ജര്‍മ്മനിയില്‍ നഴ്‌സിംഗ് ജോലി: നോര്‍ക്ക റൂട്ട്സ് വഴി 100 ഒഴിവുകള്‍; സൗജന്യ പരിശീലനവും താമസവും, ഇപ്പോള്‍ അപേക്ഷിക്കാം

ബി.എസ്.സി നഴ്സിംഗ്, പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിംഗ് അല്ലെങ്കില്‍ ജനറല്‍ നഴ്സിംഗ് പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം
Medical Students in Uniforms with Tablet and Laptop Indoors
Canva
Published on

കേരളത്തിലെ നഴ്‌സുമാര്‍ക്ക് ജര്‍മ്മനിയില്‍ കരിയര്‍ കെട്ടിപ്പടുക്കാന്‍ മികച്ച അവസരം.. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സും (NORKA Roots) ജര്‍മ്മനിയിലെ പ്രമുഖ ഫെയര്‍ റിക്രൂട്ട്മെന്റ് പ്ലാറ്റ്ഫോമായ കെയര്‍ ഗേറ്റ്സും (Care Gates) സംയുക്തമായി സംഘടിപ്പിക്കുന്ന റിക്രൂട്ട്മെന്റിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ജര്‍മ്മനിയിലെ ആശുപത്രികളിലും കെയര്‍ ഹോമുകളിലുമായി 100 ഒഴിവുകളാണുള്ളത്.

യോഗ്യതകള്‍

ബി.എസ്.സി നഴ്സിംഗ്, പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിംഗ് അല്ലെങ്കില്‍ ജനറല്‍ നഴ്സിംഗ് (GNM) പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. ജി.എന്‍.എം കഴിഞ്ഞ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം നിര്‍ബന്ധമാണ്. 2026 മെയ് 31-ന് 36 വയസ്സ് കവിയാന്‍ പാടില്ല.

അപേക്ഷിക്കുന്ന സമയത്ത് ജര്‍മ്മന്‍ ഭാഷാ പരിജ്ഞാനം നിര്‍ബന്ധമില്ല എന്നത് ഈ പദ്ധതിയുടെ വലിയ പ്രത്യേകതയാണ്. നിലവില്‍ ജര്‍മ്മന്‍ ഭാഷയില്‍ ബി1 അല്ലെങ്കില്‍ ബി2 യോഗ്യത (ഫുള്‍ മോഡ്യൂള്‍) നേടിയവര്‍ക്കും അപേക്ഷിക്കാം.

സൗജന്യ പരിശീലനവും താമസവും

അഭിമുഖങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് എറണാകുളം സെന്ററില്‍ വെച്ച് ജര്‍മ്മന്‍ ഭാഷയില്‍ ബി2 ലെവല്‍ വരെ സൗജന്യ പരിശീലനം നല്‍കും. പരിശീലന കാലയളവില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് താമസം, ഭക്ഷണം എന്നിവ സൗജന്യമായിരിക്കും.

ബി2 ലെവല്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജര്‍മ്മനിയിലെ ആശുപത്രികളിലോ കെയര്‍ ഹോമുകളിലോ അസിസ്റ്റന്റ് നഴ്‌സ് ആയി നിയമനം ലഭിക്കും. വിസ പ്രോസസിംഗ്, വിമാന ടിക്കറ്റ് ഉള്‍പ്പെടെയുള്ള എല്ലാ ചെലവുകളും ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യമായിരിക്കും.

ജര്‍മ്മനിയിലേക്കും ജര്‍മ്മന്‍ ഭാഷ സംസാരിക്കുന്ന മറ്റ് രാജ്യങ്ങളിലേക്കും ആരോഗ്യ മേഖലയിലെ പ്രൊഫഷണലുകളെ റിക്രൂട്ട് ചെയ്യുന്നതിനായി നോര്‍ക്ക റൂട്ട്സും കെയര്‍ ഗേറ്റ്സും തമ്മില്‍ 2026 ഫെബ്രുവരിയിലാണ് കരാറില്‍ ഏര്‍പ്പെട്ടത്. ഇതിന്റെ ഭാഗമായാണ് നിലവിലെ റിക്രൂട്ട്മെന്റ് നടപടികള്‍.

താല്‍പ്പര്യമുള്ളവര്‍ക്ക് മാര്‍ച്ച് 28-നകം താഴെ പറയുന്ന വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ച് അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്:

www.norkaroots.kerala.gov.in, http://www.norkaroots.kerala.gov.in, www.nifl.norkaroots.org, http://www.nifl.norkaroots.org

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2770577, 2770536, 2770540, 2770544 (പ്രവൃത്തി ദിനങ്ങളില്‍, ഓഫീസ് സമയത്ത്). 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) വഴിയും ബന്ധപ്പെടാവുന്നതാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com