
മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ സ്പോര്‍ട്സ് വിഭാഗമായ മുത്തൂറ്റ് പാപ്പച്ചന്‍ സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ സ്പോര്‍ട്സ് (എം.പി.സി.ഇ.എസ്) യൂറോപ്പിലെ പ്രശസ്ത ഫുട്ബോള്‍ ക്ലബ്ബുകളിലൊന്നായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടുമായി (ബി.വി.ബി) കേരളത്തില്‍ യുവജന പദ്ധതിയ്ക്കായി ധാരണാപത്രം ഒപ്പുവെച്ചു.
കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ഡയറക്ടര്‍ തോമസ് മുത്തൂറ്റും ബി.വി.ബി ഫുട്ബോള്‍ അക്കാദമിയുടെ മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റ്യന്‍ ഡിയേര്‍ക്സുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. പ്രതിഭകളെ പരിപോഷിപ്പിക്കുക, ജീവിത നൈപുണ്യം വളര്‍ത്തുക, പിന്നാക്ക സമൂഹങ്ങളിലേത് ഉള്‍പ്പെടെ യുവ കായിക താരങ്ങള്‍ക്ക് അവസരം നല്‍കുക എന്നിവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യങ്ങള്‍.
ഇന്ത്യയില്‍ ഫുട്ബാളിന് വലിയ സാധ്യതകളുണ്ടെന്നും കഴിഞ്ഞ വര്‍ഷം മലപ്പുറത്തെ മുത്തൂറ്റ് ഫുട്ബാള്‍ അക്കാദമി സന്ദര്‍ശനത്തിലൂടെ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ കായിക മേഖലയോടുള്ള പ്രതിബദ്ധത ബോധ്യമായെന്നും ക്രിസ്റ്റ്യന്‍ ഡിയര്‍ക്സ് പറഞ്ഞു. കളിക്കാരെ കളിക്കളത്തിലും പുറത്തും അവരുടെ കഴിവുകള്‍ ഉപയോഗിക്കാന്‍ സജ്ജരാക്കുമെന്നും അദ്ദേഹം വിശദമാക്കി.
കളിക്കാര്‍ക്കും പരിശീലകര്‍ക്കും ലോകോത്തര പരിശീലന രീതികള്‍, കഴിവുകള്‍ തിരിച്ചറിയാനുള്ള സംവിധാനങ്ങള്‍, ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ ആഗോള വിജ്ഞാന അടിത്തറയിലേക്കുള്ള പ്രവേശനം എന്നിവ നല്‍കുന്ന സമഗ്രമായ പദ്ധതിയിലൂടെ ജര്‍മ്മനിയില്‍ പരിശീലനം നേടുന്നതിനും ലോകമെമ്പാടുമുള്ള ബിവിബി അക്കാദമി ശൃംഖലയുടെ ശൃംഖലയുടെ ഭാഗമാകുന്നതിനും ഇന്ത്യന്‍ പ്രതിഭകള്‍ക്ക് വഴികള്‍ തുറക്കും.
ബൊറൂസിയ ഡോര്‍ട്ട്മുണ്ടുമായുള്ള പങ്കാളിത്തം കളിക്കാരെ വളര്‍ത്തുന്നതിനോടൊപ്പം ഭാവി രൂപപ്പെടുത്തുകയും സാധ്യതകളെ ഉണര്‍ത്തുകയും ചെയ്യുമെന്ന് തോമസ് മുത്തൂറ്റ് പറഞ്ഞു. എംപിസിഇഎസില്‍ അച്ചടക്കം, പ്രതിരോധശേഷി, ഐക്യം എന്നിവ പ്രചോദിപ്പിക്കാന്‍ കായിക രംഗത്തിന് സാധിക്കുമെന്ന് വിശ്വസിക്കുന്നു. പശ്ചാത്തലം പരിഗണിക്കാതെ ഓരോ കുട്ടിക്കും ധൈര്യത്തോടെ സ്വപ്നം കാണാനും അത് സാക്ഷാത്കരിക്കാന്‍ അവസരം നല്‍കുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
എം.പി.ജി സ്പോര്‍ട്സ് പദ്ധതിയിലല്ല, ആളുകളിലാണ് നിക്ഷേപം നടത്തുന്നതെന്ന് ഡയറക്ടര്‍ ഹന്ന മുത്തൂറ്റ് പറഞ്ഞു. ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ വൈദഗ്ധ്യവും ആഗോള വ്യാപ്തിയും കളത്തിനു പുറത്ത് നാളത്തെ നേതാക്കളെ സൃഷ്ടിക്കുന്നതിന് ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അവര്‍ പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine