

ഒരു വഴിയിലൂടെ മലയാളികളുടെ നിക്ഷേപം ദുബൈയിലേക്ക് ഒഴുകുമ്പോള്‍, മറ്റൊരു വഴിയിലൂടെ ദുബൈ കമ്പനികള്‍ കേരളത്തില്‍ നിക്ഷേപം നടത്താന്‍ മുന്നോട്ടു വരുന്നു. വിവിധ മേഖലകളില്‍ ദുബൈ ആസ്ഥാനമായ കമ്പനികള്‍ നിക്ഷേപത്തിനായി കേരളത്തെ തെരഞ്ഞെടുക്കുന്നുവെന്നാണ് സമീപകാല നിക്ഷേപ പ്രവണതകള്‍ സൂചിപ്പിക്കുന്നത്.
കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ വെല്ലുവിളികളുള്ള മേഖലകളെ ഒഴിവാക്കി, സര്‍ക്കാര്‍ പിന്തുണയുള്ള പ്രത്യേക സോണുകളിലാണ് ഗള്‍ഫ് കമ്പനികളുടെ നോട്ടം. വര്‍ഷങ്ങളായി ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന മലയാളി ബിസിനസുകാരാണ് കേരളത്തിലെ അനുകൂല സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തുന്നത്. ഇതു വഴി കേരളത്തില്‍ പുതിയ തൊഴില്‍ അവസരങ്ങളും തുറക്കപ്പെടുന്നു.
കേരളത്തില്‍ മാന്ദ്യം നേരിട്ടിരുന്ന റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിന്ന് നിക്ഷേപം ദുബൈ ഉള്‍പ്പടെയുള്ള യുഎഇ എമിറേറ്റുകളിലേക്ക് ഒഴുകുന്നതാണ് സമീപകാല ട്രെന്‍ഡ്. വലുതും ചെറുതുമായ കേരളത്തിലെ നിരവധി ബില്‍ഡര്‍മാര്‍ പുതിയ നിക്ഷേപ അവസരമായി യുഎഇയെ കാണുന്നു. യുഎയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരുടെ പട്ടികയുടെ മുന്‍നിരയില്‍ ശോഭ റിയാല്‍ട്ടി പോലുള്ള മലയാളി കമ്പനികളുണ്ട്. ഈ മാറ്റം കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയെ വലിയ തോതിലാണ് പ്രതികൂലമായി ബാധിച്ചത്.
മലയാളി നിക്ഷേപം ദുബൈയിലേക്ക് കേന്ദ്രീകരിക്കപ്പെട്ടു. റിയല്‍ എസ്റ്റേറ്റിനൊപ്പം വിദ്യാഭ്യാസം, ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകളിലും മലയാളി കമ്പനികളുടെ സജീവ സാന്നിധ്യം യുഎഇയില്‍ ഉണ്ട്. നിക്ഷേപം കടല്‍ കടക്കുമ്പോള്‍ അവിടെ നിന്ന് അത് കേരളത്തിലേക്ക് തിരിച്ചെത്തുന്ന ചില മേഖലകളുമുണ്ട്.
ദുബൈ ആസ്ഥാനമായ എഫ്9 ഇന്‍ഫോടെക് (F9 Infotech) കൊച്ചിയില്‍ ഓഫീസ് തുറന്നത് കഴിഞ്ഞ ആഴ്ചയാണ്. റീട്ടെയില്‍ രംഗത്ത് ലുലു ഇന്റല്‍നാഷണല്‍ പോലുള്ള ഗള്‍ഫിലെ മലയാളി കമ്പനികള്‍ കേരളത്തില്‍ സജീവമാകുമ്പോള്‍, ടെക് മേഖലയില്‍ ചെറിയ ഒട്ടേറെ കമ്പനികള്‍ കേരളത്തില്‍ ഇടം തേടുന്നുണ്ട്. ആഗോള ടെക് വിപണിയുടെ വളര്‍ച്ചയും തെരഞ്ഞെടുത്ത മേഖലകളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രോല്‍സാഹനവുമാണ് ഈ കമ്പനികള്‍ക്ക് ധൈര്യം നല്‍കുന്നത്.
വന്‍കിട കമ്പനികളായ ഷറഫ് ഗ്രൂപ്പ്, ഫാബ് ബാങ്ക്, കെഇഎഫ്, എമ്മാര്‍ പ്രോപ്പര്‍ട്ടീസ്, എത്തിഹാദ് എയര്‍വേയ്‌സ്, എമിറേറ്റ്‌സ് എന്‍ബിഡി, ഡി.പി വേള്‍ഡ് എന്നിവര്‍ ഒട്ടേറെ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്ന പ്രൊജക്ടുകളുമായാണ് എത്തിയിട്ടുള്ളത്. മാനുഫാക്ചറിംഗ്, റിയല്‍ എസ്റ്റേറ്റ്, ഫിന്‍ടെക്, ബാങ്കിംഗ്, ട്രേഡിംഗ്, ലോജിസ്റ്റിക്‌സ്, ഹോസ്പിറ്റാലിറ്റി തുടങ്ങി വിവിധ മേഖലകളിലാണ് ഇത്തരം കമ്പനികളുടെ പ്രവര്‍ത്തനം.
ആഗോള ടെക് കമ്പനിയായ എഫ് 9 ഇന്‍ഫോടെക്, കൊച്ചി പാടിവട്ടത്ത് 50 ജീവനക്കാരുമായാണ് ആദ്യഘട്ട പ്രവര്‍ത്തനം തുടങ്ങിയിട്ടുള്ളത്. വിവിധ വിദേശ കമ്പനികള്‍ക്ക് സൈബര്‍ സെക്യൂരിറ്റി സേവനങ്ങളാണ് നല്‍കുന്നത്. സൗദി അറേബ്യ, യുഎസ്, കാനഡ, അയര്‍ലാന്‍ഡ്, ഇന്തോനേഷ്യ, കെനിയ എന്നിവിടങ്ങളില്‍ കമ്പനി ഓഫീസുകളെ ബന്ധിപ്പിച്ചുള്ള പ്രവര്‍ത്തനമാണ് കൊച്ചിയില്‍ നടത്തുന്നതെന്ന് എഫ്9 ഇന്‍ഫോടെക് സഹസ്ഥാപകനായ രാജേഷ് രാധാകൃഷ്ണന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജയകുമാര്‍ മോഹന ചന്ദ്രന്‍ എന്നിവര്‍ വ്യക്തമാക്കിയിരുന്നു. കേരളത്തിലെ ഐടി കമ്പനികളായ പ്രഗ്മാറ്റിക്, കോഡ് പോയിന്റ്, ഗ്രീന്‍ ആഡ്‌സ് ഗ്ലോബല്‍ എന്നിവയുമായി എഫ് 9 ഇന്‍ഫോടെക് ധാരണാ പത്രങ്ങളും ഒപ്പുവെച്ചിട്ടുണ്ട്.
കേരളത്തിലെ ഇന്‍ഫോ പാര്‍ക്കുകളില്‍ വിദേശനിക്ഷേപത്തിന് തയ്യാറായി ഇടത്തരം കമ്പനികളാണ് എത്തുന്നത്. ഗള്‍ഫിലെ മലയാളി കമ്പനികള്‍ കേരളത്തിലെ അനുകൂല സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തി നിക്ഷേപത്തിനൊരുങ്ങുന്നത് ടെക് മേഖലയില്‍ പ്രത്യേകിച്ചും പുതിയ ചലനങ്ങള്‍ക്ക് വഴിയൊരുക്കുന്നു. ബഹുരാഷ്ട്ര കമ്പനികള്‍ അവരുടെ സൈബര്‍ കണ്‍ട്രോള്‍ റൂമായി കേരളത്തെ ഉപയോഗപ്പെടുത്തുന്ന പ്രവണത വര്‍ധിക്കുന്നതായാണ് പുതിയ കടന്നു വരവുകള്‍ നല്‍കുന്ന സൂചനകള്‍.
Read DhanamOnline in English
Subscribe to Dhanam Magazine