

മലബാര്‍ മേഖലയില്‍ നിന്നുള്ള കയറ്റുമതി വര്‍ധിപ്പിക്കുന്നതിന് കരിപ്പൂര്‍ വിമാനത്താവളവും ബേപ്പൂര്‍ തുറമുഖവും കേന്ദ്രീകരിച്ച് പുതിയ പദ്ധതികള്‍ക്ക് നീക്കം. വിദേശത്തേക്കും അന്യസംസ്ഥാനങ്ങളിലേക്കുമുള്ള ചരക്കുനീക്കം സുഗമമാക്കുന്നതിനാണ് കേരള എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തില്‍ കസ്റ്റംസ് വകുപ്പ് ഉള്‍പ്പടെയുള്ള അധികൃതരുടെ സഹായത്തോടെ ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുള്ളത്. കരിപ്പൂര്‍ വിമാനത്താവളത്തെ കാര്‍ഗോ ഹബ് ആക്കുന്നതിനും ബേപ്പൂര്‍ തുറമുഖത്തെ കോസ്റ്റല്‍ ട്രാന്‍സ്ഷിപ്‌മെന്റ് ഹബ്ബാക്കുന്നതിനുമാണ് ശ്രമങ്ങള്‍ നടക്കുന്നത്. കയറ്റുമതി മേഖലയിലെ വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം കോഴിക്കോട് ചേര്‍ന്ന യോഗത്തില്‍ മേഖലാ കസ്റ്റംസ് ആന്റ് സെന്‍ട്രല്‍ എക്‌സൈസ് ചീഫ് കസ്റ്റംസ് കമ്മീഷണര്‍ എസ്.കെ.റഹ്‌മാന്‍ വികസന സാധ്യതകള്‍ പരിഗണിക്കാമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്.
ബേപ്പൂര്‍ തുറമുഖത്തിന് വളരാനുള്ള സാധ്യതകള്‍ ഏറെയാണെന്നും കോസ്റ്റല്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ഹബ്ബാക്കണമെന്നും ആവശ്യപ്പെട്ട് കേരള എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം സെക്രട്ടറി സി.ടി മുന്‍ഷിദ് അലി മേഖലാ ചീഫ് കസ്റ്റംസ് കമ്മീഷണര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ബേപ്പൂര്‍ തുറമുഖത്ത് ഇലക്ട്രോണിക് ഡാറ്റ ഇന്റര്‍ചേഞ്ച് (ഇഡിഐ) സംവിധാനം കൊണ്ടു വരുമെന്ന് കസ്റ്റംസ് ചീഫ് കമ്മീഷണര്‍ ഈ നിവേദനത്തിനുള്ള മറുപടിയായി വ്യക്തമാക്കി. കൊച്ചി തുറമുഖത്തുള്ള സംവിധാനങ്ങള്‍ ഭാവിയില്‍ ബേപ്പൂരിലും കൊണ്ടുവരാനാണ് ആലോചിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. കയറ്റുമതിക്കാവശ്യമായ കണ്ടയ്നറുകളുടെ ദൗർലഭ്യം, കൊച്ചി തുറമുഖത്തെ ഉയര്‍ന്ന ഫീസ്, കോഴിക്കോട് വിമാനത്താവളം വഴിയുള്ള ചരക്കു നീക്കം വികസിപ്പിക്കല്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ മുന്‍ഷിദ് അലി നിവേദനത്തില്‍ ഉന്നയിച്ചിരുന്നു.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള കയറ്റുമതി വര്‍ധിപ്പിക്കുന്നതിന് കേരള എക്‌സപോര്‍ട്ടേഴ്‌സ് ഫോറം മുന്‍കൈയെടുത്ത് പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. പ്രമുഖ കൊറിയര്‍ കമ്പനികളെ ഉള്‍പ്പെടുത്തിയുള്ള കൊറിയര്‍ ഹബ്ബ് ആണ് പ്രധാനമായും ചര്‍ച്ചയിലുള്ളത്. പഴം, പച്ചക്കറി എന്നിവയുടെ കയറ്റുമതിയില്‍ പ്രധാന സ്ഥാനമാണ് നിലവില്‍ കരിപ്പൂര്‍ വിമാനത്താവളത്തിനുള്ളത്. മുംബൈ വിമാനത്താവളം കഴിഞ്ഞാല്‍ ഏറ്റവുമധികം കയറ്റുമതി നടക്കുന്നത് ഇവിടെ നിന്നാണ്. തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള പഴങ്ങളും പച്ചക്കറികളും കരിപ്പൂര്‍ വഴി കയറ്റി അയക്കുന്നുണ്ട്. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇപ്പോഴും കുറവാണ്. പ്രമുഖ ലോജിസ്റ്റിക്‌സ് സ്ഥാപനങ്ങളായ അരാമക്‌സ്, ഡിഎച്ച്എല്‍, ബ്ലൂഡാർട്ട് എന്നിവര്‍ ഇവിടെ നിന്ന് പ്രവര്‍ത്തനം തുടങ്ങാന്‍ താല്‍പര്യമറിയിച്ചിട്ടുണ്ട്. കൊറിയര്‍ ഹബ്ബിനുള്ള സൗകര്യങ്ങളായാല്‍ ആവശ്യമായ പിന്തുണ നല്‍കാമെന്ന് കസ്റ്റംസ് വകുപ്പ് ഉറപ്പ് നല്‍കിയിട്ടുണ്ട്.
കസ്റ്റംസ് ആന്റ് സെട്രല്‍ എക്‌സൈസ് കമ്മീഷണര്‍ എസ്.കെ.റഹ്‌മാനൊപ്പം കൊച്ചി കസ്റ്റംസ് കമ്മീഷണര്‍ ഗുര്‍കരണ്‍ സിംഗ് ബെയ്ന്‍സ്, കസ്റ്റംസ് പ്രിവന്റീവ് ജോയിന്റ് കമ്മീഷണര്‍ ശശികാന്ത് ശര്‍മ, കാലിക്കറ്റ് എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ് മാനേജര്‍ ഉഷാകുമാരി, പ്ലാന്റ് ക്വാറന്റൈന്‍ ഓഫീസര്‍ പി.പ്രകാശ്, കെ.എസ്.ഐ.ഇ കാര്‍ഗോ വിഭാഗം മേധാവി വിവേക് എന്നിവരും വിവിധ സംഘടനാ പ്രതിനിധികളായ സി.ടി മുന്‍ഷിദ് അലി, കെ.എം.ഹമീദ് അലി, സിറാജുദ്ദീന്‍ ഇല്ലത്തൊടി, സുബൈര്‍ കൊളക്കാടന്‍, അനസ് മുല്ലവീട്ടില്‍, ഡോ. മുഹമ്മദ് ഷാഫി തുടങ്ങിയവരും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ സംബന്ധിച്ചിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine