മുത്തൂറ്റ് മൈക്രോഫിന്നിന്റെ ലാഭത്തില്‍ കുതിപ്പ്; മൊത്തം ആസ്തി ₹12,000 കോടി കടന്നു

മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന് കീഴിലുള്ള മുത്തൂറ്റ് മൈക്രോഫിന്നിന്റെ മൊത്ത വരുമാനം 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ മുന്‍ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 45.80 ശതമാനം വര്‍ധിച്ച് 653.42 കോടി രൂപയായി. മുന്‍ വര്‍ഷം ഇത് 448.17 കോടി രൂപയായിരുന്നു. നികുതിക്ക് ശേഷമുള്ള ലാഭം 94.56 കോടി രൂപയില്‍ നിന്ന് 26.65 ശതമാനം വര്‍ധിച്ച് 119.76 കോടി രൂപയായി. നാലാം പാദത്തില്‍ അറ്റ പലിശ വരുമാനം 47.02 ശതമാനം വര്‍ധിച്ച് 272.11 കോടി രൂപയില്‍ നിന്ന് 400.06 കോടി രൂപയിലെത്തി.

സാമ്പത്തിക വര്‍ഷത്തെ വരുമാനവും ലാഭവും

മൊത്ത വരുമാനം മുന്‍ സാമ്പത്തിക വര്‍ഷത്തെ 1,446.34 കോടി രൂപയില്‍ നിന്ന് 58.02 ശതമാനം വര്‍ധിച്ച് 2,285.49 കോടി രൂപയായി. അറ്റ പലിശ വരുമാനം 55.66 ശതമാനം വര്‍ധിച്ച് 874.40 കോടി രൂപയില്‍ നിന്ന് 1,361.10 കോടി രൂപയായി ഉയര്‍ന്നു. നികുതിക്ക് ശേഷമുള്ള ലാഭം 174.32 ശതമാനം വളര്‍ച്ചയോടെ 163.89 കോടി രൂപയില്‍ നിന്ന് 449.58 കോടി രൂപയുമായി.

2023-24 സാമ്പത്തിക വര്‍ഷം കമ്പനിയുടെ മൊത്ത നിഷ്‌ക്രിയ ആസ്തി (GNPA) 2.29 ശതമാനമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 2.97 ശതമാനമായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 0.60 ശതമാനമായിരുന്ന അറ്റ നിഷ്‌ക്രിയ ആസ്തി (NNPA) 0.35 ശതമാനവുമായി.

2023-24 സാമ്പത്തിക വര്‍ഷം കൈകാര്യം ചെയ്യുന്ന ആസ്തികള്‍ (Assets under Management/AUM) 12,193.50 കോടി രൂപയായി ഉയര്‍ന്നു. കമ്പനിയുടെ ചരിത്രത്തിലെ ഏക്കാലത്തെയും ഉയര്‍ന്ന മൂല്യമാണിത്. ഈ കാലയളവില്‍ കമ്പനിയുടെ ലാഭം 2.74 മടങ്ങ് വര്‍ധിച്ചു.

ഓഹരിയിന്ന് നേട്ടത്തില്‍

മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ഓഹരികള്‍ ഇന്ന് നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. 2023 ഡിസംബറിലാണ് മുത്തൂറ്റ് മൈക്രോഫിന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 2.65 ശതമാനം നഷ്ടമാണ് ഓഹരി നിക്ഷേപകര്‍ക്ക് നല്‍കിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരി നേടിയത് 0.23 ശതമാനം നേട്ടം മാത്രം.

Related Articles
Next Story
Videos
Share it