ഓഹരി വിപണിയില്‍ കസറി മുത്തൂറ്റ് മൈക്രോഫിന്‍; കുതിപ്പായത് മികച്ച മൂന്നാംപാദ ഫലം

മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന് കീഴിലുള്ള മുത്തൂറ്റ് മൈക്രോഫിന്‍ 2023-24 സാമ്പത്തിക വര്‍ഷത്തിലെ ഒക്ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ 124.60 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. തൊട്ട് മുന്‍ സാമ്പത്തിക വര്‍ഷത്തിലെ സമാനപാദത്തിലെ 56.9 കോടി രൂപയില്‍ നിന്ന് 119 ശതമാനമാണ് വളര്‍ച്ച. അറ്റ പലിശ വരുമാനം 53.07 ശതമാനം ഉയര്‍ന്ന് 343.07 കോടി രൂപയായി. മുന്‍ വര്‍ഷമിത് 224 കോടി രൂപയായിരുന്നു.

മുത്തൂറ്റ് മൈക്രോഫിന്നിന്റെ മൊത്ത വരുമാനം ഇക്കാലയളവില്‍ 52.61 ശതമാനം വര്‍ധിച്ച് 584.83 കോടി രൂപയായി. മൊത്ത നിഷ്‌ക്രിയ ആസ്തി (GNPA) മുന്‍ വര്‍ഷത്തെ 3.49 ശതമാനത്തില്‍ നിന്ന് 2.29 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്തി 0.97 ശതമാനത്തില്‍ നിന്ന് 0.33 ശതമാനമായും കുറഞ്ഞു. മുത്തൂറ്റ് മൈക്രോഫിന്നിന്റെ അറ്റ പലിശ വരുമാനം (NIM) 11.74 ശതമാനത്തില്‍ നിന്ന് 12.60 ശതമാനമായി. റിട്ടേണ്‍ ഓണ്‍ അസറ്റ് 2.92 ശതമാനത്തില്‍ നിന്ന് 4.47 ശതമാനമായും വര്‍ധിച്ചു.

മൊത്തം വായ്പകള്‍ മുന്‍ സാമ്പത്തിക വര്‍ഷത്തിലെ സമാനപാദത്തിലെ 8,264.59 കോടി രൂപയില്‍ നിന്ന് 11,458.14 കോടി രൂപയായി. 38.64 ശതമാനമാണ് വളര്‍ച്ച. മൊത്തം വായ്പക്കാരുടെ എണ്ണം 32.78 ലക്ഷമായി. ഡിസംബര്‍ 30 വരെയുള്ള കണക്കനുസരിച്ച് മൊത്തം ശാഖകളുടെ എണ്ണം 1,424 ആയി.

പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിലാവും ശ്രദ്ധ പതിപ്പിക്കുകയെന്നും എല്ലാ പ്രദേശങ്ങളിലും സേവനമെത്തിക്കുന്ന കമ്പനി വരും മാസങ്ങളിലേക്കായി തന്ത്രപരമായ വികസന പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും മുത്തൂറ്റ് മൈക്രോഫിന്‍ മാനേജിംഗ് ഡയറക്ടര്‍ തോമസ് മുത്തൂറ്റ് പറഞ്ഞു.

ഓഹരിയില്‍ കുതിപ്പ്

ആസ്തി നിലവാരം മെച്ചപ്പെട്ടതിന്റെ കരുത്തില്‍ മുത്തൂറ്റ് മൈക്രോഫിന്‍ ഓഹരി ഇന്ന് 14 ശതമാനത്തോളം കുതിച്ചുയര്‍ന്ന് 266.55 രൂപ വരെയെത്തി. 52 ആഴ്ചയിലെ താഴ്ചയില്‍ നിന്ന് 17 ശതമാനത്തോളമാണ് ഇന്ന് ഓഹരി ഉയര്‍ന്നത്. എന്നാല്‍ റെക്കോഡ് ഉയരമായ 280.80 രൂപയില്‍ നിന്ന് അഞ്ച് ശതമാനത്തോളം താഴ്ചയിലായിലിരുന്നു. ജനുവരിയില്‍ ഇതു വരെ ഓഹരി മൂന്ന് ശതമാനത്തോളം ഉയര്‍ന്നു. വ്യാപാരാന്ത്യത്തില്‍ ഒമ്പത് ശതമാനത്തോളം ഉയര്‍ന്ന് 254.30 രൂപയിലാണ് ഓഹരിയുള്ളത്.

2023 ഡിസംബറിലാണ് 960 കോടി രൂപയുടെ സമാഹരണ ലക്ഷ്യവുമായി മുത്തൂറ്റ് മൈക്രോഫിന്‍ ഓഹരി വിപണിയിലെത്തിയത്. ഇഷ്യു വിലയേക്കാള്‍ 5.4 ശതമാനം കുറഞ്ഞ് 291 രൂപയിലായിരുന്നു ലിസ്റ്റിംഗ്. ഐ.പി.ഒയ്ക്ക് 11.52 മടങ്ങ് അപേക്ഷകര്‍ ലഭിച്ചെങ്കിലും ലിസ്റ്റിംഗ് ദിനത്തില്‍ ആ ആവേശമുണ്ടായില്ല. ലിസ്റ്റിംഗിന് പിന്നാലെ ചെറുതായി താഴേക്ക് പോയ ഓഹരി പിന്നെ ലിസ്റ്റിംഗ് വിലയ്ക്കടുത്ത് തുടരുകയായിരുന്നു.

ഡിസംബര്‍ പാദത്തില്‍ മുത്തൂറ്റ് മൈക്രോഫിന്‍ കൈകാര്യം ചെയ്യുന്ന ആസ്തി മുന്‍ വര്‍ഷത്തെ 8,264.6 കോടി രൂപയില്‍ നിന്ന് 11,458.10 കോടി രൂപയായി. രാജ്യത്തെ നാലാമത്തെ വലിയ എന്‍.ബി.എഫ്.സി-മൈക്രോഫിനാന്‍സ് സ്ഥാപനമാണ് മുത്തൂറ്റ് മൈക്രോഫിന്‍. ദക്ഷിണേന്ത്യയില്‍ മൂന്നാം സ്ഥാനത്തും.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it