

മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ മുഖ്യസ്ഥാപനമായ മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡിന് ദി ഇക്കണോമിക് ടൈംസ് ഏർപ്പെടുത്തിയ 'ഫാമിലി ബിസിനസ് ഓഫ് ദ ഇയർ – ലാർജ്' പുരസ്കാരം ലഭിച്ചു. മികച്ച സാമ്പത്തിക പ്രകടനം, ശക്തമായ കോർപ്പറേറ്റ് ഭരണസംവിധാനം, പ്രൊഫഷണൽ മാനേജ്മെന്റ്, തലമുറകളിലൂടെയുള്ള നേതൃത്വ തുടർച്ച എന്നിവ വിജയകരമായി സമന്വയിപ്പിച്ച കുടുംബ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾക്കാണ് ബഹുമതി നൽകുന്നത്.
അംഗീകാരം തലമുറകളായി ഈ സ്ഥാപനത്തെ രൂപപ്പെടുത്തിയ എല്ലാവർക്കും അവകാശപ്പെട്ടതാണെന്ന് മുത്തൂറ്റ് ഫിൻകോർപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ തോമസ് ജോൺ മുത്തൂറ്റ് പറഞ്ഞു. രാജ്യത്തുടനീളമുള്ള സാധാരണക്കാരെ സേവിക്കുന്ന സ്ഥാപനമായി വളരാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെയാണ് അംഗീകാരം വീണ്ടും ഉറപ്പിക്കുന്നതെന്നും തോമസ് ജോൺ മുത്തൂറ്റ് പറഞ്ഞു.
സ്വർണവായ്പയെ ആധാരമാക്കി പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിൽ നിന്ന് സമഗ്ര സാമ്പത്തിക സേവനങ്ങൾ നൽകുന്ന പ്ലാറ്റ്ഫോമായി വളർന്ന യാത്രയ്ക്ക് കരുത്തായത് സ്ഥാപനത്തിന്റെ മുഖമുദ്രയായ അച്ചടക്കവും വൈവിധ്യവൽക്കരണവുമാണെന്ന് മുത്തൂറ്റ് ഫിൻകോർപ്പ് സിഇഒ ഷാജി വർഗീസ് പറഞ്ഞു. ഉപഭോക്താക്കൾക്കും സമൂഹത്തിനും ഉത്തരവാദിത്തത്തോടെ സേവനം നൽകാനുള്ള പ്രചോദനമാണിതെന്നും ഷാജി വർഗീസ് പറഞ്ഞു.
1887-ൽ പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിയിൽ നൈനൻ മത്തായി ആരംഭിച്ച ചെറിയൊരു ധാന്യവ്യാപാര സംരംഭത്തിൽ നിന്നാണ് ബിസിനസ് ഗ്രൂപ്പിന്റെ തുടക്കം. പാപ്പച്ചൻ മുത്തൂറ്റ് രൂപപ്പെടുത്തിയ വിനയം, സത്യസന്ധത, അച്ചടക്കം, സേവനം എന്നീ മൂല്യങ്ങളാണ് ഇന്നും കമ്പനിയുടെ അടിത്തറയായി തുടരുന്നത്. ഇന്ന് 139 വർഷത്തെ പാരമ്പര്യമുള്ള ഗ്രൂപ്പ് ധനകാര്യ സേവനങ്ങൾക്ക് പുറമെ ഹോസ്പിറ്റാലിറ്റി, ഓട്ടോമോട്ടീവ്, റിയൽ എസ്റ്റേറ്റ്, പുനരുപയോഗ ഊർജം തുടങ്ങി വിവിധ മേഖലകളിൽ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന മുത്തൂറ്റ് ഫിൻകോർപ്പിന് ഇന്ത്യയിലുടനീളം 5,610-ലധികം ഓഫീസുകളും 63 ലക്ഷത്തിലധികം ഉപഭോക്താക്കളുമുണ്ട്. അർധനഗര-ഗ്രാമീണ മേഖലകളിലെ സാധാരണക്കാർക്ക് വേഗത്തിൽ സാമ്പത്തിക സഹായം എത്തിക്കുന്നതിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഏകദേശം ₹73,445 കോടിയുടെ ആസ്തിയാണ് (AUM) കമ്പനി കൈകാര്യം ചെയ്യുന്നത്.
ഗ്രൂപ്പിന്റെ വളർച്ചയിലും നേട്ടങ്ങളിലും പുതിയ തലമുറയുടെ സജീവ പങ്കാളിത്തം ശ്രദ്ധേയമാണ്. ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി ആവിഷ്കരിച്ച 'ബ്ലൂ കാർണിവൽ' പദ്ധതി വഴി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവർക്ക് ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായ ഷാരൂഖ് ഖാനെ നേരിൽ കാണാനുള്ള അവസരവും കമ്പനി നൽകുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine