ഐ.പി.ഒയ്‌ക്കൊരുങ്ങി മുത്തൂറ്റ് മൈക്രോഫിന്‍; കരട് രേഖകള്‍ സമര്‍പ്പിച്ചു

മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ മൈക്രോഫിനാന്‍സ് വിഭാഗമായ മുത്തൂറ്റ് മൈക്രോഫിന്‍ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക്(ഐ.പി.ഒ) ഒരുങ്ങുന്നു. ഇതിനായി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യയില്‍ കരട് രേഖ സമര്‍പ്പിച്ചു. 2018 ലും കമ്പനി രേഖകള്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഐ.എല്‍ ആന്‍ഡ് എഫ്.എസ് തട്ടിപ്പുപോലുള്ള കാര്യങ്ങള്‍ സംഭവച്ചതിനെ തുടര്‍ന്ന് വിപണി ചാഞ്ചട്ടത്തിലായിതിനാല്‍ പിന്നീട് പിന്‍വലിക്കുകയായിരുന്നു.

1,350 കോടി രൂപ സമാഹരിക്കും
ഐ.പി.ഒ വഴി 1,350 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 950 കോടി രൂപയുടെ പുതിയ ഓഹരികളും 400 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലുമാണ്(ഓഹരി ഉടമകളുടെ കൈവശമുള്ള ഓഹരികളുടെ വില്‍പ്പന) ഐ.പി.ഒയില്‍ ഉള്‍പ്പെടുത്തുന്നത്. തോമസ് ജോണ്‍ മുത്തൂറ്റ്, തോമസ് മുത്തൂറ്റ്, തോമസ് ജോര്‍ജ് മുത്തൂറ്റ്, പ്രീതി ജോണ്‍ മുത്തൂറ്റ്, റെമ്മി തോമസ്, നൈന ജോര്‍ജ് എന്നിവരുടെ കൈവശമുള്ള 300 കോടി രൂപയുടെ ഓഹരികളും ഗ്രേറ്റര്‍ പസഫിക്കിന്റെ കൈവശമുള്ള 100 കോടി രൂപയുടെ ഓഹരികളും വിറ്റഴിക്കും.
നാലാം സ്ഥാനത്ത്
മൊത്ത വായ്പാ പോര്‍ട്ട്‌ഫോളിയോ പ്രകാരം രാജ്യത്തെ നാലാമത്തെ വലിയ ബാങ്കിംഗ്-ഇതര ധനകാര്യ കമ്പനി-മൈക്രോഫിനാന്‍സ് ഇന്‍സ്റ്റിറ്റിയൂഷനാണ്(എന്‍.ബി.എഫ്.സി-എം.എഫ്.ഐ) മുത്തൂറ്റ് മൈക്രോഫിന്‍. ദക്ഷിണേന്ത്യന്‍ എന്‍.ബി.എഫ്.സി-എം.എഫ്.ഐകളില്‍ മൂന്നാം സ്ഥാനവും വിപണി വിഹിതത്തില്‍ കേരളത്തില്‍ ഒന്നാം സ്ഥാനവുമുണ്ട്.
പ്രമോട്ടര്‍മാര്‍ക്ക് 9.73 ശതമാനം ഓഹരികളും മുത്തൂറ്റ് ഫിന്‍കോര്‍പ്പിന് 51.16 ശതമാനം ഓഹരികളുമുണ്ട്. ഗ്രേറ്റര്‍ പസഫികിന്റെ കൈവശം 21.15 ശതമാനം ഓഹരികളും ക്രീയേഷന്‍ ഇന്‍വെസ്റ്റ്‌മെന്റ് എല്‍.എല്‍.സിക്ക് 8.33 ശതമാനം ഓഹരികളും ബാക്കി ജീവനക്കാര്‍ക്കുമാണ്.
ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ്, ആക്‌സിസ് ക്യാപിറ്റല്‍, ജെ.എം ഫിനാന്‍ഷ്യല്‍, എസ്.ബി.ഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് എന്നിവരാണ് ബുക്ക് റണ്ണിംഗ് മാനേജര്‍മാര്‍.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it