നാട് ചുറ്റിക്കാണാന്‍ ഡബിള്‍ ഡെക്കര്‍ തലശേരിയില്‍, പ്രധാന ടൂറിസം കേന്ദ്രങ്ങളെ കണക്ട് ചെയ്യും

തലശേരിയുടെ പൈതൃക കേന്ദ്രങ്ങള്‍ ചുറ്റിക്കറങ്ങി കാണാന്‍ കെ.എസ്.ആര്‍.ടി.സിയുടെ ഡബിള്‍ ഡക്കര്‍ ബസ് എത്തി. ടൂറിസം പാക്കേജിലുള്‍പ്പെടുത്തിയാണ് തിരുവനന്തപുരത്ത് സര്‍വീസ് നടത്തിയിരുന്ന ബസ് തലശേരിയില്‍ എത്തിച്ചിരിക്കുന്നത്.

ഫെബ്രുവരി 22ന് സര്‍വീസ് ഉദ്ഘാടനം ചെയ്യുമെന്നാണ് കരുതുന്നത്. താഴത്തെ നിലയില്‍ 33 പേര്‍ക്കും മുകള്‍ തട്ടില്‍ 30 പേര്‍ക്കും ഇരുന്ന് യാത്ര ചെയ്യും.

തലശേരി കടല്‍പാലം, ജവഹര്‍ഘട്ട്, കോട്ട, ഓടത്തില്‍ പള്ളി, മുഴുപ്പിലങ്ങാടി ബീച്ച്, മാഹി പള്ളി എന്നിങ്ങനെ തലശേരിയിലെ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാകും ഡബിള്‍ ഡക്കര്‍ സര്‍വീസ് നടത്തുക. ബസിന്റെ റൂട്ടും ടിക്കറ്റ് നിരക്കും തീരുമാനമായിട്ടില്ല. നാളെ നടക്കുന്ന മീറ്റിംഗില്‍ തീരുമാനമാകുമെന്നാണ് അറിയുന്നത്. ഒരു ദിവസം അഞ്ച് സര്‍വീസുകള്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്.

തിരുവനന്തപുരത്തിനും കൊച്ചിക്കും പിന്നാലെ

തലസ്ഥാനനഗരിയിലെ കാഴ്ചകള്‍ ചുറ്റിക്കറങ്ങി കാണാന്‍ കെ.എസ്.ആര്‍.ടി. സി അവതരിപ്പിച്ച ഡബിള്‍ ഡക്കര്‍ ബസ് ഹിറ്റായതോടെ സംസ്ഥാനത്തിന്റെ മറ്റ് പല ഭാഗത്തു നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. തലശേരി എം.എല്‍.എയായ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ മുന്‍കൈയെടുത്താണ് ബസ് തലശേരിയിലേക്കെത്തിച്ചത്.

തിരുവനന്തപുരത്ത് രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് നാല് വരെയും വൈകിട്ട് അഞ്ച് മുതല്‍ 10 വരെയുമാണ് ബസ് സര്‍വീസ് നടത്തി വരുന്നത്. ടിക്കറ്റ് നിരക്ക് 250 രൂപയാണ്.

തിരുവനന്തപുരത്ത് സാധാരണ ഡബിള്‍ ഡക്കര്‍ ബസിനു പുറമെ ഇലക്ട്രിക്ക് ഡബിള്‍ ഡക്കര്‍ ബസും സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി കെ.എസ്.ആര്‍.ടി.സിക്കായി തിരുവനന്തപുരം കോര്‍പ്പറേഷനാണ് രണ്ട് ഇലക്ട്രിക് ഓപ്പണ്‍ ഡബിള്‍ ഡെക്കര്‍ ബസ് വാങ്ങി നല്‍കിയത്.

കൊച്ചിയിലും ഡബിള്‍ ഡക്കര്‍ ബസ് ഓടുന്നുണ്ടെങ്കിലും ഇത് യാത്രാ സര്‍വീസായാണ് നടത്തുന്നത്.

Related Articles
Next Story
Videos
Share it