സോളാർ മേഖലയിലെ പുതിയ ഡി.സി.ആർ നിബന്ധന: പാനലുകള്‍ക്ക് വില വര്‍ധിക്കും; സാവകാശം നൽകാത്തതിൽ പരക്കെ ആക്ഷേപം

ചൈന ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ആഭ്യന്തര നിർമ്മാണം പ്രോത്സാഹിപ്പിക്കാനും ഈ നീക്കം ദീർഘകാലാടിസ്ഥാനത്തിൽ ഗുണകരമാകുമെങ്കിലും, നിലവിലെ സാഹചര്യത്തിൽ ഇത് സോളാർ വിപണിയിൽ പ്രതിസന്ധി സൃഷ്ടിക്കും
solar projects
Image courtesy: Canva
Published on

ഇന്ത്യയെ സൗരോർജ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പുതിയ പരിഷ്കാരങ്ങൾ സോളാർ വ്യവസായ മേഖലയിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. 2026 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമപ്രകാരം, ഗ്രിഡുമായി ബന്ധിപ്പിക്കുന്ന ഗാർഹിക, വാണിജ്യ, വ്യവസായ (Residential, Commercial, Industrial) സോളാർ പദ്ധതികളിൽ ഇന്ത്യയിൽ നിർമ്മിച്ച സെല്ലുകളും മോഡ്യൂളുകളും അഥവാ ഡിസിആർ (Domestic Content Requirement) പാനലുകൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. മുൻപ് ഗാർഹിക സോളാർ സബ്‌സിഡിക്ക് മാത്രമുണ്ടായിരുന്ന ഈ നിബന്ധന ഇനി എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കുന്നത് വ്യവസായത്തിന് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

സോളാര്‍ വ്യവസായത്തിന് ഇത് വലിയ തിരിച്ചടിയാണ്. ആവശ്യത്തിന് പാനലുകള്‍ ഇല്ലാത്ത സ്ഥിതി വിശേഷമാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിലാണ് ഇന്ത്യയിൽ നിർമ്മിച്ചവ മാത്രമേ ഉപയോഗിക്കാവൂ എന്ന നിയമം വരുന്നത്. നിയമം നടപ്പാക്കി തുടങ്ങുമ്പോള്‍ ഡിമാന്‍ഡ് കൂടുതലും സപ്ലൈ കുറവും എന്ന അവസ്ഥ സൃഷ്ടിക്കപ്പെടും. ഇത് പാനലുകളുടെ വില വര്‍ധനക്ക് കാരണമാകുകയും സോളാര്‍ പദ്ധതികള്‍ക്ക് ചെലവ് കൂടാന്‍ ഇടയാക്കുകയും ചെയ്യും. കുറച്ച് കൂടി സമയം നല്‍കി, ആളുകളെ ബോധവല്‍ക്കരിച്ചായിരുന്നു നിയമം നടപ്പാക്കേണ്ടിയിരുന്നത്. നിലവില്‍ വിപണിയിലുളള ഇറക്കുമതി ചെയ്ത സെല്ലുകള്‍ കെട്ടിക്കിടക്കുന്നതിനും നീക്കം ഇടയാക്കും.

നൗഫൽ റോസൈസ്, മിനിസ്ട്രി-അപ്രൂവ്ഡ് സോളാര്‍ ട്രേഡേഴ്സ് അസോസിയേഷന്‍ (MASTERS) സംസ്ഥാന പ്രസിഡന്റ്

പ്രധാന പ്രതിസന്ധികളും തിരിച്ചടികളും

ലഭ്യതയിലെ കുറവ് (Supply Shortage): സോളാർ മേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഡിസിആർ പാനലുകളുടെ കുറവാണ്. നിലവിൽ ഇന്ത്യയിലെ സെൽ നിർമ്മാണ ശേഷി വിപണിയിലെ ഡിമാൻഡിനനുസരിച്ച് ഉയർന്നിട്ടില്ല. ആവശ്യത്തിന് പാനലുകൾ വിപണിയിൽ ലഭ്യമല്ലാത്ത സമയത്ത് ഇത്തരം കർശന നിയമങ്ങൾ കൊണ്ടുവരുന്നത് പ്രൊജക്റ്റുകൾ വൈകാൻ കാരണമാകുമെന്ന് സോളാര്‍ സിസ്റ്റം സ്ഥാപിക്കാന്‍ സഹായിക്കുന്ന കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു.

നിർമ്മാണ ചെലവ് വർദ്ധിക്കുന്നു: ഇറക്കുമതി ചെയ്യുന്ന പാനലുകളെ അപേക്ഷിച്ച് ഇന്ത്യയിൽ നിർമ്മിച്ച ഡിസിആർ പാനലുകൾക്ക് വില കൂടുതലാണ്. ഗ്രിഡ് കണക്റ്റിവിറ്റി ലഭിക്കണമെങ്കിൽ ഡിസിആർ പാനലുകൾ നിർബന്ധമാക്കുന്നതോടെ പ്രൊജക്റ്റ് ചെലവ് ഗണ്യമായി വർദ്ധിക്കും. ഇത് സോളാർ പ്ലാന്റുകളുടെ സാമ്പത്തിക ലാഭക്ഷമതയെ (Financial Viability) ബാധിക്കുമെന്ന് എറണാകുളം വൈറ്റിലയിലെ പവര്‍സൈന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ മോഹനചന്ദ്രന്‍ കെ. പറഞ്ഞു. സോളാര്‍ സിസ്റ്റങ്ങള്‍ സ്ഥാപിക്കുമ്പോള്‍ ഒരു നിശ്ചിത കാലയളവ് കഴിഞ്ഞാല്‍ മുടക്ക് മുതല്‍ (return of investment) തിരിച്ചു കിട്ടും. പുതിയ സാഹചര്യത്തില്‍ ഈ തുക പ്രൊസ്യുമേഴ്സിന് തിരിച്ചു ലഭിക്കാന്‍ കൂടുതല്‍ സമയം എടുക്കുമെന്നതും പോരായ്മയാണ്. അതേസമയം, ഓഫ്-ഗ്രിഡ് (Off-grid) സംവിധാനങ്ങൾക്ക് ഈ നിബന്ധന ബാധകമല്ല എന്നത് ചെറിയൊരാശ്വാസമാണ്.

വാണിജ്യ-വ്യവസായ മേഖലകൾക്കുള്ള തിരിച്ചടി: മുൻപ് സബ്‌സിഡി ആവശ്യമില്ലാത്ത വാണിജ്യ, വ്യവസായ സ്ഥാപനങ്ങൾക്ക് കുറഞ്ഞ വിലയിൽ ഇറക്കുമതി ചെയ്ത പാനലുകൾ ഉപയോഗിക്കാമായിരുന്നു. എന്നാൽ പുതിയ നിയമം വരുന്നതോടെ ഇവർക്കും വിലകൂടിയ ഡിസിആർ പാനലുകൾ തന്നെ വാങ്ങേണ്ടി വരും. സബ്‌സിഡി ആനുകൂല്യങ്ങൾ ഇല്ലാത്ത ഈ മേഖലകളിൽ നിക്ഷേപം നടത്താൻ പലരും മടിക്കുന്നത് സോളാർ വ്യാപനത്തെ മന്ദഗതിയിലാക്കും.

സജ്ജമാകാൻ സമയക്കുറവ്: ഇന്ത്യൻ നിർമ്മാണ യൂണിറ്റുകൾ പൂർണ ശേഷിയിൽ പ്രവർത്തിക്കാൻ ഇനിയും 3 മുതൽ 4 മാസം വരെ സമയം ആവശ്യമാണ്. അതിനാൽ പെട്ടെന്നുള്ള ഈ നടപ്പിലാക്കൽ ഒഴിവാക്കി, ഘട്ടംഘട്ടമായുള്ള ഒരു മാറ്റമാണ് (Phased implementation) വ്യവസായികൾ ആവശ്യപ്പെടുന്നത്.

കെഎസ്ഇബി നിലപാടുകളും ഗ്രിഡ് പരിമിതികളും

കേരളത്തിൽ കെഎസ്ഇബി (KSEB), കെസിആർസി (KSERC) എന്നിവരുടെ അശാസ്ത്രീയമായ നിയമങ്ങളും സോളാർ ഉടമകളെ പ്രയാസത്തിലാക്കുന്നുണ്ട്. ട്രാൻസ്‌ഫോർമറുകളുടെ ശേഷിക്കുറവ് കാരണം പലയിടത്തും പുതിയ കണക്ഷനുകൾ നൽകാൻ കഴിയുന്നില്ല. ഇതിനൊപ്പം പാനലുകളുടെ വില കൂടി വർദ്ധിക്കുന്നത് സാധാരണക്കാരെ സോളാർ പദ്ധതികളിൽ നിന്ന് അകറ്റാൻ ഇടയാക്കും.

ചൈന ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ആഭ്യന്തര നിർമ്മാണം പ്രോത്സാഹിപ്പിക്കാനും ഈ നീക്കം ദീർഘകാലാടിസ്ഥാനത്തിൽ ഗുണകരമാകുമെങ്കിലും, നിലവിലെ സാഹചര്യത്തിൽ ഇത് സോളാർ വിപണിയിൽ 'സുനാമി'ക്ക് കാരണമായേക്കാമെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആശങ്കപ്പെടുന്നത്. ഈ പ്രതിസന്ധി മറികടക്കാൻ സർക്കാർ കൂടുതൽ ഇളവുകളും സാങ്കേതിക പിന്തുണയും നൽകേണ്ടത് അത്യാവശ്യമാണ്.

India’s new DCR mandate for all grid-connected solar projects from June 2026 is triggering concerns over panel shortages, rising costs, and project delays.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

rooftop solar
rooftop solar
പുരപ്പുറത്തു നിന്ന് സോളാര്‍ പാനല്‍ ഓളപ്പരപ്പിലേക്ക്! ഡാമിലെ വെള്ളത്തിനു മുകളിലും വൈദ്യുതി ഉല്‍പാദനം, വമ്പന്‍ നീക്കവുമായി ഇന്ത്യ, എന്താണ് പുതിയ പദ്ധതി?
rooftop solar
logo
DhanamOnline
dhanamonline.com