ഈസ്റ്റേണിന്റെ നവാസ് മീരാന്‍ കേരള ഫുട്‌ബോള്‍ അസോസിയേഷനെ നയിക്കും

കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ (കെ.എഫ്.എ) പ്രസിഡന്റായി പ്രമുഖ വ്യവസായിയും സ്‌പോര്‍സ് സംഘാടനകനുമായ നവാസ് മീരാന്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ നടന്ന കെ.എഫ്.എ ജനറല്‍ ബോഡിയില്‍ എതിരില്ലാതെയായിരുന്നു ജയം. ഗ്രൂപ്പ് മീരാന്‍ ചെയര്‍മാനും ഈസ്റ്റേണ്‍ കോണ്ടിനെന്റ്‌സ് സി.ഇ.ഒയുമാണ് നവാസ് മീരാന്‍.

ഒരു കോടിയിലധികം വരുമാനം നേടുന്ന 200 പ്രൊഫഷണല്‍ കളിക്കാരെ കേരളത്തില്‍ നിന്നും രൂപപ്പെടുത്താനാണ് കെ.എഫ്.എ ലക്ഷ്യമിടുന്നതെന്ന് നവാസ് മീരാന്‍ പറഞ്ഞു. 1.4 ലക്ഷം കളിക്കാര്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതില്‍ 44,000 പേര്‍ കേരളത്തില്‍ നിന്നാണ്. ഇതില്‍ നിന്ന് മികച്ച താരങ്ങളെ രൂപപ്പെടുത്താനാണ് ശ്രമം.
8 പുതിയ സ്റ്റേഡിയങ്ങള്‍
അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കല്‍, മികച്ച പരിശീലകരുടെയും റഫറിമാരുടെയും എണ്ണം കൂട്ടല്‍ എന്നിവയും കെ.എഫ്.എ ലക്ഷ്യമിടുന്നുണ്ട്. കേരളത്തില്‍ വിവിധ സ്റ്റേഡിയങ്ങളുണ്ടെങ്കിലും അവ വിവിധ കായിക ഇനങ്ങള്‍ക്കായാണ്. ഫുട്‌ബോള്‍ നന്നായി ആസ്വദിക്കാവുന്ന വിധത്തിലല്ല അവയുടെ രൂപകല്പ്പന. ഫുട്‌ബോളിനായി മാത്രം എട്ട് സ്റ്റേഡിയങ്ങളെങ്കിലും നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നതായും അദ്ദേഹം ധനത്തോട് പറഞ്ഞു.
സ്‌കോര്‍ലൈന്‍ സ്‌പോര്‍ട്‌സ് എന്ന ഫുട്‌ബോള്‍ ക്ലബിന്റെ അമരക്കാരനുമാണ് നവാസ് മീരന്‍. കെ.എഫ്.എയുടെ അഗീകാരം ലഭിച്ചിട്ടുള്ള ക്ലബാണിത്. കൂടാതെ കേരള സൂപ്പര്‍ലീഗ് എന്ന പേരില്‍ എട്ട് ടീമുകളുടെ ഫുട്‌ബോള്‍ ലീഗ് ആരംഭിക്കുന്നതിലും നവാസ് മീരാന്‍ മുന്നിലുണ്ട്. സാമൂഹ്യ സംരംഭമായി വിഭാവനം ചെയ്യുന്ന ഈ ലീഗ് കളിക്കാര്‍ക്ക് മികച്ച വരുമാനം നല്‍കുക എന്ന ലക്ഷ്യത്തിലാണ് ആരംഭിച്ചിരിക്കുന്നത്. പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ ഈ രംഗത്ത് കൂടുതല്‍ ശ്രമങ്ങള്‍ നടത്തുമെന്നും നവാസ് മീരാന്‍ പറഞ്ഞു.
കെ.എഫ്.എയുടെ നേതൃത്വത്തിലേക്ക് ഒരു വ്യവസായ പ്രമുഖന്‍ എത്തുന്നത് കായിക ലോകം പ്രതീക്ഷയോടെയാണ് കാണുന്നത്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it