാമ്പത്തിക ഉല്‍പന്നങ്ങള്‍ മാത്രമല്ല നോക്കുന്നത്; ഉയര്‍ന്നുവരുന്ന പുതിയ സാധ്യതകളാണ്.

വെറും സാമ്പത്തിക സേവനങ്ങളല്ല നല്‍കുന്നത്, ജീവിതത്തില്‍ ഒരു കൈത്താങ്ങ് തേടുന്ന ലക്ഷ്യബോധമുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ പ്രതീക്ഷകള്‍ നിറവേറ്റലാണ്. ഇതാണ് അക്ഷരാര്‍ത്ഥത്തില്‍ രൂപാന്തരീകരണത്തിന്റെ അളവുകോലും.

ഒരു ബ്രാന്‍ഡ്, ഒരേ ഒരു ഉറപ്പ്!

മുത്തൂറ്റ് ഫിന്‍കോര്‍പിന്റെ യാത്രയിലെ നിര്‍ണായക വഴിത്തിരിവുകളിലൊന്നായിരുന്നു മുത്തൂറ്റ് ബ്ലൂവിന്റെ വ്യക്തിത്വ നിര്‍വചനം. ഇതോടെ ഗ്രൂപ്പിന്റെ വിപുലമായ സാമ്പത്തിക സേവന സംവിധാനങ്ങളെല്ലാം ഒരേ ബ്രാന്‍ഡ് രൂപകല്‍പനയുടെ കീഴിലായി. ഇന്ന് മുത്തൂറ്റ് ബ്ലൂ എന്നാല്‍ സാധാരണക്കാരായ ഇടപാടുകാരെ സംബന്ധിച്ചിടത്തോളം ഇളകാത്ത വിശ്വാസമാണ്. തൊട്ടരികില്‍ കിട്ടുന്ന സാമ്പത്തിക സേവനങ്ങളാണ്. അവരുടെ ആവശ്യങ്ങള്‍ അറിഞ്ഞ് സേവനം നല്‍കുന്നവരാണ്.

സ്വര്‍ണ വായ്പ, ഭവന വായ്പ, മൈക്രോഫിനാന്‍സ്, മറ്റ് സാമ്പത്തിക സേവനങ്ങള്‍ എന്നിവയെല്ലാം സമന്വയിപ്പിച്ച് ഒരു കുടക്കീഴില്‍ കൊണ്ടുവന്നതോടെ, ഇടപാടുകാര്‍ക്ക് വിപുലമായ സേവനങ്ങള്‍ നല്‍കാന്‍ സാധിച്ചു. ഒരു വ്യക്തിയുടെ ജീവിതത്തിലെ പല ഘട്ടങ്ങളില്‍ വേണ്ട എല്ലാവിധ സാമ്പത്തിക പിന്തുണയും ഇതുകൊണ്ട് മുത്തൂറ്റ് ഫിന്‍കോര്‍പ് നല്‍കിവരുന്നു.

വളര്‍ച്ച, എല്ലാ തലത്തിലും

പ്രസ്ഥാനത്തിലുണ്ടായ അടിമുടി മാറ്റം ബിസിനസിലും പ്രതിഫലിക്കുന്നുണ്ട്. രണ്ട് വര്‍ഷം കൊണ്ട് കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തിയുടെ വലിപ്പം ഇരട്ടിയായി (AUM). ഇക്കാലയളവില്‍ രാജ്യത്തെ ബാങ്കിങ് ഇതര സ്ഥാപനങ്ങളുടെഎയുഎം വര്‍ധനയുമായി താരതമ്യം ചെയ്യുമ്പോള്‍ അവയെ എല്ലാം മറികടക്കുന്ന പ്രകടനമാണ് മുത്തൂറ്റ് ഫിന്‍കോര്‍പ് കാഴ്ചവെച്ചത്. ഇതോടൊപ്പം കമ്പനിയുടെ ലാഭക്ഷമത കൂടി. പ്രവര്‍ത്തന മികവില്‍ ഗണ്യമായ മുന്നേറ്റമുണ്ടായി. ഒപ്പം നല്‍കുന്ന സേവനങ്ങളുടെ ശ്രേണി അതിവിപുലവുമായി.

ഡിജിറ്റല്‍ രംഗത്തുണ്ടായ മുന്നേറ്റം എടുത്തുപറയേണ്ടതാണ്. കമ്പനിയുടെ രൂപാന്തരീകരണത്തിന്റെ നെടുംതൂണുകളിലൊന്ന് ഡിജിറ്റല്‍ കരുത്തായിരുന്നു. മുത്തൂറ്റ് ഫിന്‍കോര്‍പ് വണ്‍ എന്ന കമ്പനിയുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമാണ് ഡിജിറ്റല്‍ രംഗത്ത് കമ്പനിയുടെ കരുത്തും.

Muthoot Fincorp One ആപ്പിലൂടെ ഇടപാടുകാര്‍ക്ക് കമ്പനിയുടെ സാമ്പത്തിക സേവനങ്ങള്‍ തേടാം, തിരിച്ചടവുകള്‍ നടത്താം, അക്കൗണ്ട് മാനേജ് ചെയ്യാം. എല്ലാത്തിനുമുപരിയായി എവിടെയിരുന്നും എപ്പോള്‍ വേണമെങ്കിലും സാമ്പത്തിക ആവശ്യങ്ങള്‍ ലളിതമായി നിറവേറ്റാം. ഇതിനകം 80 ലക്ഷം പേര്‍ ആപ്പില്‍ സൈന്‍ അപ്പ് ചെയ്തിട്ടുണ്ട്. പ്രതിമാസം 20 ലക്ഷം ആക്ടീവ് യൂസേഴ്‌സുമുണ്ട്. ഡിജിറ്റല്‍ സാമ്പത്തിക സേവനങ്ങള്‍ക്ക് രാജ്യത്ത് ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യതയുടെ സൂചന കൂടിയുമാണിത്. മികവുറ്റ ഡിജിറ്റല്‍ പശ്ചാത്തല സൗകര്യവും അനലിറ്റിക്കല്‍ കേപ്പബിലിറ്റിയും സമാനതകളില്ലാത്ത കസ്റ്റമര്‍ എക്‌സ്പീരിയന്‍സും ഉറപ്പുനല്‍കുമ്പോള്‍ തന്നെ, മുത്തൂറ്റ് ഫിന്‍കോര്‍പ് ഊന്നല്‍ നല്‍കുന്നത് ഫിജിറ്റല്‍ മോഡലിനാണ്. ഇവിടെ ടെക്‌നോളജി മാനുഷിക ബന്ധങ്ങളെ വകഞ്ഞുമാറ്റുന്നില്ല.

പകരം അതിനെ കൂടുതല്‍ ഊട്ടിയുറപ്പിക്കുകയാണ്. ഡിജിറ്റല്‍ സൗകര്യങ്ങള്‍ക്കൊപ്പം രാജ്യമെമ്പാടും പടര്‍ന്നുകിടക്കുന്ന ശാഖാശൃംഖലയും ചേരുന്നതോടെ പുതിയൊരു മോഡലാണ് കമ്പനി സൃഷ്ടിച്ചിരിക്കുന്നത്; ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ പരിധിയില്ലാത്ത വളര്‍ച്ച, അതേസമയം നഷ്ടപ്പെടാതെ മാനുഷിക സ്പര്‍ശവും.

ബിസിനസിന് അപ്പുറം, മനുഷ്യമനസുകളിലേക്ക്

സാമ്പത്തിക സേവനങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല മുത്തൂറ്റ് ഫിന്‍കോര്‍പ് സമൂഹത്തില്‍ സൃഷ്ടിക്കുന്ന സ്വാധീനം. മുത്തൂറ്റ് പാപ്പച്ചന്‍ ഫൗണ്ടേഷന്‍, HEEL ഫൗണ്ടേഷന്‍ എന്നിവയിലൂടെ ഗ്രൂപ്പ് ഹെല്‍ത്ത് കെയര്‍, എഡ്യുക്കേഷന്‍, ലൈവ്‌ലിഹുഡ്, കമ്യൂണിറ്റി വെല്‍ഫയര്‍ തുടങ്ങിയ മേഖലകളില്‍ അര്‍ത്ഥവത്തായ ഒട്ടേറെ ഇടപെടലുകള്‍ നടത്തിവരുന്നു.

സ്‌മൈല്‍ മിഷന്‍ എന്ന വിപ്ലവകരമായ പദ്ധതിയിലൂടെ മുറിച്ചുണ്ട് ബാധിതരായ ഒട്ടേറെ കുട്ടികളുടെ ജീവിതത്തില്‍ നിര്‍ണായക ഇടപെടല്‍ നടത്താന്‍ സാധിച്ചു. ഹെല്‍ത്ത് കെയര്‍ സേവനമാണ് ഇതിലൂടെ നല്‍കുന്നതെങ്കിലും, സമൂഹത്തില്‍ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങള്‍ക്കെതിരെയുള്ള പരോക്ഷമായൊരു പോരാട്ടം കൂടിയാണിത്. കമ്പനിയുടെ ഇഎസ്ജി സമീപനം, സമൂഹത്തില്‍ അര്‍ത്ഥവത്തായ സ്വാധീനവും മികവുറ്റ ഗവേണന്‍സ് സംവിധാനവും കൂടിച്ചേര്‍ന്നുകൊണ്ടുള്ളത് മാത്രമാണ് കമ്പനിയുടെ ദീര്‍ഘകാല വിജയമെന്ന ദര്‍ശനത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.

Blending a 139-year heritage with deep digital transformation and a purpose-driven leadership, Muthoot Fincorp is expanding beyond gold loans to empower India's unserved masses.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com