

കേരളം ആസ്ഥാനമായ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന് കീഴിലുള്ള പ്രമുഖ സ്വര്‍ണ വായ്പാ സ്ഥാപനമായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് (Muthoot FinCorp) ഐ.പി.ഒ വഴി 2,800 കോടി രൂപ സമാഹരിക്കാന്‍ ഒരുങ്ങുന്നുവെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്.
ഓഹരി വില്‍പ്പന ഉപദേശം തേടുന്നതിനായി കമ്പനി ഇപ്പോള്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കര്‍മാരുമായി ചര്‍ച്ച നടത്തിവരികയാണെന്നും ഇതിനായി ബാങ്കര്‍മാരുടെ ഔദ്യോഗിക നിയമനം ഉടന്‍ ഉണ്ടായേക്കുമെന്നുമാണ് ബ്ലൂബെര്‍ഗ് റിപ്പോര്‍ട്ട്. പ്രമോട്ടര്‍മാരുടെ കൈവശമുള്ള ഓഹരികള്‍ ഭാഗികമായി വിറ്റഴിക്കുന്നതിനൊപ്പം പുതിയ ഓഹരികളും ഐപിഒയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ ഐ.പി.ഒ വാര്‍ത്തകള്‍ കമ്പനി ഔദ്യോഗികമായി നിഷേധിച്ചു. ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വിപണിയിലെ വെറും ഊഹാപോഹങ്ങള്‍ (Market Speculations) മാത്രമാണെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് സിഇഒ ഷാജി വര്‍ഗീസ് ധനം ഓണ്‍ ലൈനിനോട് പറഞ്ഞു.
300 ദശലക്ഷം ഡോളര്‍ (ഏകദേശം 2,800 കോടി രൂപ) സമാഹരിക്കാന്‍ ലക്ഷ്യമിട്ട് ഐപിഒയ്ക്ക് ഒരുങ്ങുന്നു എന്ന വാര്‍ത്തകളില്‍ യാതൊരു വാസ്തവമില്ല. ഇത്തരം ഊഹാപോഹങ്ങളോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐപിഒ നടപടികള്‍ക്കായി ഇന്‍വെസ്റ്റ്മെന്റ് ബാങ്കര്‍മാരുമായി ചര്‍ച്ച നടത്തിവരികയാണെന്ന റിപ്പോര്‍ട്ടുകളും അദ്ദേഹം തള്ളി. ഇതുവരെ അത്തരത്തിലുള്ള യാതൊരു നീക്കവും കമ്പനിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. നിലവില്‍ ഐപിഒ പ്ലാന്‍ കമ്പനിയുടെ അജണ്ടയിലില്ലെന്നും ബിസിനസ് വളര്‍ച്ചയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വര്‍ഷം അവസാനത്തോടെ ഓഹരി വിപണിയിലെ ലിസ്റ്റിംഗ് നടക്കാനാണ് സാധ്യതയെന്നും സമയക്രമം അന്തിമമായി നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ മാറ്റങ്ങള്‍ വരാമെന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ കമ്പനി സിഇഒ തന്നെ നേരിട്ട് രംഗത്തെത്തിയതോടെ ഈ അഭ്യൂഹങ്ങള്‍ക്ക് വിരാമമായിരിക്കുകയാണ്.
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് മികച്ച പ്രവര്‍ത്തന നേട്ടം കൈവരിച്ചിരുന്നു. ഡിസംബര്‍ 31-ന് അവസാനിച്ച പാദത്തിലെ കണക്കുകള്‍ പ്രകാരം കമ്പനി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 44.95 ശതമാനം വളര്‍ച്ചയോടെ 64,279.48 കോടി രൂപയായി. വായ്പാ ആസ്തി 31.79 ശതമാനം വളര്‍ച്ചയോടെ 49,998.71 കോടി രൂപയുമായി.
ഈ കാലയളവില്‍ 47.73 ശതമാനം വര്‍ധനയോടെ 1,183.59 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി രേഖപ്പെടുത്തിയത്.
കോ-ലെന്‍ഡിംഗ് ഉള്‍പ്പെടെയുള്ള വായ്പാ വിതരണം 115.86 ശതമാനം ഉയര്‍ന്ന് 1,17,059.70 കോടി രൂപയിലെത്തി. കമ്പനിയുടെ ആകെ വരുമാനം 23.26 ശതമാനം വളര്‍ച്ചയോടെ 7,871.83 കോടി രൂപയായി. അറ്റ നിഷ്‌ക്രിയ ആസ്തി (Net NPA) 0.88 ശതമാനമായി തുടരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine