ഓണം പോര്‍ട്ട്‌ഫോളിയോ: നേട്ടം കൊയ്യാന്‍ 5 ഓഹരികള്‍; വി-ഗാര്‍ഡ് മുതല്‍ ഡിസിബി വരെ

ഓണം പോര്‍ട്ട്‌ഫോളിയോ: നേട്ടം കൊയ്യാന്‍ 5 ഓഹരികള്‍; വി-ഗാര്‍ഡ് മുതല്‍ ഡിസിബി വരെ
Nirmal Bang's Kerala Regional Head, V. Raghavan.
Published on

ഓണക്കാലത്ത് വിപണിയിലുണ്ടാകുന്ന ഉണര്‍വ് മുന്നില്‍ക്കണ്ട് പോര്‍ട്ട്‌ഫോളിയോ ക്രമീകരിക്കാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് മികച്ച അവസരമൊരുങ്ങി. വരും മാസങ്ങളില്‍ മികച്ച വളര്‍ച്ചാ സാധ്യതയുള്ള അഞ്ച് പ്രധാന ഓഹരികള്‍ പരിചയപ്പെടുത്തുകയാണ് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ നിര്‍മല്‍ ബാംഗിന്റെ കേരള റീജ്യണല്‍ ഹെഡ് വി. രാഘവന്‍. ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍, ധനകാര്യം, ഫിന്‍ടെക് മേഖലകളിലെ പ്രമുഖ കമ്പനികളാണ് ഈ പട്ടികയിലുള്ളത്.

1. വി-ഗാര്‍ഡ് ഇൻഡസ്ട്രീസ് (V-Guard Industries)

  • നിലവിലെ ഓഹരി വില: ₹314

  • ലക്ഷ്യവില (Target Price): ₹431

മലയാളി ബ്രാന്‍ഡായ വി-ഗാര്‍ഡ് ഇലക്ട്രോണിക്, ഇലക്ട്രിക്കല്‍ ഉപകരണ വില്‍പനയില്‍ ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്. സ്റ്റെബിലൈസറുകള്‍, യുപിഎസ്, സോളാര്‍ പവര്‍ സൊല്യൂഷനുകള്‍, ബാറ്ററികള്‍ എന്നിവയുടെ വിപണി വിഹിതം മെച്ചപ്പെട്ടു. സ്വിച്ച് ഗിയറുകള്‍, പമ്പുകള്‍ എന്നിവയ്ക്കൊപ്പം അടുക്കള ഉപകരണങ്ങള്‍, ഫാനുകള്‍, എയര്‍ കൂളറുകള്‍ എന്നിവയുടെ വില്‍പനയിലും മികച്ച വളര്‍ച്ച രേഖപ്പെടുത്തുന്നു. കേരള വിപണിയിലെ ഉത്സവകാല വില്‍പനയും കമ്പനിക്ക് അനുകൂലമാകും.

2. ഓറിയന്റ് ഇലക്ട്രിക് (Orient Electric)

  • നിലവിലെ ഓഹരി വില: ₹174

  • ലക്ഷ്യവില: ₹255

ഫാനുകള്‍ക്കും വീട്ടുപകരണങ്ങള്‍ക്കും വിപണിയില്‍ ലഭിക്കുന്ന ഉയര്‍ന്ന ഡിമാന്‍ഡ് ഓറിയന്റിന് കരുത്താകുന്നു. ലൈറ്റിങ്, വയറിങ് ബിസിനസുകളിലും കമ്പനി പ്രകടനം മെച്ചപ്പെടുത്തി. പ്രാദേശിക വിപണിക്ക് പുറമേ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും സാര്‍ക്ക് (SAARC) കൂട്ടായ്മയിലെ രാജ്യങ്ങളിലേക്കും കയറ്റുമതി വ്യാപിപ്പിക്കുന്നത് കമ്പനിയുടെ ഭാവി വളര്‍ച്ചയ്ക്ക് ആക്കം കൂട്ടും.

3. എസ്ജി ഫിന്‍സെര്‍വ് (SG Finserve Ltd)

  • നിലവിലെ ഓഹരി വില: ₹680

  • ലക്ഷ്യവില: ₹916

അപ്പോളോ ഗ്രൂപ്പിന് കീഴില്‍ ആര്‍ബിഐ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന നോണ്‍-ബാങ്കിങ് ഫിനാന്‍സ് കമ്പനിയാണിത് (NBFC). ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്ക് (MSME) ആവശ്യമായ വായ്പകളും ധനസഹായങ്ങളും തടസ്സമില്ലാതെ ലഭ്യമാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനിക്ക് ഈ മേഖലയിലെ ഡിമാന്‍ഡ് നേട്ടമാകും.

4. ഡിസിബി ബാങ്ക് (DCB Bank)

  • നിലവിലെ ഓഹരി വില: ₹186

  • ലക്ഷ്യവില: ₹230

വായ്പാ വിതരണത്തിലെ സ്ഥിരതയുള്ള പ്രകടനം ഡിസിബി ബാങ്കിന്റെ വരുമാനത്തില്‍ പ്രതിഫലിക്കുന്നുണ്ട്. പ്രവര്‍ത്തനച്ചെലവുകള്‍ കാര്യക്ഷമമായി നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കുന്നത് ബാങ്കിന്റെ ലാഭക്ഷമത നിരന്തരം ഉയര്‍ത്താന്‍ സഹായിക്കും. ബാങ്കിങ് മേഖലയിലെ മിഡ്‌ക്യാപ് വിഭാഗത്തില്‍ മികച്ച പ്രതിഫല സാധ്യതയുള്ള ഓഹരിയാണിത്.

5. വണ്‍ മൊബിക്വിക് സിസ്റ്റംസ് (One MobiKwik Systems)

  • നിലവിലെ ഓഹരി വില: ₹205

  • ലക്ഷ്യവില: ₹339

ഡിജിറ്റല്‍ ഇടപാടുകള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ മുന്നേറ്റമുണ്ടാക്കുന്ന പ്രമുഖ ഫിന്‍ടെക് കമ്പനിയാണിത്. 18.96 കോടി രജിസ്റ്റേര്‍ഡ് ഉപയോക്താക്കളും 49 ലക്ഷം മര്‍ച്ചന്റുകളും അടങ്ങുന്ന വിശാലമായ ശൃംഖല കമ്പനിക്കുണ്ട്. മൊബിക്വിക് ആപ്പ് വഴിയുള്ള ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ക്ക് പുറമേ 'മൊബിക്വിക് സിപ്പ് ഇഎംഐ' (MobiKwik ZIP EMI) വഴി ധനകാര്യ സേവനങ്ങളും നല്‍കുന്നു. കൂടുതല്‍ കച്ചവടക്കാരെ ശൃംഖലയുടെ ഭാഗമാക്കുന്നതിലും വായ്പാ വിതരണം കൂട്ടുന്നതിലുമാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

(ശ്രദ്ധിക്കുക: ഓഹരി നിക്ഷേപങ്ങള്‍ വിപണിയിലെ നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് സാമ്പത്തിക വിദഗ്ധന്റെ ഉപദേശം തേടുക.)

(ധനം മാഗസീന്‍ 2026 ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്‌.)

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com