വടക്കൻ കേരളത്തിന്റെ വികസനത്തിന് ഏഴ് ചേംബറുകൾ കൈകോർക്കുന്നു; പുതിയ സംയുക്ത കൂട്ടായ്മ

വടക്കൻ കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനം, ഗതാഗത സംവിധാനങ്ങൾ, വ്യവസായ വളർച്ച എന്നിവ കൂട്ടായ്മ ത്വരിതപ്പെടുത്തും
Seven leading chambers of commerce in North Kerala have formed joint collective
Published on: 

വടക്കൻ കേരളത്തിലെ വ്യാപാര-വ്യവസായ രംഗത്ത് പുതിയ മുന്നേറ്റം ലക്ഷ്യമിട്ട് മേഖലയിലെ പ്രമുഖ വ്യാപാര-വ്യവസായ സംഘടനകൾ ചേർന്ന് ‘നോര്‍ത്ത് കേരള ചേംബേഴ്സ് ഓഫ് കൊമേഴ്സ് കളക്ടീവ്’ എന്ന സംയുക്ത കൂട്ടായ്മയ്ക്ക് രൂപം നൽകി. വടക്കൻ കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനം, ഗതാഗത സംവിധാനങ്ങൾ, വ്യവസായ വളർച്ച എന്നിവ ത്വരിതപ്പെടുത്തുകയാണ് കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം. വ്യാപാരികളും സംരംഭകരും നേരിടുന്ന പൊതുവായ വെല്ലുവിളികൾക്ക് പരിഹാരം കാണുക, സർക്കാർ തലത്തിലുള്ള നയരൂപീകരണങ്ങളിൽ വാണിജ്യ മേഖലയുടെ ശബ്ദം കൂടുതൽ ശക്തമായി എത്തിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ സംഘടന ഏര്‍പ്പെടും.

മലബാർ ചേംബർ പ്രസിഡന്റ് എം. ഖാലിദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മേഖലയിലെ ഏഴ് പ്രമുഖ ചേംബറുകളുടെ ഭാരവാഹികൾ പങ്കെടുത്തു. ഓരോ ചേംബറിന്റെയും സ്വതന്ത്രമായ അസ്തിത്വം നിലനിര്‍ത്തിക്കൊണ്ടുതന്നെ, പൊതുവായ വികസന വിഷയങ്ങളില്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുമായി ഇടപെടുന്നതിനുള്ള ശക്തമായ ഒരു ഏകീകൃത വേദിയായി ഈ കൂട്ടായ്മ പ്രവര്‍ത്തിക്കും. പ്രാദേശിക വ്യാപാര സംഘടനകൾക്കിടയിൽ ആശയവിനിമയം സുഗമമാക്കാനും, പുതിയ സംരംഭകർക്ക് ആവശ്യമായ മാർഗനിർദ്ദേശങ്ങളും പിന്തുണയും നൽകാനും കൂട്ടായ്മയിലൂടെ സാധിക്കുമെന്നാണ് ഭാരവാഹികളുടെ പ്രതീക്ഷ.

വ്യവസായ പ്രശ്നങ്ങള്‍ സർക്കാരിന്റെ ശ്രദ്ധയിൽ എത്തിക്കും

വടക്കൻ കേരളത്തിന്റെ സാമ്പത്തിക സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി അടിയന്തരമായി പരിഹരിക്കേണ്ട ആറ് പ്രധാന വിഷയങ്ങൾ ഉൾപ്പെടുത്തി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സംയുക്ത നിവേദനം നൽകാൻ കൂട്ടായ്മ തീരുമാനിച്ചു. അടിസ്ഥാന വികസന ആവശ്യങ്ങളും വ്യവസായ പ്രശ്നങ്ങളും സർക്കാരിന്റെ ശ്രദ്ധയിൽ എത്തിക്കാൻ കൂട്ടായ്മ മുൻകൈയെടുക്കും.

കള്ളാടി-മേപ്പാടി തുരങ്കപാത പദ്ധതി വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ അടിയന്തര നടപടി സ്വീകരിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുക, ദേശീയപാത 66 പൂര്‍ത്തീകരണം, വടക്കന്‍ കേരളത്തെ ബന്ധിപ്പിച്ചുകൊണ്ടുള്ള അതിവേഗ റെയില്‍ പാതയ്ക്കായി (ഭാവിയില്‍ വയനാട്ടിലേക്ക് നീട്ടാവുന്ന വിധത്തില്‍) വിശദമായ പദ്ധതി രേഖ തയാറാക്കുകയും ബജറ്റില്‍ തുക വകയിരുത്തുകയും ചെയ്യുക, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആഭ്യന്തര-അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുക, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ പദവി നല്‍കുക, സാഗര്‍മാല പദ്ധതിക്ക് കീഴില്‍ ബേപ്പൂര്‍, അഴീക്കല്‍ തുറമുഖങ്ങളുടെ വികസനം ത്വരിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്.

മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഖാലിദ് എം. (പ്രസിഡന്റ്), മാനുവല്‍ ഉതുപ്പ് (സെക്രട്ടറി), നിത്യാനന്ദ് കാമത്ത് (ഇമ്മീഡിയറ്റ് പാസ്റ്റ് (പ്രസിഡന്റ്), എം. എ. മഹ്ബൂബ് (മുന്‍ പ്രസിഡന്റ്), പി. സക്കീര്‍ (മുന്‍ പ്രസിഡന്റ്), എം അബ്ദുറഹിമാന്‍ (ജോയിന്റ് സെക്രട്ടറി), അജയന്‍ കെ. ആനാട്ട് (മാനേജിംഗ് കമ്മിറ്റി അംഗം), കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് & ഇന്‍ഡസ്ട്രി: അബ്ദുള്ളക്കുട്ടി എ.പി (പ്രസിഡന്റ്), ബോബിഷ് കുന്നത്ത് (സെക്രട്ടറി); നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ്: ഹനീഷ് വാണിയണ്ടി (പ്രസിഡന്റ്), സി. അനില്‍ കുമാര്‍ (സെക്രട്ടറി); വയനാട് ചേംബര്‍ ഓഫ് കൊമേഴ്സ്: ജോണി പട്ടാണി (പ്രസിഡന്റ്), ഫാ. വര്‍ഗീസ് മറ്റമന (സെക്രട്ടറി); മലപ്പുറം ചേംബര്‍ ഓഫ് കൊമേഴ്സ്: കെ. വി. അന്‍വര്‍ (പ്രസിഡന്റ്), അബ്ദുള്‍ സലിം കാരാട്ട് (സെക്രട്ടറി); പാലക്കാട് ചേംബര്‍ ഓഫ് കൊമേഴ്സ്: സൂബിന്‍ സൈമണ്‍ (ജനറല്‍ സെക്രട്ടറി), രത്‌നപ്രഭു ആര്‍. (സെക്രട്ടറി); തിരൂര്‍ ചേംബര്‍ ഓഫ് കൊമേഴ്സ്: പി.പി അബ്ദുള്‍ റഹ്‌മാന്‍ (സെക്രട്ടറി), മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ജോയിന്റ് സെക്രട്ടറി എം. അബ്ദുറഹിമാന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```